Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാമനാട്ടുകരയിൽ വൻ ഹാൻസ് വേട്ട; 'ഓപ്പറേഷൻ തൂഫാൻ' പരിശോധനയിൽ 5,200 പാക്കറ്റ് പിടികൂടി

12 Jul 2026 23:11 IST

Enlight Media

Share News :

കോഴിക്കോട്: സംസ്ഥാന വ്യാപക പരിശോധനയുടെ ഭാഗമായി നടന്ന 'ഓപ്പറേഷൻ തൂഫാൻ' നടപടിക്കിടെ രാമനാട്ടുകരയിൽ നിന്ന് വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രാമനാട്ടുകര അമ്പലക്കണ്ടി സ്വദേശി പള്ളിക്കര വീട്ടിൽ മുസ്തഫ (52)യെ ഫറോക്ക് പോലീസ് അറസ്റ്റ് ചെയ്തു.

ജൂലൈ 11-ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഫറോക്ക് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മിഥുൻ എൻ.കെയുടെ നേതൃത്വത്തിലുള്ള സംഘം രാമനാട്ടുകര ഹെൽത്ത് സെന്ററിന് സമീപം നീലിത്തോട് പാലത്തിനടുത്തുള്ള വാടകവീട്ടിൽ പരിശോധന നടത്തി. പരിശോധനയിൽ വീട്ടിനുള്ളിൽ ആറ് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഏകദേശം 5,000 പാക്കറ്റ് ഹാൻസ് കണ്ടെത്തി.

തുടർന്ന് വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന KL-11-BT-2179 നമ്പർ സ്കൂട്ടറിന്റെ ഡിക്കി പരിശോധിച്ചപ്പോൾ 180 പാക്കറ്റ് ഹാൻസ് കൂടി കണ്ടെത്തി. ഇതോടെ ആകെ 5,200 ഓളം പാക്കറ്റ് ഹാൻസും കടത്തിനുപയോഗിച്ച സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രതി രാമനാട്ടുകരയിൽ സ്റ്റേഷനറി കട നടത്തുന്നയാളാണെന്നും, കടയുടെ മറവിൽ ഹാൻസ് മൊത്തമായും ചില്ലറയായും വിൽപ്പന നടത്തിയിരുന്നതായും പോലീസ് പറഞ്ഞു. വാടകവീട് നിരോധിത പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിക്കുന്നതിനായാണ് എടുത്തതെന്നും, അന്യസംസ്ഥാന തൊഴിലാളികൾ, വിദ്യാർത്ഥികൾ, യുവാക്കൾ എന്നിവരടക്കം നിരവധി പേർ ഇവിടെ നിന്ന് ഹാൻസ് വാങ്ങിയിരുന്നുവെന്നും ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി പോലീസ് അറിയിച്ചു.

ഫറോക്ക്, കോഴിക്കോട് മേഖലകളിലെ വിവിധ ആവശ്യക്കാർക്ക് മൊത്തമായി ഹാൻസ് വിതരണം ചെയ്തിരുന്നുവെന്ന വിവരവും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഹാൻസ് എത്തിച്ചിരുന്ന വ്യക്തികളെയും വിതരണ ശൃംഖലയെയും കുറിച്ച് അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

സബ് ഇൻസ്പെക്ടർമാരായ മിഥുൻ എൻ.കെ, സുജിത്ത്, റിനീഷ്, സിവിൽ പോലീസ് ഓഫീസർമാരായ സനീഷ്, രംജീഷ്, സജിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Follow us on :

More in Related News