Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Aug 2026 14:31 IST
Share News :
അരീക്കോട്: അമിതരക്തസ്രാവത്തിന് കാരണമാകുന്ന അപൂർവ രോഗാവസ്ഥയുള്ള യുവതിക്ക് സിസേറിയനൊപ്പം ഗർഭാശയത്തിലെ കൂറ്റൻ മുഴയും വിജയകരമായി നീക്കം ചെയ്ത് അരീക്കോട് ആസ്റ്റർ മിംസിലെ ഗൈനക്കോളജി വിഭാഗം. കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്ത ശേഷം വലിയ വെല്ലുവിളികൾ അതിജീവിച്ചാണ് മെഡിക്കൽ സംഘം അതീവ സങ്കീർണമായ ശസ്ത്രക്രിയ പൂർത്തിയാക്കിയത്.
ഗർഭാശയത്തിന് താഴെ കണ്ടെത്തിയ അഞ്ഞൂറ് ഗ്രാമ ഭാരം വരുന്ന മഴയോടൊപ്പം മറ്റു മുഴകൾ കാരണം യുവതിക്ക് സ്വാഭാവിക പ്രസവം അസാധ്യമായതിനാലാണ് ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചത്. ഇതിനുപുറമെ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകൾ ഗണ്യമായി കുറയുന്ന ക്രോണിക് ത്രോംബോസൈറ്റോപീനിയ കഠിനമായ വിളർച്ചയ്ക്ക് കാരണമാകുന്ന മെഗലോബ്ലാസ്റ്റിക് അനീമിയ എന്നീ ഗുരുതരമായ രോഗാവസ്ഥകളും ഇവരെ അലട്ടിയിരുന്നു. ഈ സാഹചര്യത്തിൽ പ്രത്യേക ചികിത്സയിലൂടെ പ്ലേറ്റ്‌ലെറ്റുകളുടെ അളവും ഹീമോഗ്ലോബിനും വർധിപ്പിച്ച ശേഷമാണ് യുവതിയെ സിസേറിയന് വിധേയമാക്കിയത്. കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്ത് അതിവിദഗ്ധമായി ഗർഭാശയത്തിലെ മുഴയും നീക്കം ചെയ്ത ശേഷം ഭാവിയിൽ വീണ്ടും അമ്മയാകാനുള്ള യുവതിയുടെ ശേഷിയെ ബാധിക്കാത്ത വിധം ഗർഭാശയത്തിന് യാതൊരു കേടുപാടുകളും വരുത്താതെയാണ് ഈ സങ്കീർണ ശസ്ത്രക്രിയ മെഡിക്കൽ സംഘം പൂർത്തിയാക്കിയത്.
സാധാരണയായി സിസേറിയൻ വേളയിൽ ഫൈബ്രോയിഡ് മുഴകൾ നീക്കം ചെയ്യുന്നത് വളരെ അപൂർവമാണ്. ഗർഭകാലത്ത് ഗർഭാശയത്തിലേക്കുള്ള രക്തയോട്ടം കൂടുതലായതിനാൽ അമിത രക്തസ്രാവമുണ്ടാകാനും തുടർന്ന് ജീവൻ രക്ഷിക്കാൻ ഗർഭാശയം തന്നെ നീക്കം ചെയ്യേണ്ടി വരാനുമുള്ള വലിയ സാധ്യതയുണ്ട്. അതുകൊണ്ടാണ് ഇത്തരം രീതികൾ വൈദ്യശാസ്ത്രത്തിൽ സാധാരണയായി ഒഴിവാക്കുന്നതെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഗൈനക്കോളജി വിഭാഗം സ്പെഷ്യലിസ്റ്റ് ഡോ. റഹ്‌ലാന വ്യക്തമാക്കി. ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി സീനിയർ കൺസൾട്ടന്റ് ഡോ. ജലജ രാധാകൃഷ്ണൻ, അനസ്‌തേഷ്യ വിഭാഗം ഡോ. ഷഹീൻ, ഡോ. റനീന എന്നിവരടങ്ങിയ മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. തുടർന്ന് ശസ്ത്രക്രിയയ്ക്ക് ശേഷം അമ്മയും കുഞ്ഞും പൂർണ ആരോഗ്യത്തോടെ ആശുപത്രി വിട്ടു.
സങ്കീർണമായ പ്രസവചികിത്സാ രംഗത്ത് ലോകോത്തര നിലവാരമുള്ള പരിചരണം പ്രാദേശികമായി തന്നെ ലഭ്യമാക്കുകയാണ് തങ്ങളുടെ ദൗത്യം എന്ന് ആസ്റ്റർ മിംസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ റോബിൻ സി.വി പറഞ്ഞു. പ്രദേശവാസികൾക്ക് ആവശ്യമായ മികച്ച ചികിത്സാ സൗകര്യങ്ങൾ സ്വന്തം നാട്ടിൽ ഉറപ്പാക്കാൻ ആശുപത്രി മാനേജ്‌മെന്റ് എന്നും പ്രതിജ്ഞാബദ്ധമാണെന്നും ഇതിന്റെ ഭാഗമായി ഏറ്റവും മികച്ച പരിചരണവും സമഗ്ര ചികിത്സയും ജനങ്ങളിലേക്ക് എത്തിക്കാനാണ് ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റൽ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Follow us on :
Tags:
More in Related News
Please select your location.