Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശമ്പളം കിട്ടിയില്ല; നഗരസഭ ജീവനക്കാർ സമരം നടത്തി

15 Jan 2025 22:16 IST

Anvar Kaitharam

Share News :

ശമ്പളം കിട്ടിയില്ല; നഗരസഭ ജീവനക്കാർ സമരം നടത്തി


പറവൂർ: പറവൂർ നഗരസഭയിൽ ശമ്പളം ലഭിക്കാത്തതിരുന്നതിനെ തുടർന്ന് ജീവനക്കാർ പ്രതിഷേധ സമരം നടത്തി.

ഡിസംബർ മാസത്തെ ശമ്പളം 15 ദിവസം പിന്നിട്ടിട്ടും നൽകാൻ നഗരസഭ ഭരണാധികാരികൾക്ക് കഴിയാതിരുന്നതിനെ തുടർന്നാണ് മുഴുവൻ ജീവനക്കാരും ജോലി സമയത്ത് പ്രതിഷേധവുമായെത്തിയത്. നഗരസഭ ഭരണം കെടുകാര്യസ്ഥതയുടെ പാരമ്യതയിലെത്തിയതാണ് പ്രതിസന്ധിക്കു കാരണമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് ടി വി നിഥിൻ പറഞ്ഞു. നഗരസഭയുടെ വരുമാന സ്രോതസ്സുകൾ കണ്ടെത്താനായി ജാഗ്രതയോടെയുള്ള പ്രവർത്തനം ഭരണാധികാരികൾക്കില്ലാത്തതാണ് ജീവനക്കാർക്ക് ശമ്പളം ലഭിക്കാൻ പ്രതിസന്ധിയുണ്ടാക്കിയത്.

വലിയ വാടക ലഭിക്കേണ്ട നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലെ നിരവധി മുറികൾ ഒഴിഞ്ഞുകിടക്കുകയാണ്. സമയബന്ധിതമായി ലേല നടപടികൾ പൂർത്തിയാക്കാതെ വരുമാനമായി കിട്ടേണ്ട ലക്ഷങ്ങളാണ് ഇവരുടെ അനാസ്ഥ മൂലം ഇല്ലാതാകുന്നത്. കുത്തക ലേലങ്ങൾ എടുത്തവരിൽ വലിയ തുക കുടിശികയായിട്ടും പണം ഈടാക്കാനോ ഇത്തരക്കാർക്കെതിരെ റിക്കവറി നടപടികൾ കൈക്കൊള്ളാനോ തയ്യാറാകാതെ ഇക്കാര്യത്തിൽ ഭരണാധികാരികൾ കാണിക്കുന്ന ഉദാസീനത വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നഗരസഭയെ തള്ളിവിടുകയാണ്. സ്വകാര്യ ബസ് സ്റ്റാൻഡിലുള്ള നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിസിൽ 22 വർഷമായി വാടക നൽകാതെ പ്രവർത്തിക്കുന്നവർക്കെതിരെ പോലും ചെറുവിരലനക്കാൻ ഭരണ നേതൃത്വത്തിന് കഴിയുന്നില്ല. സ്വകാര്യ സ്കൂളുകൾ ഉൾപ്പടെ പല സ്ഥാപനങ്ങളും ടാക്സിനത്തിൽ വലിയ കുടിശിക വരുത്തിയിട്ടും ഒരു നടപടിയും എടുക്കുന്നില്ല. നഗരസഭക്കു വരുമാനമായി ലഭിക്കേണ്ട ലക്ഷങ്ങൾ ഭരണ നേതൃത്വത്തിൻ്റെ ജാഗ്രതക്കുറവ് മൂലം പാഴാക്കുന്നത് പ്രതിഷേധാർഹമാണെന്നും നിഥിൻ പറഞ്ഞു.


Follow us on :

More in Related News