Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം ജില്ലയില്‍ പോളിങ് 70.25 ശതമാനം

26 Apr 2024 22:58 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി :ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ 70.25 ശതമാനം പോളിങ്. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ 71.42 ഉം പൊന്നാനിയില്‍ 67.67 ഉം ആണ് പോളിങ് ശതമാനം. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളില്‍ 73 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ജില്ലയിലെ 33,93,884 വോട്ടര്‍മാരില്‍ 23,84,528 പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. 16,96,709 പുരുഷ വോട്ടര്‍മാരില്‍ 11,26,566 പേരും (66.39 ശതമാനം) 16,97,132 സ്ത്രീ വോട്ടര്‍മാരില്‍ 12,57,942 പേരും (74.12 ശതമാനം) വോട്ട് ചെയ്തു. 43 ട്രാന്‍സ്‌ജെന്‍ഡർമാരില്‍ 20 പേരാണ് വോട്ട് രേഖപ്പെടുത്തിയത് (46.51 ശതമാനം). മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ 14,79,921 വോട്ടര്‍മാരില്‍ 10,57,024 ഉം (71.42 ശതമാനം) പൊന്നാനി മണ്ഡലത്തില്‍ 14,70,804 വോട്ടര്‍മാരില്‍ 9,95,396ഉം (67.67 ശതമാനം) പേര്‍ വോട്ട് രേഖപ്പെടുത്തി. വയനാട് മണ്ഡലത്തില്‍ ഉള്‍പ്പെട്ട മലപ്പുറം ജില്ലയിലെ 6,43,210 വോട്ടര്‍മാരില്‍ 4,68,528 പേര്‍ വോട്ടു ചെയ്തു.


ജില്ലയിൽ രാവിലെ 7 മണിക്ക് തന്നെ പോളിങ് ആരംഭിച്ചിരുന്നു.

മിക്ക ബൂത്തുകളിലും രാവിലെ മുതല്‍ തന്നെ വോട്ടര്‍മാരുടെ തിരക്ക് അനുഭവപ്പെട്ടു. കടുത്ത ചൂട് കാലമായതിനാല്‍ കൂടുതല്‍ പേരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താനെത്തി. ഉച്ചയോടെ അല്പം മന്ദഗതിയില്‍ ആയിരുന്നെങ്കിലും വൈകിട്ട് മിക്കയിടങ്ങളിലും വലിയ നിരയുണ്ടായിരുന്നു. ആറ് മണിക്ക് വരിയില്‍ നിന്ന എല്ലാവരെയും വോട്ട് ചെയ്യാന്‍ അനുവദിച്ചു.


ജില്ലയില്‍ ആകെ 2798 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരുന്നത്. മലപ്പുറം മണ്ഡലത്തില്‍ 1215 ഉം പൊന്നാനിയില്‍ 1167 ഉം പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയത്. വയനാട് മണ്ഡലത്തിലുള്‍പ്പെട്ട മൂന്ന് നിയമസഭാ മണ്ഡലങ്ങളിലായി 573 പോളിങ് സ്റ്റേഷനുകളുമുണ്ട്. ജില്ലയില്‍ 80 പോളിങ് സ്റ്റേഷനുകള്‍ നിയന്ത്രിച്ചത് സ്ത്രീകളായിരുന്നു. അംഗ പരിമിതര്‍, യുവ ഓഫീസര്‍മാര്‍ നിയന്ത്രിച്ച രണ്ട് വീതം പോളിങ് സ്റ്റേഷനുകളും ജില്ലയില്‍ ഒരുക്കിയിരുന്നു. നിലമ്പൂര്‍ മണ്ഡലത്തിലെ പുഞ്ചക്കൊല്ലി മോഡല്‍ പ്രീ സ്‌കൂള്‍, ഇരുട്ടുകുത്തിയിലെ വാണിയമ്പുഴ പോളിങ് സ്റ്റേഷന്‍ എന്നിവയാണ് യുവ ഓഫീസര്‍മാര്‍ നിയന്ത്രിച്ചത്. വോട്ടെടുപ്പിന്റെ തത്സമയ നിരീക്ഷണത്തിനായി കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ജില്ലാ ഇലക്ഷന്‍ ഓഫീസറായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ നേതൃത്വത്തില്‍ മുഴുസമയ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചു. മുഴുവന്‍ ബൂത്തുകളിലും ഇത്തവണ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ കണ്‍ട്രോള്‍ റൂം ജില്ലാ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ സജ്ജീകരിച്ചു.


ഏതാനും ബൂത്തുകളിലെ യന്ത്രങ്ങള്‍ക്ക് സാങ്കേതിക തകരാറുകള്‍ സംഭവിച്ചെങ്കിലും ഉടന്‍ പരിഹരിക്കുകയോ യന്ത്രം മാറ്റി നല്‍കുകയോ ചെയ്ത് വേഗത്തില്‍ പരിഹരിച്ചു. വോട്ടെടുപ്പിന് ശേഷം സീല്‍ ചെയ്ത യന്ത്രങ്ങളും മറ്റ് പോളിങ് സാമഗ്രികളും നിര്‍ദ്ദിഷ്ട സ്വീകരണ കേന്ദ്രങ്ങളിലാണ് എത്തിക്കുന്നത്. അവിടെ നിന്ന് സ്‌ട്രോങ് റൂമുകളിലേക്ക് മാറ്റും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ മലപ്പുറം ഗവ. കോളെജ് (മലപ്പുറം മണ്ഡലം), തിരൂര്‍ എസ് .എസ്.എം പോളിടെക്‌നിക് കോളേജ് (പൊന്നാനി മണ്ഡലം), ചുങ്കത്തറ മാര്‍ത്തോമ കോളേജ് (വയനാട് മണ്ഡത്തിലെ മൂന്ന് മണ്ഡലങ്ങള്‍) എന്നിവിടങ്ങളിലാണ് സ്‌ട്രോങ് റൂമുകള്‍ സജ്ജീകരിച്ചത്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍. അതുവരെ കനത്ത സുരക്ഷയില്‍ യന്ത്രങ്ങള്‍ ഇവിടങ്ങളില്‍ സൂക്ഷിക്കും.

Follow us on :

More in Related News