Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാത്തിരിപ്പിന് വിരാമം; ഒടുവിൽ വ്യാപാരികൾ 'തിരുനക്കരയിലേക്ക്' തിരിച്ചെത്തി

11 Nov 2026 23:12 IST

CN Remya

Share News :

കോട്ടയം: നീണ്ട നാല് വർഷത്തെ കാത്തിരിപ്പിനും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ വ്യാപാരികൾ തിരുനക്കര ബസ് സ്റ്റാൻഡിലേക്ക് തിരിച്ചെത്തി. ഹൈക്കോടതി അനുവദിച്ച അവകാശത്തോടെ വ്യാപാരികൾ താക്കോൽ കൈപ്പറ്റുകയും തിരുനക്കര ബസ് സ്റ്റാൻഡിലേക്ക് തിരികെ പ്രവേശിക്കുകയും ചെയ്തു. നഗരസഭയുടെ നേതൃത്വത്തിൽ കടമുറികളുടെ താക്കോൽ വ്യാപാരികൾക്ക് കൈമാറി. കെട്ടിടത്തിന്റെ ബലക്ഷയം ചൂണ്ടിക്കാട്ടി നാല് വർഷം മുമ്പാണ് നഗരസഭ വ്യാപാരികളെ ഇവിടെനിന്നും ഒഴിപ്പിച്ചത്. എന്നാൽ പുനരധിവാസം നീണ്ടുപോയതോടെ വ്യാപാരികളുടെ ഉപജീവനമാർഗ്ഗം പൂർണമായി തടസ്സപ്പെട്ടു. നഗരസഭയിൽനിന്ന് അനുകൂലമായ നടപടികൾ ഉണ്ടാകാതിരുന്നതിനെ തുടർന്ന് വ്യാപാരികളിൽ ഭൂരിഭാഗവും ഹൈക്കോടതിയെ സമീപിച്ചു. 2025 ജൂൺ 17ന് ബസ് സ്റ്റാൻഡിൽ നിന്ന് ഒഴിപ്പിക്കപ്പെട്ട വ്യാപാരികൾക്ക് സ്വന്തം ചെലവിൽ താത്കാലിക കടമുറികൾ പണിയുവാൻ ഹൈക്കോടതി അനുമതി നൽകി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വ്യാപാരികളുടെ കൂട്ടായ്മ സ്വന്തം കൈയിൽനിന്നും 36 ലക്ഷം രൂപ മുടക്കി താൽക്കാലിക ഷെഡുകളിലായി 36 കടമുറികൾ നിർമ്മിച്ചു.

കടമുറികളുടെ പണി പൂർത്തിയായെങ്കിലും വ്യാപാരികൾക്ക് തുറന്നു പ്രവർത്തിക്കാനുള്ള അനുമതി നഗരസഭ ആദ്യം നൽകിയിരുന്നില്ല. ഇത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി. ഒടുവിൽ എല്ലാ പ്രതിസന്ധികളും പരിഹരിച്ച് വ്യാപാരികൾക്ക് തങ്ങൾ നിർമ്മിച്ച താത്കാലിക കടമുറികളുടെ താക്കോൽ ലഭിച്ചതോടെ തിരുനക്കര ബസ് സ്റ്റാൻഡിലേക്ക് തിരികെ പ്രവേശിക്കുകയായിരുന്നു. വർഷങ്ങളായി ദുരിതത്തിലായിരുന്ന സാധാരണക്കാരായ വ്യാപാരികൾക്ക് വലിയൊരു ആശ്വാസമാണ്.

Follow us on :

More in Related News