Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Feb 2025 13:03 IST
Share News :
ചെന്നൈ: തമിഴ്‌നാട്ടില്‍ മറ്റൊരു ഭാഷായുദ്ധം ഉണ്ടാക്കരുതെന്ന് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍. ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ആയിരക്കണക്കിന് തമിഴര്‍ തമിഴ് ഭാഷക്ക് വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കും. കുട്ടികളുടെ വിദ്യാഭ്യാസത്തിലോ അവരുടെ ഭാവിയിലോ രാഷ്ട്രീയം കാണരുത്. വിദ്യാഭ്യാസത്തിനുള്ള ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ അനുവദിക്കണമെന്നും ഉദയനിധി ആവശ്യപ്പെട്ടു. പുതിയ വിദ്യാഭ്യാസ നയം, ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ എന്നിവക്കെതിരെ ഡി.എം.കെ ചെന്നൈയില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് കേന്ദ്ര സര്‍ക്കാറിനെതിരെ ഉദയനിധി ആഞ്ഞടിച്ചത്.
'തമിഴ്നാട് ത്രിഭാഷാ നയം അംഗീകരിച്ചാല്‍ മാത്രമേ ഫണ്ട് നല്‍കൂവെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞത്. ഞങ്ങളുടെ അച്ഛന്റെ പണമല്ല ചോദിച്ചത്, ഞങ്ങള്‍ക്ക് അവകാശപ്പെട്ട നികുതി പണമാണ് ആവശ്യപ്പെട്ടത്. തമിഴ്‌നാട് ഒരു ദ്രാവിഡ നാടാണ്, പെരിയാറിന്റെ നാടാണ്, തമിഴ്‌നാട് ആത്മാഭിമാനമുള്ള നാടാണ്... ഞങ്ങളെ ഭീഷണിപ്പെടുത്താന്‍ കഴിയുമെന്ന് നിങ്ങള്‍ (ബി.ജെ.പി) കരുതുന്നുണ്ടോ?. അത് ഒരിക്കലും തമിഴ്നാട്ടില്‍ നടക്കില്ല. കഴിഞ്ഞ തവണ തമിഴ് ജനതയുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ 'ഗോ ബാക്ക് മോദി' കാമ്പയിന്‍ തുടങ്ങി. വീണ്ടും അത്തരത്തില്‍ ശ്രമിച്ചാല്‍ നിങ്ങളെ (പ്രധാനമന്ത്രിയെ) തിരിച്ചയക്കാന്‍ 'ഗെറ്റ് ഔട്ട് മോദി' പ്രക്ഷോഭം ആരംഭിക്കും' -ഉദയനിധി സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.
2025ലെ കേന്ദ്ര ബജറ്റില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി പങ്കിടേണ്ട ഫണ്ട് ഉത്തര്‍പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങള്‍ക്ക് നല്‍കുകയും തമിഴ്‌നാടിനെ പൂര്‍ണമായും അവഗണിക്കുകയും ചെയ്തു. വിദ്യാര്‍ഥികളുടെ ക്ഷേമത്തിനുള്ള ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കണം. ഫണ്ടിന്റെ പേരില്‍ തമിഴ്നാട്ടിലെ കുട്ടികളുടെ പഠനം ബാധിക്കരുത്. ഞങ്ങള്‍ ഭരണഘടനയെയും ജനാധിപത്യത്തെയും ബഹുമാനിക്കുകയും ജനാധിപത്യപരമായി ശബ്ദമുയര്‍ത്തുകയും ചെയ്യുന്നു. ബി.ജെ.പി നേതൃത്വത്തിലുള്ള ഫാസിസ്റ്റ് സര്‍ക്കാറിന്റെ ചെവികള്‍ നമ്മുടെ ശബ്ദം കേള്‍ക്കേണ്ടതുണ്ട്. അവര്‍ നമ്മുടെ അവകാശങ്ങളെ മാനിക്കണം. അല്ലെങ്കില്‍ മറ്റൊരു ഭാഷായുദ്ധത്തിന് ഞങ്ങള്‍ (തമിഴ്‌നാട്) മടിക്കില്ല. സ്‌നേഹത്തെ വിലമതിക്കുന്നവരും ഭയപ്പെടലിന് ഒരിക്കലും കീഴടങ്ങാത്തവരുമാണ് തമിഴര്‍ എന്നും ഉദയനിധി സ്റ്റാലിന്‍ വ്യക്തമാക്കി.
Follow us on :
Tags:
More in Related News
Please select your location.