Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരപ്പനങ്ങാടി–അരീക്കോട് റോഡിൽ വൻ ഗർത്തം ; മാവേലി വന്നു പോയ വഴി കണ്ടെത്തിയതായി സോഷ്യൽ മീഡിയ

01 Sep 2026 10:42 IST

Jithu Vijay

Share News :

തിരൂരങ്ങാടി : പരപ്പനങ്ങാടി–അരീക്കോട് റോഡിൽ പള്ളിപ്പടി ഐസ് കമ്പനികടുത്തായി റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടത് കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും അപകടഭീഷണി ഉയർത്തുന്നതായി പരാതി. ഗർത്തം അടിയന്തരമായി അടച്ച് റോഡ് സുരക്ഷിതമാക്കണമെന്നാവശ്യപ്പെട്ട് മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (MAPS) പൊതുമരാമത്ത് വകുപ്പിന് പരാതി നൽകി.


റോഡിന്റെ പ്രധാന ഭാഗത്ത് രൂപപ്പെട്ട ഗർത്തം വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കുന്നതിനൊപ്പം കൂടുതൽ ഭാഗങ്ങളിലേക്ക് ഗർത്തം വ്യാപിക്കുന്നതിനും സാധ്യതയുണ്ടെന്നും ഇരുചക്രവാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും അപകടസാധ്യത വർധിപ്പിക്കുന്നതായാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ ഗർത്തം വ്യക്തമായി കാണാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ അപകടസാധ്യത കൂടുതൽ രൂക്ഷമാകുമെന്നും പരാതിക്കാർ പറയുന്നു.


റോഡിലെ ഗർത്തത്തിന്റെ കാരണം കണ്ടെത്തി ശാശ്വത പരിഹാരം കാണണമെന്നും താൽക്കാലികമായി മണ്ണോ മെറ്റീരിയലുകളോ നിറയ്ക്കുന്നതിന് പകരം സാങ്കേതിക നിലവാരം പാലിച്ച് റോഡ് പുനഃസ്ഥാപിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

അപകടങ്ങൾ സംഭവിച്ചശേഷം നടപടിയെടുക്കുന്ന രീതിക്ക് പകരം അപകടസാധ്യതയുള്ള റോഡ് തകരാറുകൾ അടിയന്തരമായി കണ്ടെത്തി പരിഹരിക്കേണ്ടത് ബന്ധപ്പെട്ട അധികൃതരുടെ ഉത്തരവാദിത്തമാണെന്നും മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി വ്യക്തമാക്കി.


മോട്ടോർ ആക്സിഡൻറ് പ്രിവൻഷൻ സൊസൈറ്റി മാപ്സ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, പിപി സുബൈർ,നിയാസ് അഞ്ചപ്പുര എന്നിവരുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പിന് പരാതി നൽകി.


റോഡ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ അടിയന്തരമായി സ്ഥലപരിശോധന നടത്തി ഗർത്തം അടച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.

പരാതിയുടെ അടിസ്ഥാനത്തിൽ ഓവർസിയർ സ്ഥലം സന്ദർശിക്കുകയും മറ്റുകാര്യങ്ങൾക്കായി കോൺട്രാക്ടറെ നിയമിച്ചതായി ഓവർസിയർ അറിയിച്ചു



Follow us on :

More in Related News