Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡൽഹി കലാപ ഗൂഢാലോചന കേസ്: ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച് സുപ്രീം കോടതി

05 Jan 2026 14:08 IST

NewsDelivery

Share News :

ന്യൂഡൽഹി - ഡൽഹി കലാപ ഗൂഢാലോചന കേസിൽ ഉമർ ഖാലിദിനും ഷർജിൽ ഇമാമിനും ജാമ്യമില്ല. ഇരുവർക്കും എതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ജാമ്യം നിഷേധിച്ചത്. ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസിൽ ഗുല്‍ഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ഷിഫ ഉർ റഹ്മാൻ, ഷദാബ് അഹമ്മദ്, മുഹമ്മദ് സലീം ഖാൻ എന്നിവർക്ക് ജാമ്യം അനുവദിച്ചു. 

പ്രതികൾക്കെതിരെയുള്ള ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ ഗൗരവമുള്ളതാണെന്നും യുഎപിഎ നിയമപ്രകാരമുള്ള കർശന വ്യവസ്ഥകൾ ഈ സാഹചര്യത്തിൽ നിലനിൽക്കുമെന്നും കോടതി നിരീക്ഷിച്ചു. അഞ്ചു വർഷത്തിലേറെയായി ഉമർ ഖാലിദ് ജയിലിൽ തുടരുകയാണ്. വിചാരണ വൈകുന്നത് പരിഗണിച്ച് ജാമ്യം നൽകണമെന്ന വാദമാണ് കോടതി തള്ളിയത്.

ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെതിരെ ഉമർ ഖാലിദ് നൽകിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. നേരത്തെ, ഡിസംബറിൽ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഉമർ ഖാലിദിന് 14 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

2020ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കു പിന്നാലെ നടന്ന കലാപത്തിൽ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തിയാണ് ഡൽഹി പൊലീസ് ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയത്. ഇരുവരുടെയും ജാമ്യാപേക്ഷ 2022 മുതൽ കോടതിയിലാണ്. ഡൽഹി കലാപത്തിൽ 50 പേർ കൊല്ലപ്പെടുകയും 700ലേറെ പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. അറസ്റ്റിലായ പ്രതികൾ കലാപത്തിന്റെ മുഖ്യ ആസൂത്രകരാണെന്നാണു പൊലീസ് ആരോപിക്കുന്നത്.

Follow us on :

More in Related News