Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പഹല്‍ഗാം രക്തസാക്ഷിയെ കുറിച്ചുള്ള വീഡിയോയ്ക്ക് ഗള്‍ഫിലിരുന്ന് രാജ്യവിരുദ്ധ കമന്റിട്ട യുവാവ് അറസ്റ്റില്‍

06 Jul 2026 11:23 IST

Jithu Vijay

Share News :

മലപ്പുറം : പഹല്‍ഗാം ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച എറണാകുളം സ്വദേശിയുടെ മകള്‍ പങ്കുവെച്ച വീഡിയോയ്‌ക്ക് കീഴില്‍ വിദ്വേഷ കമന്റ് പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി ഐക്കരപ്പടി പൂച്ചൽ സ്വദേശി അണിയം പള്ളിൽ പി.അബ്ദുൽ സലിം മകൻ മുഹമ്മദ് സനൂഫി (26) നെയാണ് സംസ്ഥാന സൈബര്‍ സെല്ലിന്റെ സഹായത്തോടെ പിടികൂടിയത്.

വിദേശത്തിരുന്നുകൊണ്ടാണ് മുഹമ്മദ് സനൂഫ് വിദ്വേഷ കമന്റ് പോസ്റ്റ് ചെയ്തത്.


ഒരു വർഷത്തിനുശേഷം സൗദി അറേബ്യയില്‍ നിന്ന് കരിപ്പൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ എത്തിയ ഇയാളെ ഉടന്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ജമ്മുകശ്മീരിലെ പഹല്‍ഗാം പാക്ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായ ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രന്റെ വിയോഗത്തിന് പിന്നാലെ അദ്ദേഹത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ച മകള്‍ ആരതിയുടെ വീഡിയോയ്‌ക്ക് താഴെയായിരുന്നു മുഹമ്മദ് സനൂഫ് പ്രകോപനപരമായ കമന്റിട്ടത്. രാജ്യത്തിന്റെ അഖണ്ഡതക്കെതിരായും ഇന്ത്യൻ സൈന്യത്തിനെതിരായും മതവിദ്വേഷം നിറഞ്ഞ പരാമര്‍ശമാണ് ഇയാൾ സമൂഹമാധ്യമ അക്കൗണ്ടിലൂടെ നടത്തിയത്.


പ്രതിയുടെ മൊബൈല്‍ ഫോണും മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ ഇയാളുടെ മറ്റ് ഇടപെടലുകളും പരിശോധിച്ചുവരികയാണ്. രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന തരത്തിലോ രാജ്യത്തിനായി ജീവന്‍ ബലിനല്‍കിയ സൈനികരെയും അവരുടെ കുടുംബാംഗങ്ങളെയും അധിക്ഷേപിക്കുന്ന തരത്തിലോ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. ഐടി നിയമം ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.


സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമുയരുകയും നിരവധി പേര്‍ നിയമനടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. യുവമോർച്ച നേതാവ് അഥീന ഭാരതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സൈബര്‍ പോലീസും പ്രാദേശിക പോലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

Follow us on :

More in Related News