Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Oct 2024 13:59 IST
Share News :
ദോഹ: ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ ട്രോഫിയുമായി സ്ഥിരം വടംവലി കോർട്ടിൽ ഖത്തർമഞ്ഞപ്പട, കിത്വയുമായി സഹകരിച്ച് നടത്തിയ വടംവലി മാമാങ്കം ഖത്തർ ചരിത്രത്തിൽ ഇതുവരെ കാണാത്ത ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി. മെഗാ വടംവലി ടൂർണമെന്റിന്റെ പുരുഷ വിഭാഗത്തിൽ ഏഴടി ഉയരമുള്ള ഭീമൻ ട്രോഫി കരസ്ഥമാക്കി സാക് ഖത്തർ ജേതാക്കളായി. രണ്ടും മൂന്നും സ്ഥാനങ്ങൾ ടീം തിരൂരും ഖത്തർമഞ്ഞപ്പട ദോഹ വാരിയേഴ്സും കരസ്ഥമാക്കി. വനിതാ വിഭാഗത്തിൽ 365 മല്ലു ഫിറ്റ്നസ് ജേതാക്കളായി. രണ്ടാം സ്ഥാനം സ്പോട്ടീവ് ഗ്രിപ്പ്സ്റ്റേഴ്സും മൂന്നാം സ്ഥാനം സംസ്കൃതി ഖത്തറും സ്വന്തമാക്കി.
ഖത്തർ ഇന്ത്യൻ വടംവലി അസോസിയേഷൻ ഖത്തർ ഫൗണ്ടേഷൻ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നിർമിച്ച സ്ഥിരം വടംവലി കോർട്ടിന്റെയും മത്സരങ്ങളുടെയും ഉദ്ഘാടനം ഐ.എസ്.സി മുൻ പ്രസിഡന്റും നിലവിൽ അഡ്വൈസറി ബോർഡ് ചെയർമാനുമായ ഡോ. മോഹൻ തോമസും ഖത്തർ ഡിസ്കസ് ത്രോ താരം അഹമ്മദ് മുഹമ്മദ് ദീപും ചേർന്ന് നിർവഹിച്ചു. ഖത്തർ മഞ്ഞപ്പടയുടെ ഏർണസ്റ്റ് ഫ്രാൻസിസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഖത്തർ ഇന്ത്യൻ വടംവലി അസോസിയേഷൻ ജോ. സെക്രട്ടറി നിശാന്ത് വിജയൻ വിദേശ രാജ്യങ്ങളിലെ ആദ്യത്തെ സ്ഥിരം വടംവലി കോർട്ടിന്റെ സാക്ഷാത്കാരത്തെ കുറിച്ചു വിശദീകരിച്ച് സംസാരിച്ചു. ഖത്തർ മുൻ ഹൈജംബ് താരം മുൻഷീർ, ഇന്ത്യൻ കമ്യൂണിറ്റി നേതാക്കളായ കെ.വി ബോബൻ, ജോപ്പച്ചൻ തെക്കേകുറ്റ്, ഹൈദർ ചുങ്കത്തറ, ഡോ. അബ്ദുൽ സമദ്, ഖിത്വ പ്രസിഡന്റ് സ്റ്റീസൺ കെ മാത്യു, ഷിജു വിദ്യാധരൻ എന്നിവർ ആശംസകൾ അറിയിച്ചു. വിജയികൾക്ക് ഐ.സി.ബി.എഫ് മാനേജ്മെൻറ് കമ്മറ്റി അംഗവും ലോക കേരള സഭാ അംഗവുമായ അബ്ദുൽ റഹൂഫ് കൊണ്ടോട്ടിയും ഖത്തർ മഞ്ഞപ്പട-ഖിത്വ അംഗങ്ങളും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. ശ്യാം പരവൂർ നന്ദി പ്രകാശിപ്പിച്ചു.
കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആരാധകക്കൂട്ടമായ, ലോകം ഉറ്റുനോക്കിയ ഖത്തർ ഫിഫ ലോകകപ്പിന്റെ വേദികളിൽ നിറസാന്നിധ്യമായി മാറിയ ഖത്തർ മഞ്ഞപ്പടയും ഖത്തറിൽ അനവധി വടംവലി ടൂർണമെന്റുകൾക്ക് നേതൃത്വം നൽകിയ ഖത്തർ ഇന്ത്യൻ വടംവലി അസോസിയേഷൻ (ഖിത്വ)യും സംയുക്തമായി സംഘടിപ്പിച്ച ജി.സി.സി രാജ്യങ്ങളിൽ ആദ്യമായി 100 അടി നീളത്തിലും 3 അടി വീതി യിലുമായി തേച്ചു മിനുക്കിയെടുത്ത പ്രഥമ സ്ഥായിയായ കോൺക്രീറ്റ് കോർട്ടിന്റെ ഉത്ഘാടനവും ഖത്തറിന്റെ കായിക മേഖലയിൽ ഇന്നേ വരെ കാണാത്ത 8 അടിയോളം വലിപ്പമുള്ള വിന്നേഴ്‌സ് ട്രോഫിക്കും 7 അടിയോളം വലിപ്പമുള്ള റണ്ണേഴ്‌സ് ട്രോഫിക്കും 5 അടി വലിപ്പമുള്ള മൂന്നാം സ്ഥാനക്കാർക്കു വേണ്ടിയുള്ള ട്രോഫിക്കും മത്സരിച്ച എല്ലാ ടീമുകൾക്കും മറ്റു നിരവധി സമ്മാനങ്ങളും നൽകിയ ആവേശത്തിന്റെ കഥ പറയുന്ന വടം വലി മത്സരത്തിന് ഖത്തറിലെ ഖത്തർ ഫൗണ്ടേഷൻ ക്രിക്കറ്റ് ഗ്രൗണ്ട് സാക്ഷ്യം വഹിച്ചു.
22 പ്രജാപതികളുടെ 550കിലോഗ്രാം വിഭാഗത്തിലുള്ള പുരുഷ വടംവലി മത്സരവും പടുകൂറ്റൻ കനക കീരീടം സ്വന്തമാക്കാൻ 7 വനിതാ ടീമുകളും മത്സരിച്ച വടംവലിക്ക് ഖത്തറിന്റെ മണ്ണ് സാക്ഷ്യം വഹിച്ചു. തിങ്ങി നിറഞ്ഞ കാണികളുടെ കരഘോഷത്തിന്റെയും ആർപ്പുവിളികളുടെയും ആവേശത്തിലാണ് മത്സരം നടന്നത്. ഖത്തർ മഞ്ഞപ്പടയുടെ അംഗങ്ങൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ടൂർണമെന്റ് വീക്ഷിക്കാൻ വന്ന കുടുംബങ്ങൾക്കും കുട്ടികൾക്കും വിവിധ കായിക ഇനങ്ങളിൽ മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.