Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തളിപ്പറമ്പിലെ ചരിത്ര പരാജയം; എം വി ഗോവിന്ദനെ ഫേസ്ബുക്കിൽ വിമർശിച്ച പ്രാദേശിക നേതാക്കൾക്കെതിരെ സിപഎം നടപടി; പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷം

03 Jul 2026 09:31 IST

Enlight News Desk

Share News :

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ഉറച്ച കോട്ടയായ തളിപ്പറമ്പ് മണ്ഡലത്തിലുണ്ടായ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ സിപിഎമ്മിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ, മുൻ എംഎൽഎ ജെയിംസ് മാത്യു എന്നിവരെ ലക്ഷ്യമിട്ട് സമൂഹ മാധ്യമങ്ങളിൽ പരസ്യമായി വിമർശനം ഉന്നയിച്ച പ്രാദേശിക നേതാക്കൾക്കെതിരെ കടുത്ത അച്ചടക്ക നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കണ്ണൂർ ജില്ലാ നേതൃത്വം.

കീഴാറ്റൂർ ബ്രാഞ്ച് സെക്രട്ടറി കെ. പി. പ്രകാശൻ, കൂവേരി ലോക്കൽ കമ്മിറ്റി അംഗം ഷൈജു ചാലപ്പുറത്ത് എന്നിവർക്കെതിരെയാണ് പാർട്ടി നിലവിൽ നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രകാശനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയപ്പോൾ, ഷൈജുവിനെ ലോക്കൽ കമ്മിറ്റി അംഗത്വത്തിൽ നിന്നുമാണ് പാർട്ടി പൂർണ്ണമായും ഒഴിവാക്കിയത്. തോൽവിക്ക് പിന്നാലെ പാർട്ടിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജുകളിലും ഗ്രൂപ്പുകളിലും നേതൃത്വത്തിനെതിരെ ഉയർന്ന ജനരോഷത്തിന് പിന്നാലെയാണ് ഈ അടിയന്തര നടപടി


സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ചയും നേതൃത്വത്തിന്റെ വീഴ്ചയും


തളിപ്പറമ്പിലെയും പയ്യന്നൂരിലെയും സ്ഥാനാർത്ഥി നിർണ്ണയത്തിൽ ജില്ലാ കമ്മിറ്റിക്ക് ഗുരുതരമായ വീഴ്ച പറ്റിയെന്ന് എം. വി. ഗോവിന്ദൻ തന്നെ വാർത്താസമ്മേളനത്തിൽ സമ്മതിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് സംസ്ഥാന നേതൃത്വത്തിന്റെ പിടിവാശിയാണ് തിരിച്ചടിക്ക് കാരണമായതെന്ന ആരോപണവുമായി പ്രാദേശിക ഘടകങ്ങൾ രംഗത്തെത്തിയത്. ജില്ലാ കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും സ്ഥാനാർത്ഥികളെ മാറ്റണമെന്ന് ശക്തമായി ആവശ്യപ്പെട്ടിട്ടും അത് അംഗീകരിക്കാൻ സംസ്ഥാന നേതൃത്വം തയ്യാറായില്ലെന്നാണ് അണികളുടെ പ്രധാന ആക്ഷേപം. പാർട്ടി സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ നേരിട്ട് പങ്കെടുത്ത കമ്മിറ്റിയിൽ പോലും ജില്ലാ ഘടകം കൃത്യമായ നിലപാടാണ് സ്വീകരിച്ചതെന്നും, എന്നാൽ താഴെത്തട്ടിലുള്ള വികാരം മാനിക്കാതെ നേതൃത്വം എടുത്ത ഏകപക്ഷീയമായ തീരുമാനമാണ് ഇപ്പോഴത്തെ ദയനീയ പരാജയത്തിന് കാരണമായതെന്നും പുറത്താക്കപ്പെട്ട നേതാക്കൾ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തിയിരുന്നു.

തളിപ്പറമ്പിൽ ഇത്തവണ സിപിഎമ്മിന്റെ കുത്തക തകർത്തുകൊണ്ട് യുഡിഎഫ് (UDF) പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ടി. കെ. ഗോവിന്ദനാണ് ചരിത്ര വിജയം നേടിയത്. പാർട്ടിക്കുള്ളിലെ ജനാധിപത്യ തകർച്ചയ്ക്കും കുടുംബ ആധിപത്യത്തിനുമെതിരെ താഴെത്തട്ടിലുള്ള സഖാക്കൾക്കിടയിൽ തന്നെയുണ്ടായ കടുത്ത അമർഷമാണ് തന്റെ വിജയത്തിന് പിന്നിലെന്ന് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട ടി. കെ. ഗോവിന്ദൻ വ്യക്തമാക്കുകയുണ്ടായി. മുൻപ് എം. വി. ഗോവിന്ദൻ ഇരുപത്തിരണ്ടായിരത്തിലധികം വോട്ടുകൾക്ക് വിജയിച്ച മണ്ഡലത്തിലാണ് ഇത്തവണ പാർട്ടിക്ക് പതിനായിരത്തിലധികം വോട്ടുകളുടെ വൻ പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്

നിലവിൽ ലോക്കൽ-ബ്രാഞ്ച് നേതാക്കൾക്കെതിരെ നടപടിയെടുത്ത് താൽക്കാലികമായി പ്രതിസന്ധി പരിഹരിക്കാൻ നേതൃത്വം ശ്രമിക്കുന്നുണ്ടെങ്കിലും, കണ്ണൂരിലെ പാർട്ടിക്കുള്ളിൽ പുകയുന്ന വിഭാഗീയത വരും ദിവസങ്ങളിൽ കൂടുതൽ പരസ്യമായ തർക്കങ്ങളിലേക്ക് വഴിമാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

കേരള ഐടി നയം 2026: AI മിഷൻ മുതൽ സെമികണ്ടക്ടർ വരെ; കേരളം ഇന്ത്യയുടെ അടുത്ത ടെക് ഹബ്ബാകാൻ ഒരുങ്ങുന്നോ?

Follow us on :

More in Related News