Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Nov 2026 09:58 IST
Share News :
മലപ്പുറം : നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികളെ കാവൽ പോലുള്ള പദ്ധതികളിൽ ഉൾപ്പെടുത്തി തിരുത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നും സാമൂഹിക അവബോധം നൽകണമെന്നും സംസ്ഥാന ബാലാവകാശ കമ്മീഷൻ നിർദേശിച്ചു.
മലപ്പുറം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ കർത്തവ്യ വാഹകരുടെ യോഗത്തിലാണ് പൊലീസിനും മോട്ടോർ വാഹന വകുപ്പിനുമായി ഈ നിര്‍ദ്ദേശം നല്‍കിയത്. കുട്ടികൾക്കിടയിൽ മോട്ടോർ വാഹന നിയമലംഘനം വർധിച്ചുവരുന്ന സാഹചര്യത്തിൽ ബോധവത്കരണം ശക്തമാക്കണമെന്നും, നിയമലംഘനം നടത്തുന്ന കുട്ടികൾക്കെതിരെ സാമൂഹിക പശ്ചാത്തല റിപ്പോർട്ട് (എസ്.ബി.ആർ) രജിസ്റ്റർ ചെയ്ത് കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവത്കരണം നൽകണമെന്നും കമ്മീഷൻ നിര്‍ദ്ദേശിച്ചു.
ജില്ലയിലെ ട്രൈബൽ മേഖലയിലെ വീടുകളിൽ നടക്കുന്ന പ്രസവം, വാക്സിനേഷൻ എടുക്കാതെ കുട്ടികൾക്ക് ജീവൻ നഷ്ടമായ സംഭവങ്ങൾ തുടങ്ങിയവയിൽ ബോധവത്കരണം നൽകി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ തുടർനടപടി സ്വീകരിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കമ്മീഷൻ നിർദേശം നൽകി. സ്വകാര്യതയും അന്തസ്സും ഉറപ്പുവരുത്തി കുട്ടികൾക്ക് കൗൺസിലിങ് നൽകുന്നതിന് മതിയായ ഭൗതിക സാഹചര്യം സ്കൂളുകളിൽ ഒരുക്കാൻ വിദ്യാഭ്യാസ വകുപ്പ് നടപടികൾ സ്വീകരിക്കണം.
ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ചൈൽഡ് വെൽഫെയർ പ്രൊട്ടക്ഷൻ കമ്മിറ്റികൾ ശാക്തീകരിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ശിശുസംരക്ഷണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ തദ്ദേശ സ്വയംഭരണ ഡെപ്യൂട്ടി ഡയറക്ടർക്ക് കമ്മീഷൻ നിർദേശം നൽകി. വിവിധ വകുപ്പുകളുടെ ഏകോപനത്തിനും കൂട്ടായ തീരുമാനങ്ങൾക്കും ജില്ലാതല ഉദ്യോഗസ്ഥർ നേതൃത്വം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
സംസ്ഥാന ബാലാവകാശ കമ്മീഷൻ വിളിച്ചുചേർത്ത യോഗത്തിൽ കമ്മീഷൻ ആക്ടിങ് ചെയർപേഴ്സൺ സിസിലി ജോസഫ് വിഷയാവതരണം നടത്തി. കമ്മീഷൻ അംഗം അഡ്വ. പി. ഷാജേഷ് ഭാസ്കർ അവലോകനയോഗം നിയന്ത്രിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ മമ്മു മാസ്റ്റർ, ജെ.ജെ.ബി അംഗം ശ്രീജ പുളിക്കൽ, ഡെപ്യൂട്ടി കളക്ടർ പ്രീത പ്രതാപൻ, ജില്ലാ വനിതാ-ശിശു വികസന ഓഫീസർ എസ്.എൽ ശ്യാം ശങ്കർ, ജില്ലാ ശിശുസംരക്ഷണ ഓഫീസർ ടി.എൻ ധന്യ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.