Tue Dec 12, 2023 10:56 PM 1ST

Sign In

പ്രകടനപത്രികയിലെ വാഗ്ദാനം പാലിച്ച് ഗ്രാമപഞ്ചായത്ത് അംഗം ; വയോജനങ്ങളെ ചേർത്തുപിടിച്ച് സ്നേഹ യാത്ര സംഘടിപ്പിച്ചു.

18 Nov 2026 22:00 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ജനങ്ങൾക്ക് നൽകിയ 17 ഓളം വാഗ്ദാനങ്ങൾ ഓരോന്നായി യാഥാർത്ഥ്യമാക്കി ജനപ്രതിനിധി. തൻ്റെ വാർഡിലെ 60 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് വേണ്ടി സീനിയർ സിറ്റിസൺസ് ക്ലബ്ബ് രൂപീകരിച്ച് അവർക്കായി മറക്കാനാവാത്ത വിനോദയാത്രയും ഒരുക്കി. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ സമീൽ ഇബ്രാഹിമാണ് മറ്റ് ജനപ്രതിനിധികളിൽ നിന്നും വ്യത്യസ്ഥനായത്. വാർഡിലെ മുതിർന്ന പൗരന്മാരെ ചേർത്തുപിടിച്ച് ഉല്ലാസയാത്ര കൊണ്ടുപോകുമെന്ന തിരഞ്ഞെടുപ്പ് കാലത്തെ ഉറപ്പാണ് അദ്ദേഹം നിറവേറ്റിയത്. വിവിധ സർക്കാർ വകുപ്പുകളിൽ നിന്ന് വിരമിച്ചവരും, കർഷകരും തൊഴിലാളികളും വീട്ടമ്മമാരും വാർഡിലെ മറ്റ് മുതിർന്ന പൗരന്മാരും അടക്കം എഴുപതോളം പേരാണ് സ്നേഹത്തിന്റെയും കരുതലിന്റെയും ഈ യാത്രയിൽ പങ്കാളികളായത്. തലയോലപ്പറമ്പിൽ നിന്ന് രണ്ട് ടൂറിസ്റ്റ് ബസ്സുകളിലായി ആലപ്പുഴയിൽ എത്തി, വൈകുന്നേരം വരെ ഹൗസ് ബോട്ടിൽ കുട്ടനാടൻ കായൽ ഭംഗി ആസ്വദിച്ച് വൈകിട്ട് ആലപ്പുഴ ബീച്ചിലെ സായാഹ്ന കാഴ്ചകളും തനത് കായൽ വിഭവങ്ങളും ആസ്വദിച്ച് രാത്രി ഭക്ഷണവും കഴിച്ച ശേഷം സംഘം തിരികെ മടങ്ങിയെത്തും. വാർഡ് മെമ്പർക്ക് 5 വർഷം കൊണ്ട് ലഭിക്കുന്ന ഓണറേറിയം തുകയായ 6 ലക്ഷം രൂപയോളം പൂർണ്ണമായും വാർഡിലെ തന്നെയുള്ള പാവപ്പെട്ടവർക്ക് വേണ്ടിയുള്ള വിവിധ ആവശ്യങ്ങൾക്കാണ് വിനിയോഗിക്കുകയെന്നും

അതിന്റെ ആദ്യ ഘട്ടമാണ് വാർഡിലെ മുതിർന്നവരെ ആദരിച്ചുകൊണ്ടുള്ള ഈ യാത്ര സംഘടിപ്പിച്ചതെന്നും പഞ്ചായത്തംഗം സമീൽ ഇബ്രാഹിം പറഞ്ഞു. തലയോലപ്പറമ്പ് ജംഗ്ഷനിൽ നിന്നും ബുധനാഴ്ച രാവിലെ ആരംഭിച്ച സ്നേഹ യാത്ര കെ.ബിനിമോൻ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. വാർഡിലെ മുതിർന്ന പൗരന്മാരെ ചേർത്തുപിടിച്ചുകൊണ്ടുള്ള ഇത്തരം പ്രവർത്തനങ്ങൾ ഏറെ മാതൃകാപരമാണെന്ന് എം എൽ എ അഭിപ്രായപ്പെട്ടു. വാർദ്ധക്യത്തിന്റെ ഒറ്റപ്പെടലുകൾക്കിടയിൽ, തങ്ങളെ ചേർത്തുപിടിക്കാനും മാനസിക ഉല്ലാസത്തിനുമായി തങ്ങളുടെ ജനപ്രതിനിധി കാണിച്ച മനസ്സിന് നിറഞ്ഞ പുഞ്ചിരിയോടെയാണ് യാത്രക്ക് ശേഷം തിരികെ എത്തിയ മുതിർന്ന പൗരന്മാർ നന്ദി പറഞ്ഞ് വീടുകളിലേക്ക് മടങ്ങിയത്.

Follow us on :

More in Related News