Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗസയിലെ 50,000ലധികം കുട്ടികള്‍ക്ക് പോഷാകാഹാര കുറവിന് അടിയന്തര ചികിത്സ വേണമെന്ന് യുഎന്‍ മുന്നറിയിപ്പ്

16 Jun 2024 17:23 IST

- Shafeek cn

Share News :

ഗസ: ഇസ്രായേല്‍ ഗസയില്‍ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണത്തിൽ പട്ടിണിയിലായ ഗസയിലെ 50,000 കുട്ടികള്‍ക്ക് പോഷകാഹാര കുറവിന് അടിയന്തര ചികിത്സ വേണമെന്ന് യുഎന്‍ മുന്നറിയിപ്പ്. പലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടിയുള്ള യു.എന്‍ ഏജന്‍സി, ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേല്‍ നടപടികള്‍ മൂലം ഗസയിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കാന്‍ സാധിക്കുന്നില്ലെന്നും ഏജന്‍സി അറിയിച്ചു.


ജനങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാല്‍, വിനാശകരമായ സാഹചര്യമാണ് പ്രദേശത്ത് നിലനില്‍ക്കുന്നതെന്നും യു.എന്‍ ഏജന്‍സി കൂട്ടിച്ചേര്‍ത്തു. ഗസയിലേക്ക് സഹായമെത്തിക്കുന്നതില്‍ മാത്രമല്ല, അത് വിതരണം ചെയ്യുന്നതിലും പ്രതിസന്ധി നേരിടുന്നുണ്ടെന്ന് യുനിസെഫ് വക്താവ് ജെയിംസ് എല്‍ഡര്‍ പറഞ്ഞു. മറ്റുള്ള യുദ്ധങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് ഗസയിലെ യുദ്ധത്തിലാണെന്നും യുനിസെഫ് വക്താവ് പറഞ്ഞു. കഴിഞ്ഞ ദിവസം 10,000 കുട്ടികള്‍ക്കുള്ള ഭക്ഷ്യവസ്തുക്കളുമായി പോയ ട്രക്കിന് അനുമതി ലഭിച്ചില്ലെന്നും യുനിസെഫ് അറിയിച്ചു.


ഗസ സിറ്റിയില്‍ ഇസ്രായേല്‍ മൂന്നു വീടുകള്‍ക്കുനേരെ നടത്തിയ ബോംബാക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഡസന്‍ കണക്കിനാളുകള്‍ക്ക് പരുക്കേറ്റു. ഇസ്രായേല്‍ ആക്രമണത്തില്‍ രണ്ട് ബന്ദികളും കൊല്ലപ്പെട്ടതായി അല്‍ ഖസാം ബ്രിഗേഡ് അറിയിച്ചു. റഫയില്‍ വിവിധ പ്രദേശങ്ങളില്‍ നിന്ന് ഒമ്പത് പലസ്തീനികളുടെ മൃതദേഹം കണ്ടെടുത്തതായി ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.


തെക്കന്‍ ഗസ മുനമ്പിലെ റഫ നഗരത്തിന് പടിഞ്ഞാറ് താല്‍ അസ്-സുല്‍ത്താനില്‍ നടത്തിയ ആക്രമണത്തില്‍ ഇസ്രായേല്‍ സൈനികരെ കൊലപ്പെടുത്തിയതായി അല്‍ ഖസാം ബ്രിഗേഡ്‌സ് അറിയിച്ചു. ഇവരെ രക്ഷിക്കാനെത്തിയവരെയും വധിച്ചതായും ഖസാം ബ്രിഗേഡ്‌സ് പറഞ്ഞു.


തെക്കന്‍ ഇസ്രായേലിലെ സൂഫ സൈനിക സൈറ്റിനുനേരെയും നെത്സാരിമിലെ ഇസ്രായേല്‍ കമാന്‍ഡ് ആസ്ഥാനത്തിനു നേരെയും ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടന്നതായും അവര്‍ അറിയിച്ചു. ഇസ്രായേല്‍ ഗസയില്‍ നിന്ന് പിന്മാറിയാല്‍ മാത്രമേ ബന്ദിമോചനം സാധ്യമാകൂവെന്ന് പലസ്തീന്‍ ഇസ്‌ലാമിക് ജിഹാദിന്റെ സായുധ വിഭാഗമായ അല്‍-ഖുദ്സ് ബ്രിഗേഡ്സ് പറഞ്ഞിരുന്നു.

അന്താരാഷ്ട്ര സമ്മർദങ്ങൾക്കിടയിലും അക്രമം തുടരുന്ന ഇസ്രായേൽ ഇതുവരെ ഗസയിൽ കൊന്നവരുടെ എണ്ണം 37,000 കവിഞ്ഞു.

Follow us on :

More in Related News