Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Oct 2026 07:21 IST
Share News :
കോഴിക്കോട് -ജയപരാജയങ്ങൾക്കപ്പുറം ഉൾക്കൊള്ളലിന്റെയും സഹകരണത്തിന്റെയും സന്ദേശവുമായി 68-ാമത് കേരള സംസ്ഥാന സ്കൂൾ കായികമേളയിൽ ഇൻക്ലൂസീവ് സ്പോർട്സ് മത്സരങ്ങൾ ശ്രദ്ധേയമായി. ഭിന്നശേഷി വിദ്യാർഥികളും പൊതുവിഭാഗത്തിലെ സഹപാഠികളും ഒരേ ടീമിൽ അണിനിരന്ന മത്സരങ്ങളിൽ 2,000-ത്തിലധികം ഭിന്നശേഷി കായികതാരങ്ങൾ പങ്കെടുത്തു. പരിമിതികൾക്കപ്പുറം കായികപ്രതിഭയ്ക്ക് അതിരുകളില്ലെന്ന സന്ദേശമാണ് മത്സരങ്ങൾ പകർന്നത്.
തിങ്കളാഴ്ച നടന്ന മത്സരങ്ങളിൽ അത്‌ലറ്റിക്സ്, ഗെയിംസ് വിഭാഗങ്ങളിലായി 18 ഇനങ്ങളിലാണ് കുട്ടികൾ മാറ്റുരച്ചത്. മിക്സഡ് റിലേ (4×100 മീറ്റർ), മിക്സഡ് സ്റ്റാൻഡിങ് ലോങ് ജമ്പ്, മിക്സഡ് സ്റ്റാൻഡിങ് ത്രോ, കാഴ്ചപരിമിതരായ കുട്ടികൾക്കുള്ള 100 മീറ്റർ ഓട്ടം എന്നിവയായിരുന്നു അത്‌ലറ്റിക്സിലെ പ്രധാന ഇനങ്ങൾ.
ഗെയിംസ് വിഭാഗത്തിൽ ആൺകുട്ടികൾക്കായി സെവൻസ് ഫുട്ബോളും ക്രിക്കറ്റും പെൺകുട്ടികൾക്കായി ഹാൻഡ്ബോളും ബോച്ചെയും സംഘടിപ്പിച്ചു. മിക്സഡ് ബാഡ്മിന്റണും മത്സരങ്ങളുടെ ഭാഗമായി നടന്നു. ജൂനിയർ (14 വയസ്സിന് താഴെ), സീനിയർ (14 വയസ്സിന് മുകളിൽ) എന്നീ രണ്ട് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ പൂർത്തിയാക്കിയത്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിൽ എസ്.സി.ഇ.ആർ.ടി കേരളയും സമഗ്രശിക്ഷാ കേരളയും ചേർന്നാണ് ഇൻക്ലൂസീവ് സ്പോർട്സ് മാനുവൽ തയ്യാറാക്കിയത്. അന്താരാഷ്ട്ര കായിക മാനദണ്ഡങ്ങൾക്കനുസൃതമായി ആവശ്യമായ മാറ്റങ്ങൾ വരുത്തിയാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. മെഡിക്കൽ ബോർഡിന്റെ തരംതിരിക്കലിന്റെ അടിസ്ഥാനത്തിൽ കായികതാരങ്ങളെ വിവിധ വിഭാഗങ്ങളിലായി ഉൾപ്പെടുത്തി.
2024–25 അധ്യയനവർഷത്തിൽ സ്കൂൾ ഒളിമ്പിക്സ് മാതൃകയിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇൻക്ലൂസീവ് സ്പോർട്സിന് തുടക്കം കുറിച്ചത്. ആദ്യ സ്കൂൾ ഒളിമ്പിക്സിൽ 14 ജില്ലകളിൽ നിന്നായി 1,600-ഓളം ഭിന്നശേഷി കായികതാരങ്ങൾ പങ്കെടുത്തിരുന്നു. ഇത്തവണ സംസ്ഥാന സ്കൂൾ കായികമേളയുടെ ഔദ്യോഗിക ഭാഗമായാണ് ഇൻക്ലൂസീവ് സ്പോർട്സ് മത്സരങ്ങൾ സംഘടിപ്പിച്ചത്. കായികരംഗത്ത് സമത്വവും പങ്കാളിത്തവും ഉറപ്പാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പായി ഈ മാറ്റം വിലയിരുത്തപ്പെടുന്നു.
Follow us on :
Tags:
More in Related News
Please select your location.