Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Feb 2026 02:18 IST
Share News :
മസ്‌കറ്റ്: ലോക കേരള സഭയുടെ അഞ്ചാം സമ്മേളനം വിജയകരമായി സമാപിച്ചു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ 2026 ജനുവരി 29 മുതൽ 31 വരെ ചേർന്ന ലോക കേരള സഭയുടെ അഞ്ചാം സമ്മേളനം വിജയകരമായി സമാപിച്ചു. നിയമസഭാ മന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ ചേർന്ന അഞ്ചാം സമ്മേളനം 125 രാജ്യങ്ങളിൽ നിന്നും 28 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള 500 ലധികം കേരളീയ പ്രവാസി പ്രതിനിധികളുടെയും അവരോടൊപ്പം ബഹുമാനപ്പെട്ട സ്പീക്കറും മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും എംപിമാരും അടക്കമുള്ള പ്രമുഖരുടെയും പങ്കാളിത്തത്തിലാണ് നടന്നത്.
സങ്കീർണമായ പ്രവാസലോകത്തെ വെല്ലുവിളികൾ അതിന്റെ സമഗ്രതയിൽ ചർച്ചചെയ്യുന്നതിലും, പരിഹാര നിർദേശങ്ങൾ തേടുന്നതിലും ക്രിയാത്മകമായ പങ്കു വഹിക്കുന്ന ഒരു വേദി എന്ന നിലയിൽ ലോകകേരളസഭയെ പ്രവാസലോകം ഇതിനകം ഏറ്റെടുത്ത് കഴിഞ്ഞിരിക്കുന്നു. ചർച്ചകളുടെ ആഴവും പരപ്പും കാലികപ്രസക്തിയും, ഉരുത്തിരിയുന്ന തീരുമാനങ്ങൾ നടപ്പാക്കുന്നതിലെ ആത്മാർത്ഥതയും കൊണ്ട് ശ്രദ്ധേയമായ സഭയുടെ പ്രവർത്തനങ്ങൾ പ്രവാസികൾ ഇന്ന് വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. കേവലമായ കക്ഷിരാഷ്ട്രീയ താല്പര്യങ്ങളിലൂന്നി സഭ ബഹിഷ്‌കരിക്കുന്ന നിർഭാഗ്യകരമായ നിലപാടുകൾ കേരളത്തിലെ പ്രതിപക്ഷ മെടുക്കുമ്പോളും ഓരോ സമ്മേളനവും കഴിയുന്തോറും ലോകകേരള സഭയുടെ വർധിച്ചു വരുന്ന പ്രസക്തിയും പൊതു സ്വീകാര്യതയുമാണ് പ്രവാസലോകത്ത് പൊതുവിൽ ദൃശ്യമാവുന്നതെന്ന് ഒമാനിൽ നിന്നും മൂന്നാം തവണയും പങ്കെടുത്ത ലോക കേരള സഭാംഗം, പ്രവാസി വെൽഫയർ ബോർഡ് ഡയറക്ടർ വിൽസൺ ജോർജ് അഭിപ്രായപ്പെട്ടു.
ജനുവരി 29ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢ ഗംഭീരമായ പൊതു സമ്മേളനത്തോടെയായിരുന്നു തുടക്കം. ജനുവരി 30നും 31നും നടന്ന പ്രതിനിധി സമ്മേളനത്തിൽ സജീവമായ ചർച്ചകളും അതിലൂടെ വിലപ്പെട്ട നിർദ്ദേശങ്ങളും ഉയർന്നു വന്നു. പ്രവാസവുമായി ബന്ധപ്പെട്ട 8 പ്രധാന വിഷയങ്ങളിൽ ഊന്നിയ ചർച്ചകളും, 125 രാജ്യങ്ങളെ ഏഴു മേഖലകളാക്കി തിരിച്ചുകൊണ്ടു, മേഖലകളുടെ പ്രത്യേക സവിശേഷതകളും സാഹചര്യങ്ങളും, ആവശ്യങ്ങളും പരിഗണിച്ചു കൊണ്ടുള്ള മേഖലാ ചർച്ചകളും സമ്മേളനത്തിന്റെ ഭാഗമായി നടന്നു. ലോകമെമ്പാടും യാത്ര ചെയ്തും ജോലി ചെയ്തും പ്രവാസികൾ ആർജിച്ച അറിവും, അനുഭവ പരിചയവും ഏതു വിധത്തിലാണ് കേരളത്തിൻറെ പുരോഗതിക്കായി ഉപയോഗിക്കാൻ സാധിക്കുക എന്നത് കൃത്യമായ വിശകലനത്തിന് വിധേയമായി. മുൻ സമ്മേളനങ്ങളെ പോലെ തന്നെ പ്രവാസ ലോകത്തെ നിരവധിയായ വെല്ലുവിളികൾ, പ്രവാസം നേരിടുന്ന പ്രതിസന്ധികൾ, പ്രവാസത്തിന്റെ ഭാവി ഇവയെല്ലാം വിശദമായ പരിശോധനകൾക്കും പരിഗണനകൾക്കും വിധേയമാക്കിക്കൊണ്ട് കേരള സംസ്ഥാനം പ്രവാസികളുടെ ക്ഷേമം ഉറപ്പിക്കുന്നതിന് ഏതു ദിശയിലാണ് നീങ്ങേണ്ടത് എന്ന കാര്യം പ്രതിനിധികൾ വിശദമായി ചർച്ച ചെയ്തു.
വിദേശ തൊഴിൽ അവസരങ്ങൾ, സുരക്ഷിത കുടിയേറ്റം, മാറുന്ന തൊഴിൽ സാഹചര്യങ്ങൾ, നവ തൊഴിൽ മേഖലകൾ, തൊഴിൽ കരാറുകൾ, വിദ്യാർഥി കുടിയേറ്റത്തിന്റെ ഭാവിയും വെല്ലുവിളികളും, സ്ത്രീ കുടിയേറ്റത്തിന്റെ പുതിയ പ്രവണതകൾ, പ്രവാസി നിക്ഷേപം, സംരംഭകത്വം, പുതുതലമുറ പ്രവാസവും വിജ്ഞാന നൈപുണ്യ വിനിമയ സാധ്യതകളും, പ്രവാസി പുനരധിവാസ ക്ഷേമ പദ്ധതികൾ /സാമ്പത്തിക മാതൃകകൾ, കേരളീയ കലാസാഹിത്യഭാഷാപ്രചരണത്തിൽ പ്രവാസി മലയാളി സംഘടനകളുടെ പങ്ക് എന്നിവയെല്ലാംതന്നെ വിഷയാധിഷ്ഠിത ചർച്ചകളിൽ പരിശോദിക്കപ്പെടുകയും ക്രിയാത്മകമായ നിരവധി നിർദ്ദേശങ്ങൾ സമ്മേളന പ്രതിനിധികളുടെ ഭാഗത്ത് നിന്ന് മുന്നോട്ട് വരികയുമുണ്ടായി.
പശ്ചിമേഷ്യൻ രാജ്യങ്ങൾ, ഇതര ഏഷ്യൻ രാജ്യങ്ങളും, പസഫിക് രാജ്യങ്ങളും, യൂറോപ്പ്, അമേരിക്കൻ രാജ്യങ്ങൾ, ആഫ്രിക്ക, ഇതര ഇന്ത്യൻ സംസ്ഥാനങ്ങൾ, തിരികെയെത്തിയ പ്രവാസികൾ എന്നിങ്ങനെ ഏഴു മേഖലകളിൽ, ആ മേഖലകളുടെ സാഹചര്യങ്ങളും സാധ്യതകളും വിശദമായി വിശകലനം ചെയ്തുകൊണ്ട്, പ്രത്യേകതകൾ ഉൾക്കൊണ്ടുകൊണ്ട് ഈ മേഖലകളിലുള്ള പ്രവാസികളുടെ ക്ഷേമത്തിനു വേണ്ട നിർദേശങ്ങളും, ഈ മേഖലകളിലുള്ള പ്രവാസികൾ കേരളവികസനത്തിന് നൽകാൻ കഴിയുന്ന സംഭാവനകളും സമ്മേളനം ചർച്ച ചെയ്യുകയുണ്ടായി.
ഇൻറർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ, ലോക തൊഴിലാളി സംഘടന എന്നീ സംഘടനകൾ രാജ്യങ്ങൾ തമ്മിൽ താൽക്കാലിക കുടിയേറ്റ കരാറുകൾ ഉണ്ടാക്കുക എന്ന ലക്ഷ്യത്തിന് പിന്നാലെയാണ്. ആറുമാസം മുതൽ അഞ്ചു വർഷം വരെയുള്ള തൊഴിൽ കരാറുകൾ രാജ്യങ്ങൾ തമ്മിൽ ഉണ്ടാക്കുക വഴി നിയമപരമായ കുടിയേറ്റം വർധിപ്പിക്കാൻ സാധിക്കും എന്ന പ്രതീക്ഷയാണ് സമ്മേളനത്തിൽ പങ്കുവയ്ക്കപ്പെട്ടത്. ഇന്ത്യൻ സാഹചര്യത്തിൽ ശക്തമായ കുടിയേറ്റ നിയമത്തിന്റെ അഭാവം ഒരു പ്രധാന വെല്ലുവിളിയായി നിലനിൽക്കുന്നു എന്ന് അഭിപ്രായങ്ങൾ ഉയർന്നു വന്നു. എമിഗ്രേഷൻ നിയമം 2019 ആദ്യ കരട് പുറത്ത് വിട്ടതിനുശേഷം ഏഴു വർഷങ്ങൾക്കിപ്പുറവും ഒരു സമഗ്ര കുടിയേറ്റ നിയമം പാർലമെൻറിൽ അവതരിപ്പിച്ച നിയമമാക്കാൻ സാധിച്ചിട്ടില്ല എന്ന യാഥാർത്ഥ്യം സമ്മേളനം നിരാശയോടെ കണ്ടു. രണ്ടാം കരടു 20 21ലും അതിനു നാലുവർഷങ്ങൾക്ക് ശേഷം ഓവർസീസ് മൊബിലിറ്റി ബിൽ 2025 എന്ന പേരിൽ പുതിയ കരടും ജനങ്ങൾക്ക് അഭിപ്രായങ്ങൾക്കായി നൽകിയെങ്കിലും അത് വിശദമായ ചർച്ചയ്ക്ക് വിധേയമാക്കി നിയമനിർമ്മാണം നടത്തുന്നതിന് കേന്ദ്ര സർക്കാർ മുകൈയ്യെടുത്തില്ല എന്ന യാഥാർത്ഥ്യവും സമ്മേളനം ചർച്ച ചെയ്യുകയുണ്ടായി.
പ്രവാസി ക്ഷേമത്തിനായി നിരവധിയായ നിർദ്ദേശങ്ങൾ ആണ് പ്രതിനിധികളിൽ നിന്നും ഉയർന്നു വന്നത്. സുരക്ഷിതമായ കുടിയേറ്റം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തിലെത്തുന്നതിനു ഉതകുന്ന നിർദേശങ്ങൾ സമ്മേളനത്തിലുയർന്നു. അനധികൃത റിക്രൂട്ട്മെന്റ്, തൊഴിൽ തട്ടിപ്പുകൾ, വിസ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവ ഗുരുതരമായ കാര്യങ്ങളാണ്. 2024ൽ മാത്രം ഈ ഗണത്തിൽ 1300 കേസുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തു എന്ന അവസ്ഥ തിരിച്ചറിഞ്ഞുകൊണ്ട് ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ പൊതുബോധം ഉയർത്താൻ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും കുറ്റവാളികൾ രക്ഷപ്പെടാതിരിക്കുന്നതിന് വേണ്ടിയുള്ള കൃത്യമായ ഇടപെടലുകൾ ആവശ്യമാണ് എന്നും സമ്മേളനം ആവശ്യപ്പെടുകയുണ്ടായി., ഗാർഹിക തൊഴിലാളികൾ നേരിടുന്ന പ്രത്യേക പ്രശ്നങ്ങൾ വിശദമായ ചർച്ചകൾക്ക് വിധേയമാക്കി. നോർക്കയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ജിസിസി രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എടുത്തുപറയുകയുണ്ടായി.
പ്രവാസികളുടെ യാത്രാ പ്രശ്നം, പ്രത്യേകിച്ച് എയർ ഇന്ത്യ സ്വകാര്യവൽക്കരിച്ചതിനുശേഷം ഉള്ള സാഹചര്യങ്ങൾ ഉൾപ്പെടെ ഇത്തവണയും ചർച്ചകൾക്കും പരാതികൾക്കും വിഷയമായി വന്നു. മുൻ ലോകകേരള സഭയിലുയർന്നു വന്ന, പ്രവാസികൾക്കു ഒരു സമ്പൂർണ ആരോഗ്യ ഇൻഷുറൻസ് എന്ന ആവശ്യം ഇന്ന് നോർക്ക കെയർ എന്ന സംവിധാനമായി നിലവിൽ വന്നതിനെ പ്രധിനിധികൾ സ്വാഗതം ചെയ്തു. മടങ്ങിവന്ന പ്രവാസികളെയും ഉൾപ്പെടുത്തുക എന്നതുൾപ്പെടെ പല അനുബന്ധ നിർദേശങ്ങളും നോർക്ക കെയറുമായി ബന്ധപ്പെട്ടു ഉയർന്നു വരികയുണ്ടായി. തിരികെ വന്ന പ്രവാസികളുടെ പുനരധിവാസത്തിനും സാമ്പത്തിക പുനർ സംയോജനത്തിനുമായി പ്രവാസി മിഷൻ സജീവമായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും സമ്മേളനം ചർച്ച ചെയ്തു.
പ്രവാസലോകത്ത് നിന്ന് ആർജിച്ചെടുത്ത അനുഭവ പരിചയവും സമ്പത്തും കേരളത്തിന്റെ വളർച്ചക്കായി ഉപയോഗപ്പെടുത്തനുള്ള നിരവധി നിർദേശങ്ങൾ സമ്മേളനത്തിലുയർന്നുവന്നു. കേരളത്തിന്റെ പശ്ചാത്തല വികസനം , ഉന്നത വിദ്യാഭ്യാസ മേഖല , മാനുഫാക്റ്ററിങ് , ഭക്ഷ്യ സംസ്കരണം എന്നിങ്ങനെ പ്രവാസികൾക്ക് സംഭാവന ചെയ്യാൻ കഴിയുന്ന മേഖലകൾ നിരവധിയാണ്. സഭയിലുയർന്ന ക്രിയാത്മകമായ നിർദേശങ്ങളെ ഏറ്റെടുത്ത് മുന്നോട്ടു കൊണ്ടുപോകാൻ പ്രതിജ്ഞാബദ്ധമാണെന്നു ഗവണ്മെന്റ് അറിയിച്ചു.
പ്രവാസത്തിന്റെ മാറുന്ന സ്വഭാവം തിരിച്ചറിയേണ്ടതും , മാറുന്ന തൊഴിൽ സാഹചര്യങ്ങൾക്കനുസരിച്ച് നൈപുണ്യ വികസനത്തിലും പരിശീലനത്തിലും വരുത്തേണ്ട മാറ്റങ്ങളും പ്രവാസത്തിന്റെ നിലനിൽപ്പിനു വളരെ പ്രധാനപ്പെട്ടതാണെന്ന് സമ്മേളനം കാണുകയുണ്ടായി. ലോകരാഷ്ട്രീയ സാമ്പത്തിക മാറ്റങ്ങളും, അനുദിനം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യകളും നിർമ്മിത ബുദ്ധിയുമെല്ലാം ചേർന്ന് പ്രവാസത്തിന്റെ ഭാവിയെ അനിശ്ചിതവും കൂടുതൽ സങ്കീർണവും ആക്കിയിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിൻറെ സാമ്പത്തിക വികസനത്തിൽ പ്രവാസം ചെലുത്തിയിട്ടുള്ള നിർണായകമായ പങ്ക് നിലനിർത്തണമെങ്കിൽ ബോധപൂർവ്വമായ പഠനവും കാര്യക്ഷമമായ ഇടപെടലുകളും അനിവാര്യമാണെന്ന് ചർച്ചകളിൽ മുഴങ്ങിക്കേട്ടു.
വിദേശരാജ്യങ്ങളിൽ പഠിക്കാൻ പോകുന്ന വിദ്യാർത്ഥികൾക്ക് അതാത് രാജ്യങ്ങളിലെ നിയമങ്ങൾ, യൂണിവേഴ്സിറ്റികൾ സംബന്ധിച്ച് വിവരങ്ങൾ, കോഴ്സുകൾ, സ്കോളർഷിപ്പുകൾ ഇവയെല്ലാം വ്യക്തമാക്കുന്ന ലോക നോർക്ക സ്റ്റുഡൻസ് മൈഗ്രേഷൻ പോർട്ടൽ ഉൾപ്പെടെ എയർപോർട്ട് ഹെൽപ്പ് ഡെസ്ക്, ഷേർപ്പാ പോർട്ടൽ , ലോകകേരളം ഓൺലൈൻ എന്നീ സേവനങ്ങൾ ലോകകേരളസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുകയുണ്ടായി.
നാലാം ലോക കേരള സഭയിലുയർന്നു വന്ന നിർദേശങ്ങളും അവ നടപ്പാക്കുന്നതിലെ പുരോഗതിയും മുഖ്യമന്ത്രി സഭയിൽ വിശദീകരിച്ചു. അഞ്ചാം ലോകകേരളസഭയിൽ ഉയർന്ന നിർദ്ദേശങ്ങൾ പരിശോദിച്ചു മുന്നോട്ടുകൊണ്ടുപോകുന്നതിനായി 21 അംഗ സ്റ്റാൻഡിങ് കമ്മിറ്റിയെ സഭ ചുമതലപ്പെടുത്തി. നിർദ്ദേശങ്ങൾ എല്ലാം തന്നെ പ്രവാസികളുടെ ക്ഷേമത്തിനും കേരള വികസനത്തിനും സഹായകരമാകും എന്ന പ്രതീക്ഷയും ആവേശവുമാണ് സമ്മേളനത്തിലുടനീളം കാണാൻ സാധിച്ചത്.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ttps://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
YouTube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.