Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാനിൽ ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു

18 Nov 2026 19:36 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ഒമാനിൽ ഏത് സാഹചര്യത്തിലും അവശ്യസാധനങ്ങൾക്ക് ലഭ്യതക്കുറവ് ഉണ്ടാകില്ലെന്നും ലുലു ഗ്രൂപ്പിന്റെ ആറ് പുതിയ പദ്ധതികൾ കൂടി ഉടൻ ആരംഭിക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. ഒമാനിലെ അൽ അമീറാത്ത് അൽ നഹ്ദയിൽ ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോളതലത്തിൽ വിവിധ സാഹചര്യങ്ങൾ ഭക്ഷ്യവിതരണ ശൃംഖലയെ ബാധിക്കാറുണ്ടെങ്കിലും ഒമാനിൽ ഭക്ഷ്യവസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും ലഭ്യത ഉറപ്പാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ലുലു ഗ്രൂപ്പ് ശക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് ആവശ്യമായ സാധനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനാണ് ഗ്രൂപ്പ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒമാനിലെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ആറ് പുതിയ പദ്ധതികൾ കൂടി നടപ്പാക്കുന്നത്. പുതിയ വ്യാപാരകേന്ദ്രങ്ങൾക്കൊപ്പം ഭക്ഷ്യവസ്തുക്കളുടെ സംഭരണം, ശേഖരണം, കയറ്റുമതി തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു. രാജ്യത്തെ ഭക്ഷ്യവിതരണ ശൃംഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഉപഭോക്താക്കൾക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു.

അൽ നഹ്ദയിൽ ആരംഭിച്ച പുതിയ ഹൈപ്പർമാർക്കറ്റ് അൽ അമീറാത്ത് വാലി ശൈഖ് ഹമദ് ബിൻ സുൽത്താൻ അൽ ബുസൈദിയാണ് ഉദ്ഘാടനം ചെയ്തത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, മുതിർന്ന മാനേജ്‌മെന്റ് പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

59,000 ചതുരശ്ര അടി വിസ്തൃതിയിൽ ഒരുക്കിയ ഹൈപ്പർമാർക്കറ്റിൽ പഴം, പച്ചക്കറി, മാംസം, മത്സ്യം, പലവ്യഞ്ജനങ്ങൾ, ബേക്കറി ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക്സ്, ഗാർഹികോപകരണങ്ങൾ തുടങ്ങി വിവിധ ഉൽപ്പന്നങ്ങൾ ലഭ്യമാണ്. വിശാലമായ പാർക്കിങ് സൗകര്യം, സ്വയം പണമടയ്ക്കാനുള്ള കൗണ്ടറുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. പ്രാദേശിക കർഷകരെയും ഉൽപ്പാദകരെയും പ്രോത്സാഹിപ്പിക്കുന്നതിനായി ഒമാനി ഉൽപ്പന്നങ്ങൾക്ക് പ്രത്യേക വിഭാഗവും സജ്ജീകരിച്ചിട്ടുണ്ട്.

ഒമാന്റെ സാമ്പത്തിക വളർച്ചയിലും വ്യാപാരമേഖലയിലും ലുലു ഗ്രൂപ്പിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് പുതിയ ഹൈപ്പർമാർക്കറ്റ് ആരംഭിച്ചതെന്ന് യൂസഫലി പറഞ്ഞു. ഒമാനിൽ ലുലുവിന്റെ ഉപഭോക്തൃ വിശ്വസ്തതാ പദ്ധതിയായ 'ഹാപ്പിനസ്' പത്ത് ലക്ഷം അംഗങ്ങൾ എന്ന നേട്ടം കൈവരിച്ചതായും അദ്ദേഹം അറിയിച്ചു.

പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് വിപണി ഉറപ്പാക്കുന്നതിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ലുലു ഗ്രൂപ്പ് ശ്രദ്ധ നൽകുന്നുണ്ട്. നിലവിൽ 3,400-ലധികം ഒമാനി പൗരന്മാർ ഗ്രൂപ്പിൽ ജോലി ചെയ്യുന്നുണ്ട്.

പുതിയ പദ്ധതികൾ കൂടി യാഥാർഥ്യമാകുന്നതോടെ ഒമാനിലെ ലുലു ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാകുകയും രാജ്യത്തെ വ്യാപാരമേഖലയ്ക്കും ഭക്ഷ്യവിതരണ സംവിധാനത്തിനും കൂടുതൽ കരുത്തുപകരുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Follow us on :

More in Related News