Tue Dec 12, 2023 10:56 PM 1ST

Sign In

സംസ്ഥാനതല അണ്ടര്‍-19 വടംവലി ചാമ്പ്യന്‍ഷിപ്പ്: ആണ്‍, പെണ്‍ വിഭാഗങ്ങളില്‍ പാലക്കാട് ജേതാക്കള്‍, മിക്‌സഡില്‍ മലപ്പുറം

21 Nov 2026 08:42 IST

Jithu Vijay

Share News :

മലപ്പുറം : സംസ്ഥാന വടംവലി അസോസിയേഷന്റെയും ദിശാദര്‍ശന്റെയും സംയുക്താഭിമുഖ്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ ചന്ദനക്കാംപാറയില്‍ സംഘടിപ്പിച്ച സംസ്ഥാനതല അണ്ടര്‍-19 വടംവലി ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍ കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ പാലക്കാട് ജില്ലാ ടീമുകള്‍ ജേതാക്കളായി. മിക്‌സഡ് വിഭാഗത്തില്‍ മലപ്പുറം ജില്ലയാണ് ജേതാക്കള്‍. 


ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇടുക്കി, കണ്ണൂര്‍ ജില്ലകളും മിക്‌സഡ് വിഭാഗത്തില്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 


27-ാമത് സംസ്ഥാന അണ്ടര്‍ 19 വടംവലി ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം ചന്ദനക്കാംപാറ ചെറുപുഷ്പ ഹൈസ്‌കൂളില്‍ കായിക വകുപ്പ് മന്ത്രി ഒ ജെ ജനീഷ് നിര്‍വഹിച്ചു. മലബാറില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള കളരി അക്കാദമി സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായുള്ള നടപടികള്‍ക്ക് കായിക വകുപ്പ് തുടക്കമിട്ടുകഴിഞ്ഞു. കളരിപ്പയറ്റിന് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതിനൊപ്പം മലബാറിലെ കായികമേഖലയുടെ വികസനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. 


മലയോര മേഖലയിലേതുള്‍പ്പെടെ വിദ്യാര്‍ഥികള്‍ക്ക് കായികരംഗത്ത് തുടരാനും മികവ് തെളിയിക്കാനും ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കും. കായികരംഗത്ത് മലബാറിലെ വിദ്യാര്‍ഥികള്‍ വലിയ സംഭാവനകളാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. കായികമേഖലയില്‍ സമഗ്രമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് പുതിയ സ്പോര്‍ട്സ് ബില്‍ കൊണ്ടുവരും. നവംബര്‍ അവസാനത്തിലോ ഡിസംബര്‍ ആദ്യത്തിലോ ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കായികരംഗം കൂടുതല്‍ പ്രൊഫഷണലാക്കുന്നതിനൊപ്പം നിലവിലുള്ള നിയമങ്ങളില്‍ കാലാനുസൃതമായ മാറ്റം വരുത്തി കായികതാരങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും അവര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കുകയുമാണ് ബില്ലിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.


സംസ്ഥാനത്തെ വളര്‍ന്നുവരുന്ന കായിക പ്രതിഭകളെ കണ്ടെത്തി ദേശീയ, അന്തര്‍ദേശീയ താരങ്ങളായി വളര്‍ത്തിയെടുക്കുന്നതിനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച 'ഖേലോ കേരളം - ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫി 2026' പദ്ധതിയില്‍ ഒന്നരലക്ഷം വിദ്യാര്‍ഥികള്‍ പങ്കാളികളാവും. അണ്ടര്‍ 12, അണ്ടര്‍ 14, അണ്ടര്‍ 16, അണ്ടര്‍ 18 വിഭാഗങ്ങളിലായി ആദ്യഘട്ടത്തില്‍ അത്ലറ്റിക്സ് മത്സരങ്ങളാണ് സംഘടിപ്പിക്കുക. 2036 ഒളിമ്പിക്‌സ് ലക്ഷ്യമിട്ടുള്ള കായിക മുന്നേറ്റത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പ്രഖ്യാപിച്ച പദ്ധതികളും വികസന പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചന്ദനക്കാംമ്പാറ ചെറുപുഷ്പം ഹൈസ്‌കൂളില്‍ നടന്ന പരിപാടിയില്‍ സജീവ് ജോസഫ് എംഎല്‍എ അധ്യക്ഷനായി.


തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പാംബ്ലാനി വിശിഷ്ടാതിഥിയായി. സംസ്ഥാന വടംവലി അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. അബിന്‍ വര്‍ക്കി എം എല്‍ എ, കേരള സ്റ്റേറ്റ് വടംവലി അസോസിയേഷന്‍ സെക്രട്ടറി ഷാന്‍ മുഹമ്മദ്, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ സുലേഖ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജെസ്സി ഷിജി, ശ്രീകണ്ഠപുരം മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ ഇ വി രാമകൃഷ്ണന്‍, പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിന്ധു ബെന്നി, ജില്ലാ പഞ്ചായത്ത് അംഗം ബേബി തോലാനി, റവ. ഡോ. സോണി വടശ്ശേരി, സ്‌കൂള്‍ മാനേജര്‍ റവ. ഫാദര്‍ അബ്രാഹം മഠത്തിമ്യാലില്‍, കേരള സ്റ്റേറ്റ് ടഗ് ഓഫ് വാര്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് പ്രൊഫ. പി രഘുനാഥ്, വടം വലി ചാമ്പ്യന്‍ഷിപ്പ് ഓര്‍ഗനൈസിംഗ് സെക്രട്ടറി പ്രവീണ്‍ മാത്യു എന്നിവര്‍ സംസാരിച്ചു.


ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ സി കെ മുഹമ്മദ് (ഇരിക്കൂര്‍), ജോസ് പരത്തനാല്‍ (എരുവേശ്ശി), സണ്ണി (ഉളിക്കല്‍), മോളി സജി (നടുവില്‍), പ്രിന്‍സി ബോബി (ആലക്കോട്), ടെസ്സി ആലുംമൂട്ടില്‍ (ഉദയഗിരി), വിപിന ബി പി (ചെങ്ങളായി), ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ജോജി വര്‍ഗീസ്, മോഹനന്‍ മുത്തേടന്‍,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബേബി മുല്ലക്കരി, ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക മഞ്ജു ജെയിംസ്, യു പി സ്‌കൂള്‍ പ്രധാനാധ്യാപിക വിജി മാത്യു, എല്‍ പി സ്‌കൂള്‍ പ്രധാനാധ്യാപിക പി എ റജീന എന്നിവര്‍ പങ്കെടുത്തു.

Follow us on :

More in Related News