Tue Dec 12, 2023 10:56 PM 1ST

Location  

Sign In

താമരശ്ശേരിയിലെ 'ഫ്രഷ് കട്ട് ഓർഗാനിക് പ്രൊഡക്ട്സ്' അടച്ചുപൂട്ടാൻ ഉത്തരവ്

05 Aug 2026 21:30 IST

NewsDelivery

Share News :

കോഴിക്കോട്: ഗുരുതരമായ മലിനീകരണ പരാതികളെ തുടർന്ന് താമരശ്ശേരി കട്ടിപ്പാറ അമ്പായത്തോട് പ്രവർത്തിച്ചിരുന്ന 'ഫ്രഷ് കട്ട് ഓർഗാനിക് പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന കോഴി അറവ് മാലിന്യ സംസ്കരണ യൂണിറ്റ് അടച്ചുപൂട്ടാൻ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിട്ടു. സ്ഥാപനത്തിന്റെ എല്ലാ പ്രവർത്തനങ്ങളും അടിയന്തരമായി നിർത്തിവയ്ക്കാൻ ബോർഡ് ചെയർപേഴ്സൺ പുറത്തിറക്കിയ ക്ലോഷർ ഓർഡറിൽ നിർദേശിച്ചിട്ടുണ്ട്.


സ്ഥാപനത്തിൽ നിന്നുള്ള മാലിന്യം സമീപ പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തി ഗുരുതരമായ പരിസ്ഥിതി മലിനീകരണവും ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കുന്നതായി നാട്ടുകാർ വർഷങ്ങളായി പരാതി ഉന്നയിച്ചിരുന്നു. മലിനീകരണ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ സ്ഥാപനം പരാജയപ്പെട്ടതിനെ തുടർന്നാണ് ബോർഡ് കർശന നടപടിയിലേക്ക് കടന്നത്.


1974-ലെ ജല മലിനീകരണ (തടയലും നിയന്ത്രണവും) നിയമം സെക്ഷൻ 33A, 1981-ലെ വായു മലിനീകരണ (തടയലും നിയന്ത്രണവും) നിയമം സെക്ഷൻ 31A എന്നിവ പ്രകാരം ലഭിച്ച പ്രത്യേക അധികാരങ്ങൾ ഉപയോഗിച്ചാണ് സ്ഥാപനം പൂർണമായും അടച്ചുപൂട്ടാൻ ഉത്തരവിട്ടത്.


നേരത്തെ 1986-ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം സ്ഥാപനത്തിനെതിരെ പിഴ ചുമത്തിയിരുന്നെങ്കിലും, മലിനീകരണം തുടർന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇപ്പോഴത്തെ നടപടി.


ജനങ്ങളുടെ വർഷങ്ങളായുള്ള സമരങ്ങൾക്കും പരാതികൾക്കും ഒടുവിലാണ് സർക്കാർ നടപടി സ്വീകരിച്ചതെന്ന് പി.കെ. ഫിറോസ് എംഎൽഎ പറഞ്ഞു. കൊടുവള്ളി നിയോജകമണ്ഡലത്തിലെ താമരശ്ശേരി, കട്ടിപ്പാറ, ഓമശ്ശേരി പഞ്ചായത്തുകളെയും തിരുവമ്പാടി നിയോജകമണ്ഡലത്തിലെ കോടഞ്ചേരി പഞ്ചായത്തിനെയും വർഷങ്ങളായി ബാധിച്ചിരുന്ന പ്രശ്നത്തിന് പരിഹാരമാകുന്ന നടപടിയാണിതെന്നും, ജനങ്ങളുടെ ആരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്ന സുപ്രധാന തീരുമാനമാണിതെന്നും അദ്ദേഹം പ്രതികരിച്ചു.

Follow us on :

More in Related News