Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൂല്യബോധത്തിന്റെ സന്ദേശവുമായി യു.എ.ഇ മലയാളി അക്ഷരസംഗമം

11 Nov 2026 23:29 IST

Regional Correspondent

Share News :

നിരവധി പുസ്‌തകങ്ങൾ പ്രകാശനം ചെയ്തു


ഷാർജ: പ്രവാസജീവിതത്തിലെ അവസരങ്ങൾക്കൊപ്പം കുടുംബ-സാമൂഹിക ഉത്തരവാദിത്തങ്ങളും വ്യക്തിമൂല്യങ്ങളും ഉയർത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യം ചർച്ചചെയ്ത് 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി സംഘടിപ്പിച്ച ‘യു.എ.ഇ. മലയാളി അക്ഷരസംഗമം–2026’ അക്ഷരങ്ങളെ പ്രണയിക്കുന്ന പ്രവാസി മനസ്സുകള്‍ക്ക് അവിസ്മരണീയ അനുഭവമായിമാറി. വിവിധ എമിറേറ്റുകളിൽ നിന്നുള്ള സാഹിത്യപ്രേമികളും എഴുത്തുകാരും അധ്യാപകരും വിദ്യാർത്ഥികളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്ത സംഗമം പ്രവാസി മലയാളികളുടെ ഭാഷാ-സാഹിത്യ സൗഹൃദത്തിന്റെ വേദിയായി.

ഷാർജ എക്സ്പോ സെന്ററിലെ പ്രധാന വേദിയായ ബോൾറൂമിൽ നടന്ന ബഹുജന സംഗമം എം. അഹമ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്തു. മാതൃഭാഷയോടും സാഹിത്യത്തോടും വായനാസംസ്കാരത്തോടുമുള്ള പ്രവാസി സമൂഹത്തിന്റെ ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഷാര്‍ജാ ബുക്ക് ഫെയറിന് ‍നിര്‍ണായക പങ്കുണ്ടെന്നും അതിന് ഷാര്‍ജാ ഭരണാധികാരിയുടെ ദീര്‍ഘ വീക്ഷണവും സാഹിത്യ ത്തോടുള്ള അഭിനിവേശവുമാണെന്ന് അദ്ദേഹം പറഞ്ഞു.


‘Redefining Life, Restoring Values’ എന്ന വിഷയത്തിൽ ഡോ. സുലൈമാൻ മേൽപ്പത്തൂർ മുഖ്യപ്രഭാഷണം നടത്തി. യു എ ഇ ഗവണ്‍മെന്റ് പ്രഖ്യാപിച്ച ഇയര്‍ ഓഫ് ഫാമിലി ക്യാമ്പയ്ന്റെ പ്രമേയത്തില്‍ ഊന്നിയ പ്രഭാഷണം, പ്രവാസജീവിതത്തിലെ അവസരങ്ങളും കുടുംബത്തോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്തങ്ങളും, തലമുറകൾ തമ്മിലുള്ള ബന്ധം, കുട്ടികളുടെ മൂല്യാധിഷ്ഠിത വളർച്ച, സമ്പാദ്യവും ജീവിതലക്ഷ്യങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥ തുടങ്ങിയ വിഷയങ്ങൾ പ്രതിപാദിച്ചു. ഭൗതിക നേട്ടങ്ങൾക്കപ്പുറം സ്നേഹബന്ധങ്ങളും ഉന്നതമായ മൂല്യങ്ങളും സാമൂഹിക പ്രതിബദ്ധതയുമാണ് അർഥവത്തായ ജീവിതത്തിന്റെ അടിത്തറയെന്നും അദ്ദേഹം ഓർമിപ്പിച്ചു.


ഷാർജ ബുക്ക് അതോറിറ്റി എക്സിക്യുട്ടിവ് മോഹൻ മോഹൻ കുമാർ, ആയിഷ അബ്ദുൽ ബാസിത്ത്, ഡോ. എ.കെ. അബ്ദുൽ ഹമീദ് മദനി, മുജീബ് റഹ്‌മാൻ പാലക്കൽ, യുവത ഡയറക്ടർ ഹാറൂൻ കക്കാട്, നൗഫൽ കെ.എം. മരുത, തൻസീൽ ഷരീഫ്, ജാസ്മിൻ ഷറഫുദ്ധീൻ , പി.ടി. റിയാസുദ്ദീൻ, നദീർ കടവത്തൂർ, സഫാന ഫൈസൽ, പി.എ. സമദ്, അനീസ് ഏറിയാട് തുടങ്ങിയവർ പങ്കെടുത്തു.


ഈ വർഷത്തെ പുസ്തകമേളയുടെ പ്രമേയമായ ‘കഥകളാൽ നിർമ്മിതം’ എന്ന ആശയത്തെ ആസ്പദമാക്കി വിവിധ എമിറേറ്റുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രത്യേക പരിപാടി ശ്രദ്ധേയമായി. കഥകളിലൂടെയും വായനയിലൂടെയും ജീവിതത്തെയും മനുഷ്യബന്ധങ്ങളെയും മനസ്സിലാക്കാനുള്ള സന്ദേശം പകർന്ന അവതരണം കുട്ടികളുടെയും യുവാക്കളുടെയും സർഗാത്മക കഴിവുകൾക്ക് വേദിയൊരുക്കി.


പ്രവാസി കുട്ടികളിൽ മാതൃഭാഷയോടുള്ള താൽപര്യം വളർത്തുക, വായനാശീലം പ്രോത്സാഹിപ്പിക്കുക, മലയാളത്തിന്റെ സാംസ്കാരിക പൈതൃകം പുതുതലമുറയിലേക്ക് കൈമാറുക എന്നീ ലക്ഷ്യങ്ങളോടെ സംഘടിപ്പിച്ച സംഗമം വിവിധ എമിറേറ്റുകളിലെ മലയാളികൾക്ക് ആശയങ്ങളും അനുഭവങ്ങളും പങ്കുവെക്കാനുള്ള അവസരമായി.


യുവത ഇറക്കിയ ശബാബ്: ഷാർജ ബുക്ക് ഫെയർ സ്പെഷ്യൽ പതിപ്പ് ബുക്ക് അതോറിറ്റി എക്സിക്യുട്ടിവ് മോഹൻ മോഹൻ കുമാർ ഉസ്മാൻ കക്കാടിന് നല്കി പ്രകാശനം നിർവഹിച്ചു. കെ.എം മൗലവിയുടെ അല്‍ മുര്‍ഷിദ് , എ. അബ്ദു സലാം സുല്ലമിയുടെ അമ്മ ജുസ്അ്, ഡോ. എൻ. പി.എ. നാസറിന്റെ സർഗാത്മക ബാല്യം: കരുതലാകുന്ന പാരന്റിംഗ്, നദീർ കടവത്തൂരിൻ്റെ കാവൽ: അകം നില്ക്കുന്ന പ്രാർഥനകൾ, എം. അഹമ്മദ് കുട്ടി മദനിയുടെ പുണ്യം നിറഞ്ഞ ഉംറ എന്നീ പുസ്തകങ്ങളും പ്രകാശിതമായി.


കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന യുവത ബുക്സാണ് പരിപാടി സംഘടിപ്പിച്ചത്. കാൽനൂറ്റാണ്ടിലേറെയായി ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ സജീവ സാന്നിധ്യമായ യുവത ബുക്സ് മലയാള പുസ്തകങ്ങളുടെയും വായനാസംസ്കാരത്തിന്റെയും പ്രചാരണത്തിൽ ശ്രദ്ധേയമായ പങ്കുവഹിച്ചുവരുന്നു.

Follow us on :

More in Related News