Tue Dec 12, 2023 10:56 PM 1ST

Location  

Sign In

‘എന്റെ കേരളം എന്റെ മലയാളം’ വിജ്ഞാനോത്സവം സംഘടിപ്പിച്ചു; 800-ലേറെ വിദ്യാർത്ഥികൾ പങ്കെടുത്തു

08 Nov 2026 11:14 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ഒമാനിലെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്കായി ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘എന്റെ കേരളം എന്റെ മലയാളം’ വിജ്ഞാനോത്സവം സംഘടിപ്പിച്ചു. നവംബർ 6 വെള്ളിയാഴ്ച വാദി കബീറിലെ മജാൻ ഹൈറ്റ്സ് ഹാളിൽ നടന്ന മത്സരത്തിൽ ഒമാനിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നായി 800-ലേറെ വിദ്യാർത്ഥികൾ പങ്കെടുത്തു.

രാവിലെ ഒമ്പതിന് ആരംഭിച്ച വിജ്ഞാനോത്സവം ഇന്ത്യൻ സ്കൂൾ ബോർഡ് ഡയറക്ടർ നിധീഷ് കുമാർ ഉദ്ഘാടനം ചെയ്തു. കേരള വിഭാഗം കൺവീനർ അജയൻ പൊയ്യാറ അധ്യക്ഷത വഹിച്ചു. സാഹിത്യവേദി സെക്രട്ടറി അഞ്ജലി ബിജു സ്വാഗതം പറഞ്ഞു. ഇന്ത്യൻ സോഷ്യൽ ക്ലബ് സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറി സന്തോഷ് കുമാർ, മലയാളം മിഷൻ ഒമാൻ സെക്രട്ടറി അനു ചന്ദ്രൻ, കേരള വിഭാഗം കോ-കൺവീനർ ജഗദീഷ് കീരി എന്നിവർ ആശംസകൾ നേർന്നു. സാഹിത്യവേദി ജോയിന്റ് സെക്രട്ടറി ജയചന്ദ്രൻ പള്ളിക്കൽ നന്ദി പറഞ്ഞു. അധ്യാപികയും വിവിധ ക്വിസ് മത്സരങ്ങളുടെ അവതാരകയുമായ സിന്ധു അരക്കൻ മത്സരം നയിച്ചു.

ജൂനിയർ വിഭാഗത്തിൽ ഇന്ത്യൻ സ്കൂൾ ദാർസൈത്തിലെ ഋത്വിക് സായി മനു, തരുൺ കൃഷ്ണ എം., അഖിൽ കൃഷ്ണ എം.ആർ. എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനം നേടി. ഇന്ത്യൻ സ്കൂൾ സീബിലെ അദ്വിക് സന്ദീപ് നായർ, ആദിനാഥ് ഗിരീഷ്, അനാമിക അനീഷ് എന്നിവരടങ്ങിയ ടീം രണ്ടാം സ്ഥാനവും ഹംദാൻ സലീം, അനഘ് വീണ ധിനേഷ്, ജോൺ മാത്യു എന്നിവരടങ്ങിയ സീബ് സ്കൂൾ ടീം മൂന്നാം സ്ഥാനവും നേടി.

സീനിയർ വിഭാഗത്തിൽ ഇന്ത്യൻ സ്കൂൾ ദാർസൈത്തിലെ ഹരി ശങ്കർ എസ്., ജുവാൻ ഉത്തുപ്പ് ജിപ്സൺ, തീർത്ഥ സജേഷ് എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇന്ത്യൻ സ്കൂൾ ഗുബ്രയിലെ അസ്മി അബൂബക്കർ സിദ്ദിഖ്, ചിന്മയ് ഐശ്വര്യ ശ്രീജേഷ്, ദേവിക ചന്ദ്രഭാനു എന്നിവരടങ്ങിയ ടീം രണ്ടാം സ്ഥാനവും ദാർസൈത്തിലെ വൈഗ ബി. നായർ, മുഹമ്മദ് ഇഖ്ബാൽ, അദിത് അജിത് എന്നിവരടങ്ങിയ ടീം മൂന്നാം സ്ഥാനവും നേടി.

കല, സാഹിത്യം, ചരിത്രം, കായികം, ആനുകാലിക സംഭവങ്ങൾ തുടങ്ങിയ വിവിധ മേഖലകളെ ഉൾപ്പെടുത്തിയായിരുന്നു മത്സരം. വിജയികൾക്കുള്ള ഉപഹാരങ്ങളും പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും സമാപന സമ്മേളനത്തിൽ വിതരണം ചെയ്തു.

വിജ്ഞാനോത്സവം ഉയർന്ന നിലവാരം പുലർത്തിയതായി വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു. പ്രവാസലോകത്ത് വളരുന്ന കുട്ടികൾക്ക് കേരളത്തിന്റെ ചരിത്രവും സംസ്കാരവും കൂടുതൽ ആഴത്തിൽ അറിയാനും അറിവ് വികസിപ്പിക്കാനും ഇത്തരം പരിപാടികൾ സഹായകരമാണെന്നും രക്ഷിതാക്കൾ പറഞ്ഞു.

കേരള വിഭാഗത്തിന്റെ രൂപീകരണം മുതൽ സംഘടിപ്പിച്ചുവരുന്ന വിജ്ഞാനോത്സവം കോവിഡ് കാലത്ത് ഓൺലൈനായാണ് നടന്നത്.

Follow us on :

More in Related News