Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Oct 2024 06:48 IST
Share News :
കോട്ടയം: സി.പി.എം ഏരിയ സമ്മേളനങ്ങളിൽ ഏഴ് സെക്രട്ടറിമാര്‍ മാറിയേക്കും. മൂന്ന് ടേം പൂര്‍ത്തിയായ വൈക്കം, ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിമാര്‍ക്ക് പകരം പുതിയ ആളുകൾ എത്തും. വൈക്കത്ത് കെ. അരുണന് പകരം സി.പി. ജയരാജ്, കെ.കെ. രഞ്ജിത് എന്നിവരിൽ ഒരാൾ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയേക്കും. ചങ്ങനാശ്ശേരിയില്‍ കെ.സി. ജോസഫിന് പകരം കെ.ഡി. സുഗതനാണ് പരിഗണനയിൽ.
തലയോലപ്പറമ്പ്, കാഞ്ഞിരപ്പള്ളി, പാലാ, കോട്ടയം, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലും സെക്രട്ടറിമാര്‍ക്ക് സ്ഥാനചലനമുണ്ടാകുമെന്നാണ് സൂചന.
ജില്ല നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടാണ് കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ. രാജേഷിനെ മാറ്റുന്നത്. ഇവിടെ ഷമീം അഹമ്മദിനാണ് സാധ്യത. പാലായില്‍ നിലവിലെ സെക്രട്ടറി പി.എം. ജോസഫിനെയും മാറ്റിയേക്കും. ജോയി കുഴിപ്പാല, ഷാര്‍ളി മാത്യു എന്നിവരെയാണ് സെക്രട്ടറിമാരായി പരിഗണിക്കുന്നത്. തലയോലപ്പറമ്പില്‍ കെ. ശെല്‍വരാജിന് പകരം സി.എം. കുസുമന്റെ പേരാണ് പരിഗണിക്കുന്നത്. കോട്ടയത്ത് ബി. ശശികുമാറിനെ ആരോഗ്യപ്രശ്നങ്ങള്‍ ഉയര്‍ത്തി മാറ്റിയേക്കും. അജയന് കെ. മേനോന്, കെ.ആര്. അജയ് എന്നിവരുടെ പേരുകളാണ് പാർട്ടിക്ക് മുന്നിൽ.
കഴിഞ്ഞ തവണ ഏറ്റുമാനൂരിൽ സെക്രട്ടറിയായ ബാബു ജോര്‍ജ് ഇത്തവണ ആരോഗ്യ പ്രശ്നങ്ങളാല്‍ സ്ഥാനമൊഴിയും. എം.എസ്. സാനു, വി. ജയപ്രകാശ് എന്നിവരിൽ ഒരാൾ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയേക്കും. കഴിഞ്ഞ തവണ വോട്ടെടുപ്പിലൂടെ സെക്രട്ടറിയായ പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി. വര്‍ഗീസ് നേതൃത്വത്തിന് അനഭിമതനാണ്. ഇവിടെ പുതിയ സെക്രട്ടറിക്കായി ഔദ്യോഗിക വിഭാഗം കരുനീക്കങ്ങൾ നടത്തിയേക്കും. എന്നാൽ, മത്സരം വന്നാല്‍ രംഗത്ത് ഉറച്ചുനില്‍ക്കാനാണ് സുഭാഷ് പക്ഷത്തിന്റെ തീരുമാനം. ഏതിർപ്പുണ്ടായാൽ സമവായത്തിലൂടെ സുഭാഷിനെ നിലനിർത്താനും സാധ്യതയുണ്ട്.
Follow us on :
Please select your location.