Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മരിക്കുന്നതിന് തൊട്ടുമുൻപും സന്തോഷവതിയായി നൃത്തവും പാട്ടും ; 17–ാം ജന്മദിനം ആഘോഷിച്ച് 2 ആഴ്ച തികയും മുൻപ് വിയോഗം

28 Dec 2025 13:36 IST

NewsDelivery

Share News :

ഷാർജ∙ കളിമുറ്റത്തെ വേഗവും കാൻവാസിലെ വർണ്ണങ്ങളും ബാക്കിവച്ച് പതിനേഴുകാരിയായ ആയിഷ മറിയം വിടവാങ്ങിയത് വിശ്വസിക്കാനാകാതെ പ്രവാസി സമൂഹം വിങ്ങുന്നു. ഷാർജ ഇന്ത്യൻ സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ ഈ മലയാളി പെൺകുട്ടിയെ ഹൃദയസ്തംഭനത്തിന്റെ രൂപത്തിലാണ് മരണം തട്ടിയെടുത്തത്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞായിരുന്നു നാടിനെ നടുക്കിയ ആ വിയോഗം. കായികരംഗത്തും പഠനത്തിലും ഒരുപോലെ തിളങ്ങിയിരുന്ന ആയിഷയ്ക്ക് മുൻപ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നത് വേദനയുടെ ആഴം കൂട്ടുന്നു.

മരണത്തിന് തൊട്ടുമുൻപുള്ള രാത്രി ബന്ധുക്കളോടൊപ്പം പാട്ടും നൃത്തവുമായി ഏറെ സന്തോഷവതിയായിരുന്നു ആയിഷ. പുലർച്ചെ രണ്ട് മണിയോടെയാണ് മയ്സലൂണിലെ ബന്ധുവീട്ടിൽ നിന്ന് അൽ ഫൈഹയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങിയത്. ഉച്ചയ്ക്ക് ഉറക്കമുണർന്ന് ബാത്റൂമിൽ പോയ ആയിഷയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് തറയിൽ തളർന്നുകിടക്കുന്ന നിലയിൽ കണ്ടത്. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്വസനതടസ്സത്തെത്തുടർന്നുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു

ഡിസംബർ 9ന് തന്റെ 17-ാം ജന്മദിനം ആഘോഷിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ വിയോഗം. സ്കൂൾ ഫുട്ബോൾ ടീമിലെ സജീവ സാന്നിധ്യമായിരുന്ന ആയിഷ മികച്ചൊരു ചിത്രകാരി കൂടിയായിരുന്നു. പരേതനായ അബ്ദുൾ ലത്തീഫിന്റെ മകളായ ആയിഷയ്ക്ക് 11 വയസ്സുള്ള സഹോദരനും രണ്ട് വയസ്സുള്ള സഹോദരിയുമാണുള്ളത്. വർഷങ്ങളോളം അൽ ഐനിൽ താമസിച്ചിരുന്ന കുടുംബം രണ്ടു വർഷം മുൻപാണ് ഷാർജയിലേക്ക് മാറിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയായി വരികയാണ്.


അപ്രതീക്ഷിതമായുണ്ടാകുന്ന ഇത്തരം ഹൃദയസ്തംഭനങ്ങൾ കൗമാരക്കാരിലും വർധിച്ചു വരുന്നത് വലിയ ആശങ്കയാണ് പ്രവാസി സമൂഹത്തിൽ ഉണ്ടാക്കുന്നത്. സ്പോർട്സിലും മറ്റും സജീവമായ കുട്ടികൾക്ക് കൃത്യമായ ഇടവേളകളിൽ ഹൃദയപരിശോധന നടത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ആയിഷയുടെ വേർപാട് വിരൽ ചൂണ്ടുന്നത്. കളിചിരികൾ മായാത്ത പ്രായത്തിൽ പ്രിയപ്പെട്ടവരോട് യാത്ര പോലും പറയാതെ മടങ്ങിയ ആയിഷയുടെ വേർപാട് ഷാർജയിലെ പ്രവാസി മലയാളികൾക്ക് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല.

പിതാവ് മുഹമ്മദ്‌ സൈഫ്, മാതാവ് റുബീന സൈഫ്. ഷാർജ പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകും എന്ന് ബന്ധുക്കൾ അറിയിച്ചു. കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിനിയാണ്

Follow us on :

More in Related News