Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാജ്യത്ത് സത്യം പറയുന്നത് അപകടകരം; ഭരണകൂടം വിയോജിപ്പുകളെ ഭയത്തോടെ നേരിടുന്നു: ശ്വേത ഭട്ട്

08 Nov 2026 07:18 IST

NewsDelivery

Share News :

കൊച്ചി: രാജ്യത്ത് സത്യം പറയുകയെന്നത് ഇന്ന് ഏറെ അപകടകരമായ കാര്യമാണെന്ന് മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട്. അധികാരസ്ഥാനങ്ങളിലുള്ളവർക്കെതിരെ ചോദ്യങ്ങൾ ഉയർത്താൻ പോലും ഭയപ്പെടുന്ന സാഹചര്യമാണ് രാജ്യത്തുള്ളതെന്നും വിയോജിപ്പുകളെ ഭരണകൂടം കൈകാര്യം ചെയ്യുന്ന രീതി ആശങ്കാജനകമാണെന്നും അവർ പറഞ്ഞു. നിശ്ശബ്ദതയ്ക്ക് സുരക്ഷ നൽകേണ്ടിവരുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും ശ്വേത ഭട്ട് കൂട്ടിച്ചേർത്തു.

എറണാകുളം ടൗൺ ഹാളിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ രണ്ടാംദിനത്തിൽ നടന്ന പ്രതിനിധി സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അവർ.

നീതി ഒരിക്കലും ഏകപക്ഷീയമാകരുത്. നീതി നടപ്പാക്കുമ്പോൾ അധികാരത്തിന്റെ ഇടപെടലോ അധികാരമുള്ളവരെന്നും ഇല്ലാത്തവരെന്നുമുള്ള വേർതിരിവോ ഉണ്ടാകാൻ പാടില്ല. ഭരണഘടനാപരമായ നിരവധി ചോദ്യങ്ങളാണ് ഇന്ന് ഇന്ത്യൻ ജനാധിപത്യം അഭിമുഖീകരിക്കുന്നത്. രാജ്യത്ത് ധ്രുവീകരണവും ഭയത്തിന്റെ അന്തരീക്ഷവും വർധിക്കുന്ന സാഹചര്യത്തിൽ സത്യം തുറന്നുപറയുന്ന യുവതലമുറയിലാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു.

ചോദ്യങ്ങൾ ചോദിക്കുന്നതും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ സംരക്ഷിക്കുന്നതുമാണ് യഥാർഥ രാജ്യസ്‌നേഹം. അനീതിക്കെതിരെ പ്രതികരിക്കാതിരിക്കുന്ന ദിവസം സ്വന്തം സ്വാതന്ത്ര്യം അടിയറവെക്കാൻ തുടങ്ങുന്ന ദിവസമായി മാറും. സഞ്ജീവ് ഭട്ടിന്റെ തടവുജീവിതവും നിയമപോരാട്ടവും എട്ടുവർഷം പിന്നിടുകയാണ്. സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിൽനിന്ന് പിന്നോട്ടില്ലെന്നും തടവറയുടെ നാലു ചുവരുകൾക്കുള്ളിൽ അദ്ദേഹത്തിന്റെ പോരാട്ടവീര്യം ഇല്ലാതാക്കാനാവില്ലെന്നും ശ്വേത ഭട്ട് പറഞ്ഞു.

2019ൽ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചപ്പോൾ യൂത്ത് ലീഗ് കോഴിക്കോട്ട് പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും മികച്ച മാതൃകയാണിതെന്നും അവർ അഭിപ്രായപ്പെട്ടു.

നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ യൂത്ത് ലീഗ് തെരുവിലുണ്ടാകുമെന്ന് അധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. തെക്കൻ കേരളത്തിൽ മുസ്‌ലിം ലീഗ് ശക്തിപ്പെടുകയാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.

യൂത്ത് ലീഗ് പ്രഖ്യാപിത ലക്ഷ്യങ്ങളിൽനിന്ന് സംഘടന വ്യതിചലിക്കരുതെന്ന് ലീഗ് ദേശീയ സെക്രട്ടറി ടി.എ. അഹമ്മദ് കബീർ ഓർമിപ്പിച്ചു. യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ കഴിഞ്ഞ സർക്കാർ എടുത്ത കേസുകൾ പിൻവലിക്കുമെന്ന് മന്ത്രി പി.കെ. ബഷീർ പറഞ്ഞു.

സംസ്ഥാന സെക്രട്ടറിമാരായ പി. അബ്ദുൽ ഹമീദ്, റഫീഖ് മണിമല, എം.എൽ.എമാരായ നജീബ് കാന്തപുരം, ടി.പി. അഷ്റഫലി, യൂത്ത് ലീഗ് നേതാക്കളായ ഷിബു മീരാൻ, ഫാത്തിമ തഹ്‌ലിയ, വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്റ മമ്പാട്, എം.പി. അഷ്റഫ് മൂപ്പൻ തുടങ്ങിയവർ സംസാരിച്ചു.

മൂന്നുദിവസത്തെ സമ്മേളനം ഇന്ന് (ഞായറാഴ്ച) റാലി, വൈറ്റ് ഗാർഡ് പരേഡ്, പൊതുസമ്മേളനം എന്നിവയോടെ സമാപിക്കും.

Follow us on :

More in Related News