Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇസ്മാഈൽ ഹനിയ്യയുടെ മൃതദേഹം ഖത്തറിൽ ഖബറടക്കും.

01 Aug 2024 04:49 IST

ISMAYIL THENINGAL

Share News :


ദോഹ: ബുധനാഴ്​ച പുലർച്ചെ ഇറാനിലെ തെഹ്​റാനിൽ കൊല്ലപ്പെട്ട ഹമാസ്​ രാഷ്ട്രീയകാര്യ സമിതി തലവൻ ഇസ്മാഈൽ ഹനിയ്യയുടെ മൃതദേഹം​ ഖത്തറിൽ ഖബറടക്കും. വെള്ളിയാഴ്​ച ദോഹയിലെ ഇമാം മുഹമ്മദ്​ ബിൻഅബ്​ദുൽ വഹാബ്​ പള്ളിയിൽ മയ്യിത്ത്​ നമസ്​കാരം നടന്ന ശേഷം ഖത്തറിലെ ലുസൈലിൽ ഖബറടക്കവും നടക്കും.

പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെയാവും ഖബറടക്ക ചടങ്ങുകൾ പൂർത്തിയാക്കുക.

ഇറാനിൽ ഔദ്യോഗിക ചടങ്ങുകൾ പൂർത്തിയക്കിയ ശേഷമാണ് ​വ്യാഴാഴ്​ച വൈകുന്നേരത്തോടെ മൃതദേഹം ഖത്തറിലെത്തിക്കുന്നത്. 


ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഹനിയ്യ.ഹനിയ്യ താമസിച്ച വീടിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ അംഗരക്ഷകനും കൊല്ലപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച രാവിലെയാണ് ഹനിയ്യ താമസിച്ച വീടിനുനേരെ ആക്രമണം നടന്നതെന്ന് ഇറാൻ ഇസ്ലാമിക് റെവലൂഷനറി ഗാർഡ് പത്രക്കുറിപ്പിൽ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഖത്തറിൽ താമസിച്ചാണ് ഹനിയ്യ ഹമാസിന്‍റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്.


അതേസമയം, ഹനിയ്യയുടെ കൊലപാതകത്തെ ശക്തമായ ഭാഷയിലാണ് ഖത്തർ അപലപിച്ചത്. ഹീനമായ കുറ്റകൃത്യമാണ് നടന്നത്. ഗസ്സയിലെ മധ്യസ്ഥ ചർച്ചകൾക്ക് ഇത് തിരിച്ചടിയാകുമെന്ന് ഖത്തർ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. 2017ൽ ഹമാസിന്റെ രാഷ്ട്രീയകാര്യ തലവനായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഗസ്സ വിട്ട ഇസ്മാഈൽ ഹനിയ്യയുടെ പ്രവർത്തന കേന്ദ്രം ഖത്തറായിരുന്നു. ദോഹയിലിരുന്നാണ് അദ്ദേഹം നയതന്ത്ര, രാഷ്ട്രീയ നീക്കങ്ങൾക്ക് ചരടുവലിച്ചത്. ഒടുവിൽ അഭയം നൽകിയ മണ്ണിൽ തന്നെ അദ്ദേഹത്തിന്‌ അന്ത്യവിശ്രമവും ഒരുക്കുകയാണ്.

Follow us on :

More in Related News