Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാമ്പത്തിക തട്ടിപ്പുകളില്‍ ജാഗ്രത വേണം: പ്രവാസി കമ്മീഷന്‍ അദാലത്ത് മലപ്പുറത്ത് നടന്നു

11 Feb 2026 19:09 IST

Jithu Vijay

Share News :

മലപ്പുറം : പ്രവാസി കമ്മീഷന് മുന്‍പിലെത്തുന്ന പരാതികളില്‍ ഭൂരിഭാഗവും സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ടതാണെന്ന് പ്രവാസി കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് സോഫി തോമസ്. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പ്രവാസി കമ്മീഷന്‍ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. വര്‍ഷങ്ങള്‍ പഴക്കമുള്ള പരാതികള്‍ പോലും അദാലത്തില്‍ പരിഗണനയ്ക്ക് വരുന്നുണ്ടെന്നും കമ്മീഷന്റെ കൃത്യമായ ഇടപെടലിലൂടെ പല കേസുകളിലും കാലതാമസമില്ലാതെ പരിഹാരമുണ്ടാക്കാന്‍ സാധിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. പ്രവാസി മലയാളി എന്ന പേരില്‍ തുടങ്ങുന്ന സംഘടനകളെല്ലാം സര്‍ക്കാര്‍ സംവിധാനങ്ങളാണെന്ന് തെറ്റിദ്ധരിച്ച് പണം നിക്ഷേപിക്കുന്നവര്‍ ചതിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഇത്തരം വ്യാജ സംഘടനകളെ തിരിച്ചറിയാന്‍ പ്രവാസികള്‍ ജാഗ്രത പാലിക്കണമെന്നും ഇതിനെതിരെയുള്ള ബോധവല്‍ക്കരണം കമ്മീഷന്‍ ശക്തമാക്കുമെന്നും ജസ്റ്റിസ് സോഫി തോമസ് പറഞ്ഞു.


വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളും രക്ഷിതാക്കളും യൂണിവേഴ്‌സിറ്റികളുടെ അംഗീകാരവും ജോലി സാധ്യതകളും കൃത്യമായി പരിശോധിക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റിന്റെ 'ഓപ്പറേഷന്‍ ശുഭയാത്ര' പോലുള്ള പദ്ധതികളില്‍ രജിസ്റ്റര്‍ ചെയ്ത് വിവരങ്ങള്‍ തേടുന്നത് തട്ടിപ്പുകള്‍ ഒഴിവാക്കാന്‍ സഹായിക്കും. അനധികൃത റിക്രൂട്ടിങ് ഏജന്‍സികളുടെയും സ്ഥാപനങ്ങളുടെയും ചതിക്കുഴികളെക്കുറിച്ച് പോലീസിനും നോര്‍ക്ക റൂട്ട്‌സിനും വെല്‍ഫെയര്‍ ബോര്‍ഡിനും കൃത്യമായ വിവരങ്ങള്‍ കൈമാറുന്നുണ്ട്. പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി പ്രവാസി പ്രശ്‌നങ്ങളില്‍ വേഗത്തില്‍ പരിഹാരം കാണാനാണ് കമ്മീഷന്‍ ശ്രമിക്കുന്നത്. പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കാലതാമസം കൂടാതെ കമ്മീഷനെ അറിയിക്കണമെന്നും ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.


അദാലത്തില്‍ 75 കേസുകളാണ് പരിഗണിച്ചത് 40 കേസുകളില്‍ പരാതിക്കാര്‍ ഹാജരായി. 25 പുതിയ കേസുകള്‍ കമ്മീഷന് മുന്‍പാകെ എത്തി. നാലു കേസുകള്‍ പരിഹരിച്ചു. ചില കേസുകളില്‍ പോലീസ് റിപ്പോര്‍ട്ട് തേടി. മറ്റുള്ള കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു. കണ്ണൂര്‍- കാസര്‍കോട് ജില്ലകള്‍ക്കുള്ള അദാലത്ത് മാര്‍ച്ച് 10ന് കണ്ണൂരില്‍ നടക്കും. അദാലത്തില്‍ കമ്മീഷന്‍ സെക്രട്ടറി ആര്‍ ജയറാം കുമാര്‍, അംഗങ്ങളായ പി എം ജാബിര്‍, എം എം നയീം തുടങ്ങിയവര്‍ പങ്കെടുത്തു.

Follow us on :

More in Related News