Mon Apr 7, 2025 9:51 PM 1ST

Location  

Sign In

‘വഖഫ് ബില്ലിനെതിരെ പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളായി ജയിലിലടക്കും’: ബിഹാർ ഉപമുഖ്യമന്ത്രി

05 Apr 2025 11:07 IST

Shafeek cn

Share News :

പട്ന: വഖഫ് ബില്ലിനെതിരെ പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളായി കണക്കാക്കുകയും ജയിലിലടക്കുകയും ചെയ്യുമെന്ന് ബിഹാർ ഉപമുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ വിജയ് കുമാർ സിൻഹ. ‘വഖഫ് ഭേദഗതി ബിൽ അംഗീകരിക്കില്ലെന്ന് ഭീഷണിപ്പെടുത്തുന്നവർ ജയിലിൽ പോകേണ്ടിവരും. ഇത് പാകിസ്ഥാനല്ല, ഹിന്ദുസ്ഥാനാണ്. ഇവിടെ നരേന്ദ്ര മോദിയു​ടെ സർക്കാരാണ്. പാർലമെന്റിന്റെ ഇരുസഭകളിലും ബിൽ പാസാക്കി. ഇപ്പോഴും അത് അംഗീകരിക്കില്ലെന്ന് പറയുന്നവർ രാജ്യദ്രോഹികളാണ്. അത്തരക്കാരെ ഉടൻ അറസ്റ്റ് ചെയ്യണം’ –സിൻഹ പറഞ്ഞു.


അതേസമയം, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അടുത്ത അനുയായിയും എം.എൽ.സിയുമായ ജെഡി(യു) നേതാവ് ഗുലാം ഗൗസ് ബില്ലിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. ‘ആരോണോ കൊലയാളി, അയാളാണ് ഇപ്പോൾ ന്യായാധിപൻ. അപ്പോൾ നീതിക്കായി നമ്മൾ ആരെയാണ് സമീപിക്കുക? മുസ്‍ലിംങ്ങളുടെ ക്ഷേമമാണ് ബി.ജെ.പിയുടെ യഥാർഥ ലക്ഷ്യമെങ്കിൽ എന്തുകൊണ്ട് ജസ്റ്റിസ് രംഗനാഥ് മിശ്ര കമ്മീഷന്റെയും ജസ്റ്റിസ് ആർ സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെയും ശുപാർശകൾ നടപ്പാക്കുന്നില്ല?’ -ഗുലാം ഗൗസ് ചോദിച്ചു. മറ്റൊരു ജെ.ഡി (യു) നേതാവും മുൻ എം.പിയുമായ ഗുലാം റസൂൽ ബലിയാവിയും ബില്ലിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.


ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയിലെ മൂന്നാമത്തെ വലിയ ഘടകകക്ഷിയാണ് നിതീഷ് കുമാറിന്റെ ജെ.ഡി(യു). ഇവർ പാർലമെന്റിൽ വഖഫ് ബില്ലിനെ പിന്തുണച്ച് വോട്ടുചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് പാർട്ടി നേതാക്കളായ മുഹമ്മദ് ഖാസിം അൻസാരി, ന്യൂനപക്ഷ വിഭാഗം തലവൻ മുഹമ്മദ് അഷ്‌റഫ് അൻസാരി എന്നിവർ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന് കരുതിയ ലക്ഷക്കണക്കിന് മുസ്‍ലിംങ്ങളുടെ വിശ്വാസമാണ് ബില്ലിനെ പിന്തുണച്ചതിലൂടെ പാർട്ടി തകർത്തതെന്ന് പാർട്ടി പ്രസിഡന്റും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ്‍കുമാറിന് അയച്ച കത്തിൽ അൻസാരി ചൂണ്ടിക്കാട്ടി. ലോക്സഭയിൽ ലല്ലൻ സിങ് പ്രസംഗിച്ച രീതിയും ഈ ബില്ലിനെ പിന്തുണച്ച രീതിയും അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Follow us on :

More in Related News