Tue Dec 12, 2023 10:56 PM 1ST

Location  

Sign In

താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ; വെള്ളം താലൂക്കിൽ 12 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചു.

04 Aug 2026 23:28 IST

santhosh sharma.v

Share News :

വൈക്കം: ശമനമില്ലാത്ത മഴക്കൊപ്പം കിഴക്കൻ വെള്ളത്തിന്റെ ശക്തമായ വരവും വൈക്കം താലൂക്കിന്റെ കൂടുതൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. വീടുകൾക്കുള്ളിൽ വെള്ളം കയറിയതിനെ തുടർന്ന് താലൂക്കിലെ വിവിധ പ്രദേശങ്ങളിലായി 12 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചു. 250 ൽ അധികം വീടുകളിൽ നിന്നായി സ്ത്രീകളും കുട്ടികളും അടക്കം 530 ഓളം ആളുകളെ ക്യാമ്പുകളിലോക്ക് മാറ്റിപ്പാർപ്പിച്ചു. മൂവാറ്റുപുഴയാർ പല ഭാഗത്തും കരകവിഞ്ഞതോടെ കൂടുതൽ ആളുകൾ ക്യാമ്പുകളിൽ എത്താൻ സധ്യത സാധ്യത ഉള്ളതിനാൽ അതിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് വൈക്കം തഹസിൽദാർ എസ്.കെ. ശ്രീകുമാർ പറഞ്ഞു. പുഴയിൽ ജലനിരപ്പ് രണ്ടടിയോളം വീണ്ടും ഉയർന്നതോടെ വീടുകൾക്കുള്ളിൽ കഴിയുന്നവരെ ക്യാമ്പുകളിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ജനപ്രതിനിധികളും റവന്യൂ വകുപ്പ് അധികൃതരും. തലയോലപ്പറമ്പ് പഞ്ചായത്തിൽ ഏ.ജെ.ജോൺ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂ‌ളിൽ 43 കുടുംബങ്ങളിൽ നിന്നും 84പേരും, ഉദയനാപുരം പഞ്ചായത്തിലെ വല്ലകം സെന്റ് മേരീസ് ഹൈസ്കൂളിൽ 73കുടുംബങ്ങളിൽ നിന്നും 164പേരും, കല്ലറ എസ്എസ് വി യുപി സ്കൂളിൽ 21 കുടുംബങ്ങളിൽ നിന്നും 29പേരും, ആയാംകുടി എൽപി സ്‌കൂളിൽ 26കുടുംബങ്ങളിൽ നിന്നും 49പേരും കടുത്തുരുത്തി ഗവൺമെൻ്റ് വിഎച്ച്എസ് സ്കൂ‌ളിൽ 15കുടുംബങ്ങളിൽ നിന്നും 32പേരും, വെച്ചൂർ പഞ്ചായത്തിൽ ഇടയാഴം സെൻ്റ്മേരീസ് എൽപി സ്‌കൂളിൽ 15 കുടുംബങ്ങളിൽ നിന്നും 24പേരും. തലയാഴം പഞ്ചായത്തിൽ തോട്ടകം ഗവൺമെന്റ് യുപി സ്‌കൂളിൽ 11 കുടുംബങ്ങളിൽ നിന്നും 31 പേരും, എഴുമാംതുരുത്ത് യുപി സ്‌കൂളിൽ 18കുടുംബങ്ങളിൽ നിന്നും 54പേരും, ഉദയനാപുരം നക്കംതുരുത്ത് മുഹമ്മദീയൻ ജുമാമസ്‌ജിദ് പള്ളിഹാളിൽ 60 കുടുംബങ്ങളിൽ നിന്നും 180 പേരും ക്യാമ്പുകളിൽ കഴിയുന്നു.

കിഴക്കൻ വെള്ളത്തിൻ്റെ വരവിൽ കാര്യമായ കുറവ് ചൊവ്വാഴ്ച രാത്രിയും അനുഭവപ്പെടാത്തത് തീരദേശ വാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

മൂവാറ്റുപുഴയാർ പല ഭാഗത്തും കരകവിഞ്ഞതോടെ തീര പ്രദേശങ്ങളിൽ താമസിക്കുന്നവർ തീരമിടിച്ചിൽ ഭീഷണിയിലാണ്. ഓണ വിപണി ലക്ഷ്യമിട്ട് നട്ടുവളർത്തിയ നിരവധി കർഷകരുടെ ഏത്തവാഴ തോട്ടം വെള്ളം കയറിയ നിലയിലാണ്. കുലച്ചതും കുലയ്ക്കാൻ പാകമായതുമായ തോട്ടത്തിൽ ദിവസങ്ങളായി വെള്ളം കെട്ടി നിൽക്കുന്നതിനാൽ വാഴകൾ ഒടിഞ്ഞു നശിക്കാനുള്ള സാധ്യത ഏറെയാണെന്നു കർഷകർ പറയുന്നു. താലൂക്കിന്റെ വിവിധ പ്രദേശങ്ങളിലുള്ള ക്യാമ്പുകളിൽ കെ.ബിനിമോൻ എംഎൽഎയുടെ നേതൃത്വത്തിൽ ജന പ്രതിനിധികൾ സന്ദർശിച്ചു.പുഴയിലെ വെള്ളത്തിൻ്റെ വരവ് ശക്തമായി കൂടുതൽ പേർ ക്യാമ്പുകളിലേക്ക് എത്തിയാൽ അതിന് വേണ്ട ക്രമീകരണവും അധികൃതർ ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും മറ്റ് എല്ലാ മുൻകരുതലും സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

Follow us on :

More in Related News