Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈവിധ്യമാർന്ന ആ​ഘോ​ഷ​ങ്ങ​ളി​ലൂ​ടെ ഖ​ത്ത​ർ ദേ​ശീ​യ ദി​ന ഉ​ത്സ​വ​ത്തി​ലേ​ക്ക്.

18 Dec 2024 04:24 IST

ISMAYIL THENINGAL

Share News :

ദോഹ: ഖത്തർ ദേശീയദിനം ഇന്ന്. ഐക്യത്തിന്റെയും പാരമ്പര്യത്തിന്റെയും ആഘോഷമാണ് ഖത്തറിന് ദേശീയദിനം. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറും. ദർബ് അൽ സായി, കത്താറ, മിഷെറിബ് ഡൗൺടൗൺ, 974 ബീച്ച്‌, ലുസൈൽ ബൗളെവാർഡ്, ദോഹ തുറമുഖം, ഏഷ്യൻ ടൗൺ തുടങ്ങി രാജ്യത്തുടനീളം വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ രാജ്യത്തെ പ്രധാന ഷോപ്പിങ് മാളുകളിലും ഒട്ടനവധി പരിപാടികൾ നടക്കും.


ഒരാഴ്ച മുമ്പ് തന്നെ ദേശീയദിനാഘോഷത്തിന്റെ സ്ഥിരം വേദിയായ ദർബ് അൽസാഇയിൽ ആഘോഷ പരിപാടികൾ തുടങ്ങിയിരുന്നു. എന്നാൽ കോർണിഷിൽ നടക്കേണ്ടിയിരുന്ന ദേശീയ ദിന പരേഡ് ഇത്തവണയും ഒഴിവാക്കിയിട്ടുണ്ട്. ദേശീയ ദിനാഘോഷത്തിന്റെ ഔദ്യോഗിക വേദിയായ ദർബ് അൽ സായിയിൽ ഈ മാസം 10ന് ആരംഭിച്ച പരിപാടികൾ ഡിസംബർ 18 വരെയാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും 3 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. 21 നാണ് സമാപിക്കുന്നത്. രാജ്യത്തിന്റെ ചരിത്രവും പാരമ്പര്യവും വിളിച്ചറിയിക്കുന്ന പരിപാടികളാണ് അവിടെ നടക്കുന്നത്. പരമ്പരാഗത നൃത്തങ്ങളും, സംഗീതവും ആസ്വാദകരെ ഏറെ ആകർഷിക്കുന്നുണ്ട്. കൂടാതെ അറേബ്യൻ പരമ്പരാഗത ഭക്ഷണസ്റ്റാളുകൾ ഒട്ടനവധി പേരാണ് സന്ദർശിക്കുന്നത്.

ലുസെയ്ൽ ബൗളെവാർഡിൽ വൈകിട്ട് 3 മണി മുതലാണ് ദേശീയ ദിനാഘോഷം. ഫിഫ ഇൻറർകോണ്ടിനെന്റൽ കപ്പ് ഫൈനൽ മത്സരം ഇവിടുത്തെ ഭീമൻ സ്ക്രീനിൽ ലൈവ് ആയി ആസ്വദിക്കാം.


ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്ത് രണ്ട് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. വാരാന്ത്യ അവധി കഴിഞ്ഞ് ഞായറാഴ്ചയാണ് ഇനി പ്രവൃത്തി ദിനം തുടങ്ങുക. അതേസമയം, ഖത്തർ നൽകുന്ന സുരക്ഷിതത്വത്തിനും അവസരങ്ങൾക്കും ആഘോഷവേളയിൽ നന്ദി പറയുകയാണ് പ്രവാസികൾ.

Follow us on :

More in Related News