Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേശീയ അസിസ്റ്റന്റ് സെക്രട്ടറിമാരായി വനിതകൾ; പുതുവഴിയിൽ മുസ്‌ലിം ലീഗ്

16 May 2025 00:03 IST

NewsDelivery

Share News :

കോഴിക്കോട് ∙ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയിൽ വനിതകളും. ദേശീയ അസിസ്റ്റന്റ് സെക്രട്ടറിമാരായി കേരളത്തില്‍ നിന്ന് ജയന്തി രാജനും തമിഴ്‌നാട്ടില്‍ നിന്ന് ഫാത്തിമ മുസഫറുമാണ് കമ്മിറ്റിയിൽ ഇടംനേടിയത്.

ചെന്നൈയിലെ അബു പാലസ് ഓഡിറ്റോറിയത്തിൽ ചേർന്ന ദേശീയ കൗൺസിൽ യോഗമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.. തമിഴ്നാട്ടിൽ നിന്നുള്ള പ്രഫ. കെ.എം. ഖാദർ മൊയ്തീൻ ദേശീയ പ്രസിഡന്റായും പി.കെ.കുഞ്ഞാലിക്കുട്ടി ജനറൽ സെക്രട്ടറിയായും തുടരും. 

ചെന്നൈയിൽ നിന്നുള്ള ഫാത്തിമ മുസഫർ വനിത ലീഗ് ദേശീയ അധ്യക്ഷയായിരുന്നു. ഇസ്‌ലാമിക് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദവും നിയമബിരുദവും നേടിയിട്ടുള്ള ഫാത്തിമ മുസഫര്‍ മുസ്‌ലിം പഴ്സനല്‍ ലോ ബോര്‍ഡ്, തമിഴ്നാട് വഖഫ് ബോര്‍ഡ്, മുസ്‌ലിം വുമണ്‍ എയിഡ് സൊസൈറ്റി, മുസ്‌ലിം വുമണ്‍സ് അസോസിയേഷന്‍ എന്നിവയിലും അംഗമാണ്. വനിതാ ലീഗ് ദേശീയ സെക്രട്ടറിയായിരുന്നു വയനാട്ടിൽ നിന്നുള്ള ജയന്തി രാജൻ. ദലിത് വിഭാഗത്തിൽ നിന്നുള്ള വയനാട് ഇരുളം സ്വദേശിയായ ജയന്തി രാജൻ, നിലവിൽ വനിത ലീഗ് സംസ്ഥാന അധ്യക്ഷ കൂടിയാണ്. പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലും പ്രവര്‍ത്തിച്ച ജയന്തിയെ ചേലക്കര നിയമസഭാ സീറ്റ് ലീഗിന് കിട്ടുകയാണെങ്കില്‍ അവിടെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി പരിഗണിച്ചിരുന്നു.

എന്നും താങ്ങായി നിന്നിട്ടുളള ലീഗ് മതേതര പ്രസ്ഥാനമാണെന്നും മറ്റു മതസ്ഥർക്കും ഇതിൽ പ്രാധാന്യമുണ്ടെന്നും ജയന്തി രാജൻ പ്രതികരിച്ചു. ഒരു കുഗ്രാമത്തിൽ നിന്നാണ് തന്നെപ്പോലെ ഒരാളെ ദേശീയ സമിതിയിലേക്ക് ലീഗ് ഉയർത്തിക്കൊണ്ടുവന്നത്. ലീഗിനെ സംബന്ധിച്ച് പലർക്കും തെറ്റിധാരണകളുണ്ട്. വനിതകൾക്ക് സീറ്റ് വർധിപ്പിക്കാൻ ശ്രമം നടത്തുമെന്ന് അവർ പറഞ്ഞു. വനിതകൾക്കും ന്യൂനപക്ഷങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് ലീഗെന്നും എല്ലാകാലത്തും സംഘടനയുടെ വിവിധഘടകങ്ങളിൽ സ്ത്രീ പ്രാതിനിധ്യം നൽകിയിട്ടുണ്ടെന്നും ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു

Follow us on :

More in Related News