Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Oct 2026 17:36 IST
Share News :
മസ്കറ്റ്: നോർത്ത് ഷർഖിയയിലെ ഇബ്ര സനയ്യ ഗ്രൗണ്ടിൽ നടന്ന ഇബ്ര പ്രീമിയർ ലീഗ് 2026 ക്രിക്കറ്റ് ടൂർണമെന്റിൽ ഇബ്ര ചാലഞ്ചേഴ്സ് ജേതാക്കളായി. ഫൈനലിൽ ഇബ്ര ലെജൻഡ്സിനെ 30 റൺസിന് പരാജയപ്പെടുത്തിയാണ് ചാലഞ്ചേഴ്സ് കിരീടം സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ഇബ്ര ചാലഞ്ചേഴ്സ് നിശ്ചിത 15 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 197 റൺസ് നേടി. അബ്ദുവിന്റെ 27 പന്തിൽ 61 റൺസും രാമിന്റെ 23 പന്തിൽ 64 റൺസുമാണ് ടീമിന് മികച്ച സ്കോർ സമ്മാനിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇബ്ര ലെജൻഡ്സിന് നിശ്ചിത 15 ഓവറിൽ 167 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മൻസീർ 28 പന്തിൽ 48 റൺസും ഫൈസൽ 17 പന്തിൽ 36 റൺസും ഫഹീം 17 പന്തിൽ 31 റൺസും ആഷിക്ക് 16 പന്തിൽ 33 റൺസും നേടി പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
ഇബ്ര ലെജൻഡ്സിനായി നഈം, ആഷിക്ക്, ഫഹീം, ഹാരിസ്, ഉബൈദ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
ഇബ്ര ചാലഞ്ചേഴ്സ് ക്യാപ്റ്റൻ അലി ഖാൻ നാല് വിക്കറ്റുകൾ വീഴ്ത്തി ഫൈനലിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിലെ മികച്ച ബൗളർക്കുള്ള പുരസ്കാരവും അലി ഖാൻ സ്വന്തമാക്കി. തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ അർധസെഞ്ച്വറി നേടിയ അബ്ദു മികച്ച ബാറ്റ്സ്മാനായി തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിലെ മികച്ച താരത്തിനുള്ള മാൻ ഓഫ് ദി സീരീസ് പുരസ്കാരം രാമിന് ലഭിച്ചു.
വിജയികൾക്കുള്ള പ്രൈസ് മണി മജാൻ ടെക്നോളജിയാണ് നൽകിയത്. വിജയികൾക്കുള്ള ട്രോഫി പാക്ക്മാനും റണ്ണേഴ്സ് ട്രോഫി മെട്രോ നാഷണൽ എൽഎൽസിയും സമ്മാനിച്ചു.
മറ്റ് പുരസ്കാരങ്ങൾ ഇബ്ര ഹോസ്പിറ്റൽ എഞ്ചിനീയർ നാസർ അൽ നൈഫി, ഹോസ്പിറ്റൽ ഫിനാൻസ് മാനേജർ ഇസ്മായിൽ അൽ നാബി, ഹോസ്പിറ്റൽ ഐടി എഞ്ചിനീയർ അനീഷ് ഡൊമിനിക്, മലബാർ ഹോട്ടലിലെ മുനീർ എന്നിവർ വിതരണം ചെയ്തു. ഇബ്ര ലെജൻഡ്സ് ടീം പ്രതിനിധികളായ ഷെറിൻ, ബിജു, നഈം, മൻസീർ എന്നിവർ സമ്മാനദാനത്തിന് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.