Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തെന്നിന്ത്യൻ വാനമ്പാടി എസ്.ജാനകി അന്തരിച്ചു

11 Jul 2026 21:45 IST

Jithu Vijay

Share News :

മൈസൂർ : വിഖ്യാത ഗായിക എസ്. ജാനകി(88) അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വസന സംബന്ധമായ പ്രശ്നങ്ങളെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തദ്ദേശീയവും വിദേശീയവുമായ ഇരുപതോളം ഭാഷകളിൽ പതിനായിരക്കണക്കിന് പാട്ടുകൾ പാടി.


പാടി. ആന്ധ്രപ്രദേ‌ശിലെ ഗുണ്ടൂർ ജില്ലയിൽ 1938 ഏപ്രിൽ 23നായിരുന്നു എസ്. ജാനകിയുടെ ജനനം. പിതാവ് ശിസ്തില രാമമൂർത്തി ആയുർവേദ ഡോക്ടറായിരുന്നു. മാതാപിതാക്ക‌‌‌ൾ ചെ‌റുപ്പത്തിലേ മരിച്ചു. അമ്മാവനായ ഡോ. ചന്ദ്രശേഖറിന്റെ സംരക്ഷണയിലാണ് ജാനകി പിന്നീട് വളർന്നത്. ചെ‌റുപ്പം മുതലേ സംഗീതവാസനയുണ്ടായിരുന്നെങ്കിലും ചില ഹൃസ്വകാല പഠനങ്ങളൊഴികെ ശാസ്ത്രീയസംഗീതം ആഴത്തിൽ പഠിക്കാനുള്ള അവസരങ്ങളൊന്നും ലഭിച്ചില്ല. 1956ൽ ആകാശവാണി നടത്തിയ അഖിലേന്ത്യാ സംഗീതമത്സരത്തിൽ പങ്കെടുത്ത് രണ്ടാം സ്ഥാനത്തിന് അർഹയായതാണ് ജാനകിക്ക് സംഗീതലോകത്തേക്കു വഴിതുറന്നത്.


1957ൽ മദ്രാസിലെ എവിഎം സ്റ്റുഡിയോയിൽ ജോലി ലഭിച്ചു. പ്രശസ്ത സംഗീത സംവിധായകൻ ചലപതി റാവുവിനുവേണ്ടി വിധിയിൻ വിളയാട്ട് എന്ന തമിഴ് ചിത്രത്തിൽ പാടിയാണ് ജാനകി ചലച്ചിത്ര സംഗീതലോകത്തേക്ക് കടന്നുവരുന്നത്. ചിത്രം പുറത്തിറങ്ങിയില്ലെങ്കിലും മലയാളം ഉൾപ്പെടെ ആറു ഭാഷകളിൽ പാടുവാൻ ആ വർഷം തന്നെ അവസരം ലഭിച്ചു.


1957ൽ പുറത്തിറങ്ങിയ മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചിത്രത്തിലെ ഇരുൾ മൂടുകയോ എൻ വഴിയിൽ എന്ന ഗാനമാണ് മലയാളത്തിൽ ആദ്യമായി പാടിയത്. 1962ൽ പുറത്തിറങ്ങിയ കൊഞ്ചും ചിലങ്കൈ എന്ന തമിഴ്ചിത്രത്തിൽ ജാനകി പാടിയ ശിങ്കാര വേലനെ ദേവ എന്ന പാട്ട് തെന്നിന്ത്യൻ സംഗീതലോകത്തെ ഇളക്കിമറിച്ചു. സിനിമാസംഗീതമേഖലയിൽ ജാനകി തന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.


ദക്ഷിണേന്ത്യൻ ഭാഷകൾക്ക് പുറമേ ഹിന്ദി, ബംഗാളി, പഞ്ചാബി, ഒഡിയ, ഇംഗ്ളീഷ്, സംസ്കൃതം, കൊങ്ങിണി, തുളു, സൗരാഷ്ട്ര, ബഡഗ, സിംഹള, ജർമൻ ഭാഷകളിലും ജാനകി പാടിയിട്ടുണ്ട്. മികച്ച ഗായികയ്ക്കുള്ള ദേശിയ അവാർഡ് നാലുതവണ എസ്.ജാനകിയ്ക്ക് ലഭിച്ചു. ഓപ്പോൾ എന്ന സിനിമയിലെ ഏറ്റുമാനൂരമ്പലത്തിൽ എന്നു തുടങ്ങുന്ന പാട്ടാണ് 1981ലെ ദേശീയ അവാർഡിന് ജാനകിയെ അർഹയാക്കിയത്. രണ്ടു തവണ തമിഴ് ഗാനങ്ങളും ഒരു തവണ തെലുങ്കുമാണ് അവർക്ക് ദേശിയ പുരസ്കാരം സമ്മാനിച്ചത്. മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന അവാർഡ് 11 തവണയും ആന്ധ്ര അവാർഡ് 10 തവണയും തമിഴ്നാട് സംസ്ഥാന അവാർഡ് ഏഴു പ്രാവശ്യവും മികച്ച ഗായികയ്ക്കുള്ള ഒഡീഷ സർക്കാരിന്റെ അവാർഡ് ഒരു തവണയും എസ്. ജാനകിയ്ക്ക് ലഭിച്ചു.


2017 ഒക്ടോബറിൽ മൈസൂരിലെ മാനസഗംഗോത്രി ഓപ്പൺ എയർ ഓഡിറ്റോറിയത്തിലായിരുന്നു എസ്. ജാനകിയുടെ അവസാന സംഗീതനിശ. ഇനി പൊതുവേദിയിൽ പാടില്ലെന്ന് അവർ അവിടെ പ്രഖ്യാപിച്ചു. ജാനകിയുടെ അവസാന സിനിമാഗാനവും മലയാളത്തിലായിരുന്നു. 2016ൽ പുറത്തിറങ്ങിയ പത്തു കൽപ്പനകൾ എന്ന ചിത്രത്തിൽ.


പരേതനായ വി.രാമപ്രസാദാണ് എസ്. ജാനകിയുടെ ഭർത്താവ്. 1958ലായിരുന്നു വിവാഹം. 1990ൽ അദ്ദേഹം മരണപ്പെട്ടു. ഏക മകൻ മുരളീകൃഷ്ണ (പരേതൻ). മരുമകൾ ഉമ. പേരക്കു‌ട്ടികൾ അമൃതവർഷിണി, അപ്സര.



Follow us on :

More in Related News