Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുറ്റിപ്പുറം ബസ് അപകടം: അമിതവേഗതയും 'ഹൈഡ്രോപ്ലെയിനിങും' കാരണമെന്ന് എംവിഡി റിപ്പോർട്ട്

05 Aug 2026 22:58 IST

NewsDelivery

Share News :

മലപ്പുറം: കുറ്റിപ്പുറത്ത് ദേശീയപാതയിൽ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിന് കാരണം ഡ്രൈവറുടെ അമിതവേഗതയാണെന്ന് മോട്ടോർ വാഹന വകുപ്പ് (എംവിഡി) കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് ഗതാഗത കമ്മീഷണർക്ക് സമർപ്പിച്ചു.

അപകടസ്ഥലത്തെ തുടർച്ചയായ രണ്ട് വളവുകളിൽ മണിക്കൂറിൽ പരമാവധി 50 കിലോമീറ്റർ വേഗത മാത്രമാണ് അനുവദിച്ചിരുന്നത്. എന്നാൽ അപകടത്തിൽപ്പെട്ട ബസ് ഇതിന്റെ ഇരട്ടി വേഗതയിലാണ് സഞ്ചരിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.

മഴയുള്ള സമയത്ത് അമിതവേഗതയിൽ വളവുകൾ തിരിക്കാൻ ശ്രമിച്ചതോടെ റോഡും ടയറും തമ്മിലുള്ള ഘർഷണം നഷ്ടപ്പെടുന്ന 'ഹൈഡ്രോപ്ലെയിനിങ്' (Hydroplaning) പ്രതിഭാസമുണ്ടായി. ഇതാണ് ബസിന്റെ നിയന്ത്രണം പൂർണമായും നഷ്ടപ്പെടാൻ കാരണമായതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

സംഭവത്തിൽ ബസ് ഡ്രൈവറായ ചങ്ങരംകുളം സ്വദേശി ഷബീറിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ കുറ്റിപ്പുറം പോലീസ് നോട്ടീസ് നൽകി. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇയാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തിൽ വിട്ടിരുന്നു.

ജൂലൈ 26-നാണ് ദേശീയപാതയിൽ നിന്ന് പോക്കറ്റ് റോഡിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് മീഡിയനിൽ ഇടിച്ച് തലകീഴായി മറിഞ്ഞത്. അപകടത്തിൽ ഒരാൾ മരിക്കുകയും 39 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Follow us on :

More in Related News