Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Dec 2025 17:49 IST
Share News :
കടുത്തുരുത്തി: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന കുഷ്ഠരോഗ നിര്‍ണയ ഭവന സന്ദര്‍ശന യജ്ഞം 'അശ്വമേധം' ഏഴാം ഘട്ടം ജനുവരി ഏഴു മുതല്‍ 20 വരെ നടത്തും. ജില്ലയില്‍ യജ്ഞം ഊര്‍ജ്ജിതമായി നടത്താന്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
കുഷ്ഠരോഗം തിരിച്ചറിയാത്തതു മൂലം ചികിത്സ ലഭിക്കാതെ കഴിയുന്നവരെ കണ്ടെത്തി ചികിത്സ നല്‍കുകയാണ് ലക്ഷ്യം.
ആശാപ്രവര്‍ത്തകര്‍, പരിശീലനം ലഭിച്ച വോണ്ടിയര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയിലെ അഞ്ചരലക്ഷത്തിലധികം വരുന്ന വീടുകള്‍ സന്ദര്‍ശിച്ചു പരിശോധന നടത്തും. ഒരു ആശാ പ്രവര്‍ത്തകയും ഒരു വോണ്ടിയറും ചേര്‍ന്ന് ഒരു ദിവസം 21 വീടുകള്‍ സന്ദര്‍ശിക്കും.
മൂവായിരം വോളന്റിയര്‍മാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനം. സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കും.
കുഷ്ഠരോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ വിദഗ്ധചികിത്സ ലഭ്യമാക്കും. കുഷ്ഠരോഗത്തിന് എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും പൂര്‍ണമായും സൗജന്യ ചികിത്സ ലഭ്യമാണെന്ന് ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ. സി.ജെ. സിത്താര അറിയിച്ചു. ജില്ലയില്‍ ഈ വര്‍ഷം 23 പേരില്‍ കുഷ്ഠരോഗം കണ്ടെത്തിയതായും അവര്‍ പറഞ്ഞു.
തൊലിപ്പുറത്ത് കാണുന്ന നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകള്‍, തടിപ്പുകള്‍, കട്ടികൂടിയതും തിളക്കമുള്ളതുമായ ചര്‍മം, വേദനയില്ലാത്ത വ്രണങ്ങള്‍, കൈകാലുകളില്‍ മരവിപ്പ്, വൈകല്യങ്ങള്‍, കണ്ണടയ്ക്കാനുള്ള പ്രയാസം തുടങ്ങിയവ കുഷ്ഠരോഗ ലക്ഷണങ്ങള്‍ ആയേക്കാം. തുടക്കത്തില്‍ തന്നെ ചികിത്സ ആരംഭിച്ചാല്‍ വൈകല്യങ്ങള്‍ പൂര്‍ണമായും മാറ്റാന്‍ കഴിയും. ചികിത്സ ആരംഭിക്കുന്നതോടെ രോഗിയുടെ ശരീരത്തിലെ 90 ശതമാനം ബാക്ടീരിയകളും നശിക്കും. അതുകൊണ്ടുതന്നെ മറ്റുള്ളവരിലേക്ക് പകരുന്നത് തടയാനുമാകും. ഒരു വര്‍ഷം വരെയുള്ള ചികിത്സയിലൂടെ രോഗി പൂര്‍ണമായും സുഖം പ്രാപിക്കും.
ആരോഗ്യവകുപ്പും ദേശീയ ആരോഗ്യദൗത്യവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്‌കൂളുകള്‍ വഴി കുട്ടികള്‍ക്കിടയിലും ബോധവല്‍ക്കരണം നടത്തും.
ജില്ലാകളക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍. പ്രിയ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സി.ജെ. സിത്താര, ഡോ. അശ്വനി എന്നിവര്‍ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.