Tue Dec 12, 2023 10:56 PM 1ST

Sign In

ഭിന്നശേഷി ദിനാചരണ വാരത്തിൽ കരുതലിന്റെ സന്ദേശവുമായി എൻ.എസ്.എസ്. വളണ്ടിയർമാർ

27 Nov 2026 22:34 IST

enlight media

Share News :

മൂക്കുതല : അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ബി.ആർ.സി. ആസൂത്രണം ചെയ്ത ഒരാഴ്ച നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ PCNGHSS മൂക്കുതല എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിൽ സംഘടിപ്പിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളെ ചേർത്തുനിർത്താനും അവരോടൊപ്പം സന്തോഷം പങ്കിടാനും സൗഹൃദത്തിന്റെയും സമത്വത്തിന്റെയും സന്ദേശം സമൂഹത്തിലേക്ക് പകരാനുമുള്ള പ്രവർത്തനങ്ങളാണ് വാരാഘോഷത്തിന്റെ ഭാഗമായി നടന്നത്.


ആദ്യദിനത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ വീടുകൾ സന്ദർശിച്ച് അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെടികൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. വാർഡ് മെമ്പർ മുസ്തഫ ചാലുപറമ്പിൽ പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികളോടൊപ്പം വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും അവരിൽ സന്തോഷം പകർന്നും വളണ്ടിയർമാർ സന്ദർശനം സ്നേഹനിർഭരമാക്കി.


രണ്ടാം ദിനം വിദ്യാർത്ഥികൾക്കായി പെൻസിൽ ഡ്രോയിങ് മത്സരം സംഘടിപ്പിച്ചു. മൂന്നാം ദിനം ഫ്ലാഷ് മോബും Friendship Handprint എന്ന സൗഹൃദ കൈയൊപ്പ് പ്രവർത്തനവും നടത്തി. വിദ്യാർത്ഥികളും അധ്യാപകരും ഭിന്നശേഷിക്കാരായ കുട്ടികളും ഒരുമിച്ച് കൈയടയാളങ്ങൾ പതിപ്പിച്ച് സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി ക്യാൻവാസ് ഒരുക്കി. വ്യത്യസ്തതകൾക്കപ്പുറം എല്ലാവരെയും ഒരുമിപ്പിക്കുന്ന സ്നേഹത്തിന്റെയും പരസ്പര അംഗീകാരത്തിന്റെയും സന്ദേശമാണ് ഈ പ്രവർത്തനത്തിലൂടെ പങ്കുവച്ചത്.


ബി.ആർ.സി.യുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്ത പ്രവർത്തനങ്ങൾ സ്കൂളിൽ ഏറ്റെടുത്ത് സജീവമായി നടപ്പിലാക്കിയ എൻ.എസ്.എസ്. വളണ്ടിയർമാർ, ഭിന്നശേഷിക്കാരായ കുട്ടികളോടുള്ള കരുതലും സാമൂഹിക ഉത്തരവാദിത്തവും സേവനമനോഭാവവും പ്രവർത്തനങ്ങളിലൂടെ പ്രകടിപ്പിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ സജിത കെ.സി.സ്പെഷ്യൽ എഡ്യൂക്കേറ്റർ സീന വി ജോസഫ്,എൻ.എസ്.എസ്. ലീഡർമാരായ ലെന അൻസിൽ, അക്ഷയ്, ഫിസ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കേവലം ആഘോഷങ്ങളിലൊതുങ്ങാതെ, ഓരോരുത്തരെയും ചേർത്തുനിർത്തുന്ന മനസ്സാണ് യഥാർത്ഥ സാമൂഹിക സേവനമെന്ന സന്ദേശം പരിപാടികൾ പകർന്നു നൽകി.

Follow us on :

More in Related News