Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jul 2026 18:19 IST
Share News :
മലപ്പുറം : പാലക്കാട് മണ്ണാർക്കാട് നഗരസഭയിലെ വിജയോത്സവ ചടങ്ങിൽ വിദ്യാർത്ഥികളെ പരസ്യമായി ശാസിക്കുകയും കുട്ടിയുടെ ചെവിയിൽ നുള്ളുകയും ചെയ്തുവെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കെ ടി ജലീൽ. ചടങ്ങിൽ താൻ കുട്ടിയെ വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്നും, അധ്യാപകന്‍റെ സ്നേഹത്തോടെയും തമാശയോടും കൂടിയുള്ള തിരുത്തൽ മാത്രമാണ് അവിടെ നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അനുമോദന ചടങ്ങിൽ പങ്കെടുത്തപ്പോൾ പൊതുപ്രവർത്തകൻ എന്നതിനേക്കാൾ തന്നിലെ അധ്യാപകനാണ് ഉണർന്നതെന്ന് കെ ടി ജലീൽ പറയുന്നു. പന്ത്രണ്ടര വർഷം തിരൂരങ്ങാടി പിഎസ്എംഒ കോളേജിൽ അധ്യാപകനായിരുന്ന തനിക്ക് കുട്ടികളോട് എന്നും സുഹൃത്തുക്കളെപ്പോലെയുള്ള ബന്ധമാണുള്ളത്. "ചിരിച്ചുകൊണ്ട് ഒരു കുട്ടിയുടെ ചെവിയിൽ പിടിച്ചു എന്നത് ശരിയാണ്. അപ്പോൾ അവനും ചിരിക്കുകയാണ് ചെയ്തത്. കുട്ടിയുടെ മുഖം ബ്ലർ ചെയ്തതുകൊണ്ടാണ് വീഡിയോയിൽ അത് കാണാത്തത്. ഞാൻ ചെവിക്ക് നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ല, അത് എന്റെ രീതിയുമല്ല" - കെ.ടി ജലീൽ വ്യക്തമാക്കി.
പാലക്കാട് നടന്ന സംഭവത്തിൽ എം എസ് എഫ് മലപ്പുറം ജില്ലാ കമ്മിറ്റി പരാതി ഉന്നയിച്ചതിന്‍റെ ഔചിത്യം മനസിലാകുന്നില്ലെന്നും ജലീൽ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു.
ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം
നുള്ളും പൊള്ളും പിന്നെ മയയും കുയിയും!
മണ്ണാർക്കാട്ട് ഇന്നലെ നടന്ന SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അഭിനന്ദിക്കാൻ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ ജേതാക്കളും അവരുടെ രക്ഷിതാക്കളുമാണ് പങ്കെടുത്തത്. പരിപാടിയിലേക്ക് ഞാനും ക്ഷണിക്കപ്പെട്ടിരുന്നു. കുട്ടികളുമായും രക്ഷിതാക്കളുമായും ചോദ്യങ്ങൾ ചോദിച്ചും വർത്തമാനങ്ങൾ പറഞ്ഞും ചില പ്രധാനപ്പെട്ട കാര്യങ്ങൾ ഉണർത്തിയുമാണ് ഞാൻ ഉൽഘാടനം ചെയ്തത്. പ്രസംഗം കഴിഞ്ഞ് മുഴുവൻ പേർക്കും മെമെൻ്റൊ നൽകിയ ശേഷമാണ് വേദി വിട്ടത്.
അതുമായി ബന്ധപ്പെട്ട് "മുസ്ലിം വിദ്യാർത്ഥി ഫെഡറേഷൻ" (MSF) എനിക്കെതിരെ ആക്ഷേപമുന്നയിച്ച് രംഗത്തു വന്നത് ഒരു വിവാദത്തിന് തിരി കൊളുത്തിയതായി അറിയാനായി. പന്ത്രണ്ടര വർഷം തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ അദ്ധ്യാപകനായി പ്രവർത്തിച്ചയാളാണ് ഈയുള്ളവൻ. 2006-ൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് അദ്ധ്യാപന ജീവിതത്തോട് വിട പറഞ്ഞത്. എൻ്റെ വിദ്യാർത്ഥികളെ കഴിവിൻ്റെ പരമാവധി അവർക്കു മനസ്സിലാകും വിധം ഞാൻ പഠിപ്പിച്ചിട്ടുണ്ട്. കുട്ടികളുമായി വളരെ സൗഹൃദത്തിലാണ് വർത്തിച്ചത്. സത്യത്തിൽ അവർക്ക് ഞാനൊരു സുഹൃത്തായിരുന്നു. എനിക്കവർ അനുജ സ്നേഹിതൻമാരും. കുട്ടികളുടെ നൻമയല്ലാതെ മറ്റൊന്നും ഇന്നുവരെ ആഗ്രഹിച്ചിട്ടില്ല. ഒരു കുട്ടിയേയും ശിക്ഷിച്ചതായി ഓർക്കുന്നില്ല. എന്തെങ്കിലും തെറ്റു പറഞ്ഞാൽ തമാശക്ക് ചിരിച്ച് ചെവിയിൽ പിടിക്കുമെന്നല്ലാതെ അവരെ വേദനിപ്പിക്കും വിധം പെരുമാറിയിട്ടേയില്ല. ഞാൻ പഠിപ്പിച്ച ഏതെങ്കിലും ഒരു കുട്ടിക്ക് മറിച്ചൊരു അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ കമൻ്റായി അവർക്കത് ഈ പോസ്റ്റിന് ചുവട്ടിൽ എഴുതാം. എൻ്റെ വിദ്യാർത്ഥികളിൽ ധാരാളം MSF-കാരും ഉണ്ടായിരുന്നു. അവരിൽ പലരും രാഷ്ട്രീയത്തിൽ ഉൾപ്പടെ പലമേഖലകളിലും പ്രവർത്തിക്കുന്നുണ്ട്. തുറന്ന മനസ്സോടെ അവർക്കും ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ കമൻ്റിടാം.
ഇനി മണ്ണാർക്കാട്ടേക്കു വരാം. സാധാരണ അനുമോദന ചടങ്ങുകളിൽ പങ്കെടുക്കുമ്പോഴെല്ലാം ഏകപക്ഷീയമായി പ്രസംഗിച്ചു പോരുന്ന രീതിയല്ല എൻ്റേത്. വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും ചോദിച്ചും പറഞ്ഞുമാണ് സംസാരിക്കാറ്. മണ്ണാർക്കാട്ടും അതുതന്നെയാണ് സംഭവിച്ചത്. കുട്ടികളെ കാണുമ്പോൾ പൊതുപ്രവർത്തകൻ എന്നതിനെക്കാൾ എന്നിലെ അദ്ധ്യാപകനാണ് ഉയർന്നു നിൽക്കാറ്. തമാശയിലൂടെ ദേഷ്യപ്പെട്ടും ചിരിച്ചും ചിരിപ്പിച്ചും കുട്ടികളെ അവരുടെ കഴിവുകൾക്കൊപ്പം കുറവുകളും ചൂണ്ടിക്കാണിച്ച് കൊടുക്കാനാണ് ശ്രമിക്കാറ്. അതേ മണ്ണാർക്കാട്ടും നടന്നിട്ടുള്ളൂ. വീഡിയോ പൂർണ്ണമായും കണ്ടാൽ അത് ബോദ്ധ്യമാകും.
ചിരിച്ചു കൊണ്ട് ഒരു കുട്ടിയുടെ ചെവിയിൽ പിടിച്ചു എന്നത് ശരിയാണ്. അപ്പോൾ അവനും ചിരിക്കുകയാണ് ചെയ്തത്. കുട്ടിയുടെ മുഖം ബ്ലറർ ആക്കിയതു കൊണ്ട് അതു കാണുന്നില്ലെന്ന് മാത്രം. ഞാൻ ചെവിക്ക് നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ല. അതെൻ്റെ രീതിയുമല്ല. ആ കുട്ടിയോട് ചോദിച്ചാൽ അതു ബോദ്ധ്യമാകും. ഏതെങ്കിലും രക്ഷിതാക്കൾക്കോ വിദ്യാർത്ഥികൾക്കോ എൻ്റെ പ്രസംഗം പ്രയാസം ഉണ്ടാക്കാനിടയില്ലെന്നാണ് എൻ്റെ വിശ്വാസം. അങ്ങിനെ ഉണ്ടായതായി ആരെങ്കിലും പറഞ്ഞാൽ തീർച്ചയായും അതു പരിഗണിക്കും.
കുട്ടികൾക്ക് പിശകുകൾ സംഭവിച്ചാൽ തമാശയിലും കാര്യത്തിലും അത് ചൂണ്ടിക്കാണിച്ച് കൊടുക്കലാണ് മുതിർന്നവരുടെ ചുമതല. പ്രത്യേകിച്ച് അദ്ധ്യാപകരുടെ. അല്ലെങ്കിൽ അവർ എത്ര വളർന്നാലും, മയ, കുയി, പുയ, പുയു, മയു, എന്നൊക്കെയാകും പറയുക. ഇതൊന്നും മനസ്സിലാകാത്തവരല്ല MSF-കാർ. പാലക്കാട് ജില്ലയിൽ നടന്ന ഒരു കാര്യത്തിൽ MSF മലപ്പുറം ജില്ലാ കമ്മിറ്റി പരാതിപ്പെട്ടതിൻ്റെ ഔചിത്യം മനസ്സിലാകുന്നില്ല. MSF മലപ്പുറം ജില്ലാ കമ്മിറ്റിക്ക് നല്ല നമസ്കാരം.
Follow us on :
Tags:
More in Related News
Please select your location.