Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം തേഞ്ഞിപ്പലത്ത് വൻ ലഹരി വേട്ട.

12 Feb 2026 11:45 IST

Jithu Vijay

Share News :

മലപ്പുറം : തേഞ്ഞിപ്പലത്ത് വൻ ലഹരി വേട്ട. പൊലീസ് എത്തുന്നത് അറിഞ്ഞ് മാറ്റാൻ ഒരുങ്ങുമ്പോഴാണ് ഒരു കിലോയിലധികം എംഡിഎംഎ പിടിച്ചെടുത്തത്. കാലിക്കറ്റ് സര്‍വകലാശാല ഉള്‍പ്പെടെ കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന് വില്‍ക്കുന്നവരാണ് പ്രതികള്‍. എല്ലാം നിയന്ത്രിച്ചിരുന്ന പ്രധാന പ്രതി ജാസിര്‍ ഒളിവില്‍ പോയി. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു ചേലേമ്പ്ര പൈങ്ങോട്ടൂര്‍ സ്വദേശി ജാസിറിൻ്റെ വീട്ടില്‍ നിന്ന് ഒരു കിലോ പതിനാറ് ഗ്രാം എംഡിഎംഎ കണ്ടെടുത്തത്.


രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പോലീസ് റെയ്ഡ്. ഗോവണിയുടെ താഴെയായിരുന്നു എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. ചില്ലറ വില്‍പ്പനയായിരുന്നു ലക്ഷ്യം. പോലീസ് എത്തിയപ്പോള്‍ ഗൃഹനാഥൻ അസീസും ഭാര്യ കമറുന്നീസയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പരിശോധന തുടരുന്നതിനിടെ അതിവേഗത്തില്‍ ഒരാള്‍ ബൈക്ക് ഓടിച്ച്‌ വീട്ടുമുറ്റത്തെത്തി. പോലീസിനെ കണ്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടര്‍ന്ന പോലീസ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി. എംഡിഎംഎ മറ്റൊരു ഒളിയിടത്തിലേക്ക് മാറ്റാൻ എത്തിയതായിരുന്നു ജാസറിൻ്റെ സുഹൃത്തായ സലാഹുദ്ദീൻ. ലഹരി വച്ച സ്ഥലം വീട്ടുകാര്‍ കാണിച്ചു തരും എന്നാണ് പറഞ്ഞിരുന്നത്.


നിലവില്‍ വീട്ടുകാരൻ അസീസ്, ഭാര്യ കമറുന്നീസ്, സലാഹുദ്ദീൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിലെ വിശദ പരിശോധനയില്‍ 21 ലക്ഷത്തോളം രൂപ കണ്ടെടുത്തു. എംഡിഎംഎ വിറ്റു കിട്ടിയ തുകയെന്നാണ് പ്രാഥമിക നിഗമനം. ഏഴ് ഫോണുകള്‍ കണ്ടെത്തി. രണ്ട് ലാപ്ടോപ്പും പോലീസ് പിടിച്ചെടുത്തു. ലഹരി ചെറിയ അളവില്‍ തൂക്കി വില്‍ക്കാൻ ഉപയോഗിച്ചിരുന്ന അഞ്ച് ത്രാസുകളും പോലീസ് കസ്റ്റഡിയിലെടുത്തു.

Follow us on :

More in Related News