Tue Dec 12, 2023 10:56 PM 1ST

Location  

Sign In

₹50 ലക്ഷം കോർപ്പറേറ്റ് വാട്സ്ആപ്പ് തട്ടിപ്പ്: പണം പിൻവലിച്ച യുവാവ് 48 മണിക്കൂറിനകം അറസ്റ്റിൽ

03 Jul 2026 21:26 IST

NewsDelivery

Share News :

കോഴിക്കോട്: സ്വകാര്യ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറുടെ പേരിലും ചിത്രത്തിലും വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് സൃഷ്ടിച്ച് ₹50 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പണം പിൻവലിച്ച് ഉപയോഗിച്ച യുവാവിനെ കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് 48 മണിക്കൂറിനകം അറസ്റ്റ് ചെയ്തു.

സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ട്സ് വിഭാഗത്തെ വ്യാജ വാട്സ്ആപ്പ് സന്ദേശങ്ങളിലൂടെ തെറ്റിദ്ധരിപ്പിച്ച് സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് RTGS വഴി ₹50 ലക്ഷം തട്ടിയെടുത്ത സംഭവത്തിലാണ് അന്വേഷണം ആരംഭിച്ചത്. തട്ടിപ്പ് മനസ്സിലായ ഉടൻ സ്ഥാപനം ദേശീയ സൈബർ ഹെൽപ് ലൈൻ 1930-ൽ പരാതി നൽകുകയും തുടർന്ന് കോഴിക്കോട് സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

ബാങ്ക് ഇടപാടുകളുടെയും ഡിജിറ്റൽ തെളിവുകളുടെയും വിശദമായ പരിശോധനയിൽ, തട്ടിയെടുത്ത തുകയിൽ നിന്ന് ₹5 ലക്ഷം ഇൻഡസ്ഇൻഡ് ബാങ്കിലെ ഒരു അക്കൗണ്ടിലേക്ക് രണ്ടാംഘട്ട (Second Layer) ഇടപാടായി എത്തിയതായി കണ്ടെത്തി. ഈ അക്കൗണ്ടിന്റെ ഉടമയായ കോഴിക്കോട് കുറ്റിയിൽ താഴം പൊക്കുന്ന് സ്വദേശി മുഹമ്മദ് നയീം (27) തുക അന്നുതന്നെ ചെക്ക് മുഖേന പിൻവലിച്ച് ഉപയോഗിച്ചതായി അന്വേഷണത്തിൽ വ്യക്തമായി.

തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ പ്രതിയെ ജൂലൈ 3-ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കേസിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് പ്രതികളെ കണ്ടെത്തുന്നതിനും തട്ടിയെടുത്ത മുഴുവൻ തുകയും വീണ്ടെടുക്കുന്നതിനുമായി Money Trail പിന്തുടർന്നുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

പൊലീസ് മുന്നറിയിപ്പ്

കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ഉന്നത ഉദ്യോഗസ്ഥരുടെ പേരിലും ചിത്രത്തിലും വ്യാജ വാട്സ്ആപ്പ് അക്കൗണ്ടുകൾ സൃഷ്ടിച്ച് അക്കൗണ്ട്സ്, ഫിനാൻസ് വിഭാഗങ്ങളെ ലക്ഷ്യമിട്ട് തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ, സാമ്പത്തിക ഇടപാടുകൾക്ക് മുമ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി അവരുടെ യഥാർഥ ഫോൺ നമ്പറിൽ നേരിട്ട് ബന്ധപ്പെട്ട് നിർദേശം സ്ഥിരീകരിക്കണമെന്ന് പൊലീസ് നിർദേശിച്ചു.

അതോടൊപ്പം സംശയാസ്പദമായ ലിങ്കുകൾ, ഇമെയിലുകൾ, APK, VBS, PDF അറ്റാച്ച്മെന്റുകൾ എന്നിവ തുറക്കരുതെന്നും മറ്റൊരാളുടെ ആവശ്യപ്രകാരം സ്വന്തം ബാങ്ക് അക്കൗണ്ട്, UPI ഐഡി, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് പണം സ്വീകരിക്കുകയോ കൈമാറുകയോ ചെയ്യുന്നത് Money Mule കുറ്റകൃത്യത്തിന്റെ ഭാഗമാകാമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

സൈബർ തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ 1930-ൽ വിളിക്കുകയോ National Cyber Crime Portal വഴി പരാതി നൽകുകയോ സമീപത്തെ സൈബർ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയോ വേണമെന്ന് അധികൃതർ അറിയിച്ചു.


Enlight Snaps

₹50 ലക്ഷം കോർപ്പറേറ്റ് വാട്സ്ആപ്പ് തട്ടിപ്പ്.

48 മണിക്കൂറിനകം പ്രതി അറസ്റ്റിൽ.

വ്യാജ WhatsApp അക്കൗണ്ട് ഉപയോഗിച്ചാണ് തട്ടിപ്പ്.

RTGS വഴി ₹50 ലക്ഷം തട്ടിയെടുത്തു.

₹5 ലക്ഷം രണ്ടാംഘട്ട ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി.

Money Trail പിന്തുടർന്ന് അന്വേഷണം തുടരുന്നു.

സംശയാസ്പദമായ സാമ്പത്തിക നിർദേശങ്ങൾ ഫോൺ വഴി സ്ഥിരീകരിച്ചശേഷം മാത്രം നടപ്പാക്കുക.

സൈബർ തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ 1930-ൽ റിപ്പോർട്ട് ചെയ്യുക.

Follow us on :

More in Related News