Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉഴവൂർ ഡോ. കെ.ആർ. നാരായണൻ സ്മാരക സ്പെഷ്യാലിറ്റി ആശുപത്രിയിൽ സേവന വീഴ്ചകളെന്ന് പരാതി

22 Jun 2026 18:24 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ഉഴവൂർ ഡോ. കെ.ആർ. നാരായണൻ സ്മാരക സ്പെഷ്യാലിറ്റി ആശുപത്രിയിലെ രോഗിസേവനങ്ങളുമായി ബന്ധപ്പെട്ട ഗുരുതരമായ ഭരണപരവും സേവനപരവുമായ വീഴ്ചകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അരീക്കര സ്വദേശി ബെയ്ലോൺ എബ്രാഹം വെട്ടി മറ്റത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി‍ക്ക് നിവേദനം നൽകി.

മഴക്കാല പകർച്ചവ്യാധികൾ വ്യാപകമാകുന്ന സാഹചര്യത്തിൽ ആയിരക്കണക്കിന് സാധാരണക്കാർ ആശ്രയിക്കുന്ന ആശുപത്രിയിൽ അടിസ്ഥാന രോഗിസേവനങ്ങൾ പോലും കാര്യക്ഷമമായി ലഭ്യമാകുന്നില്ലെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. വെളിയന്നൂർ, ഉഴവൂർ, മരങ്ങാട്ടുപിള്ളി, കരൂർ പഞ്ചായത്തുകളിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾ പ്രധാനമായും ഈ ആശുപത്രിയെയാണ് ആശ്രയിക്കുന്നതെന്നും നിവേദനത്തിൽ പറയുന്നു.

ഒ.പി. രജിസ്ട്രേഷൻ കൗണ്ടറുകളിൽ ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കാത്തതിനാൽ രോഗികൾക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ട സാഹചര്യമാണുള്ളതെന്ന് പരാതിയിൽ ആരോപിക്കുന്നു. കൂടാതെ, മുതിർന്ന പൗരന്മാർ, ഗർഭിണികൾ, കുട്ടികൾ എന്നിവർക്കായി പ്രത്യേക കൗണ്ടർ പ്രവർത്തിക്കുന്നതായി അറിയിപ്പുകൾ ഉണ്ടായിട്ടും പ്രായോഗികമായി അത്തരം സംവിധാനം ലഭ്യമല്ലെന്നും ആരോപണമുണ്ട്.

ഫാർമസി വിഭാഗത്തിൽ ജീവനക്കാരുടെ അപര്യാപ്തത മൂലം മരുന്ന് വിതരണം വൈകുന്നതും രോഗികൾക്ക് ദീർഘനേരം കാത്തിരിക്കേണ്ടി വരുന്നതും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരെയും മുതിർന്ന പൗരന്മാരെയും കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നതായും പരാതിയിൽ പറയുന്നു.

രോഗിസൗഹൃദ സേവനങ്ങൾ ഉറപ്പാക്കുന്നതിനായി ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള വിവിധ മാർഗനിർദേശങ്ങളും സർക്കുലറുകളും ആശുപത്രിയിൽ പൂർണമായി പാലിക്കപ്പെടുന്നില്ലെന്ന പരാതിയും നിവേദനത്തിൽ ഉന്നയിച്ചിട്ടുണ്ട്.

ഇക്കാര്യങ്ങളിൽ ആരോഗ്യ വകുപ്പ്, വിജിലൻസ് വിഭാഗം അല്ലെങ്കിൽ സ്വതന്ത്ര വിദഗ്ധ സമിതി ഉൾപ്പെടുന്ന ഉന്നതതല അന്വേഷണ സംഘം രൂപീകരിച്ച് ആശുപത്രിയിലെ യഥാർത്ഥ സേവന സാഹചര്യം വിലയിരുത്തണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. രോഗികളുടെ കാത്തിരിപ്പ് സമയം, ജീവനക്കാരുടെ വിന്യാസം, പ്രത്യേക കൗണ്ടർ പ്രവർത്തനം, ഫാർമസി സേവനങ്ങൾ എന്നിവ സംബന്ധിച്ച് സമഗ്ര ഓഡിറ്റ് നടത്തണമെന്നും, അന്വേഷണ റിപ്പോർട്ട് പൊതുജനങ്ങൾക്ക് ലഭ്യമാക്കി പ്രശ്നങ്ങൾക്ക് സമയബന്ധിത പരിഹാരം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സർക്കാർ ആശുപത്രികളിൽ രോഗിസേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും പൊതുജനങ്ങളുടെ ആരോഗ്യാവകാശം സംരക്ഷിക്കുന്നതിനായി വിഷയത്തിൽ അടിയന്തര സർക്കാർ ഇടപെടൽ അനിവാര്യമാണെന്നും ബെയ്ലോൺ എബ്രാഹം വെട്ടി മറ്റത്തിൽ പ്രസ്താവനയിൽ പറഞ്ഞു.

Follow us on :

More in Related News