Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മഴ തുടങ്ങിയിട്ടും റോഡിലെ വെള്ളക്കെട്ടിന് പരിഹാരമില്ല; യാത്രക്കാർ ദുരിതത്തിൽ

22 Jun 2026 18:57 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: പൊതുമരാമത്ത് വകുപ്പ് കടുത്തുരുത്തി ഡിവിഷന്റെ കീഴിലുള്ള പ്രധാന റോഡുകളിൽ മഴ ശക്തമായതോടെ വെള്ളക്കെട്ട് രൂക്ഷമായി. പല ഭാഗങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നതിനാൽ വാഹനഗതാഗതം തടസപ്പെടുകയും യാത്രക്കാർ വലിയ ദുരിതം അനുഭവിക്കുകയും ചെയ്യുന്നു.

മുൻകാലങ്ങളിൽ മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് റോഡരികിലെ ഓടകൾ വൃത്തിയാക്കി വെള്ളക്കെട്ട് ഒഴിവാക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടികൾ സ്വീകരിച്ചിരുന്നുവെങ്കിലും, ഇത്തവണ പതിവ് അറ്റകുറ്റപ്പണികളും ശുചീകരണ പ്രവർത്തനങ്ങളും വേണ്ടത്ര നടത്താത്തതാണ് നിലവിലെ സാഹചര്യത്തിന് പ്രധാന കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

ചില സ്ഥലങ്ങളിൽ സ്ഥിരപരിഹാരമായി കലുങ്ക് നിർമ്മിച്ച് വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള എസ്റ്റിമേറ്റുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്ന് അറിയുന്നു. എന്നാൽ, നിർമാണ പ്രവർത്തനങ്ങൾക്കാവശ്യമായ തുക ധനവകുപ്പിൽ നിന്ന് ലഭിക്കാത്തതിനാൽ പദ്ധതികൾ നടപ്പാക്കുന്നതിൽ കാലതാമസം നേരിടുകയാണെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

മഴ ശക്തമാകുന്ന സാഹചര്യത്തിൽ വെള്ളക്കെട്ട് കൂടുതൽ രൂക്ഷമാകുന്നതിന് മുമ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം. റോഡിലെ ഓടകൾ വൃത്തിയാക്കുകയും ആവശ്യമായ സ്ഥലങ്ങളിൽ കലുങ്ക് നിർമ്മാണം വേഗത്തിലാക്കുകയും ചെയ്ത് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Follow us on :

More in Related News