Tue Dec 12, 2023 10:56 PM 1ST

Location  

Sign In

‘സീത – ദി അവേക്കനിംഗ്’; സ്ത്രീത്വത്തിന്റെ കരുത്തും ആത്മാഭിമാനവും ഉയർത്തിപ്പിടിച്ച് മസ്‌കറ്റിൽ ശ്രദ്ധേയമായി നൃത്താവിഷ്കാരം

18 Oct 2026 21:11 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: രാമായണത്തിലെ സീതയെ ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമെന്ന പരമ്പരാഗത കാഴ്ചപ്പാടിൽനിന്ന് മാറി, ആത്മാഭിമാനവും സ്വത്വബോധവും നിലപാടുകളുമുള്ള സ്ത്രീയായി അവതരിപ്പിച്ച ‘സീത – ദി അവേക്കനിംഗ്: ദി വുമൺ ബിയോണ്ട് ദി എപിക്’ (SITA – The Awakening: The Woman Beyond the Epic) നൃത്താവിഷ്കാരം മസ്‌കറ്റിൽ ശ്രദ്ധേയമായി. അഹല്യ പെർഫോമിംഗ് ആർട്സ് മസ്‌കറ്റിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 16ന് കോളേജ് ഓഫ് ബാങ്കിംഗ് ആൻഡ് ഫിനാൻഷ്യൽ സ്റ്റഡീസ് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി.

നൃത്താധ്യാപികയും കലാസംവിധായികയുമായ സംഗീത ശ്രീജിത്തിന്റെ ആശയത്തിലും നൃത്തസംവിധാനത്തിലും സംവിധാനത്തിലും ഒരുക്കിയ അവതരണത്തിൽ 55 നർത്തകർ അണിനിരന്നു. സ്ത്രീയുടെ ആത്മബോധവും സ്വത്വവും നിശ്ശബ്ദമായ കരുത്തും കലയുടെ ഭാഷയിൽ അവതരിപ്പിച്ച നൃത്താവിഷ്കാരം ഇതിഹാസകഥയ്ക്ക് പുതിയൊരു കാഴ്ചപ്പാട് നൽകി.

സീതയുടെ ജനനം മുതൽ മിഥിലയിലെ ബാല്യകാലം, യൗവനം, ശ്രീരാമനുമായുള്ള വിവാഹം, വനവാസം, ജീവിതത്തിലെ പ്രതിസന്ധികൾ, അശോകവനത്തിലെ ഏകാന്തത, രാവണവധം, അയോധ്യയിലേക്കുള്ള മടക്കം തുടങ്ങിയ രാമായണത്തിലെ പ്രധാന സംഭവങ്ങൾ നൃത്തം, സംഗീതം, ആഖ്യാനം, ദൃശ്യാവിഷ്കാരം എന്നിവയിലൂടെ വേദിയിലെത്തി. സീതയുടെ മനസ്സിലെ ചിന്തകളും വികാരങ്ങളും ആത്മസംവാദങ്ങളായി അവതരിപ്പിച്ചതിലൂടെ സ്നേഹം, വിശ്വാസം, വേർപാട്, വേദന, പ്രതീക്ഷ, ആത്മാഭിമാനം തുടങ്ങിയ വികാരങ്ങൾക്ക് പുതിയ മാനുഷികതലം കൈവന്നു.

രാമായണത്തിലെ മറ്റു സ്ത്രീകഥാപാത്രങ്ങളായ കൈകേയി, മണ്ഡോദരി, ഊർമിള, ശൂർപ്പണഖ എന്നിവരുടെ ജീവിതവും അനുഭവങ്ങളും അവതരിപ്പിച്ച പ്രത്യേക നൃത്തഭാഗവും ശ്രദ്ധേയമായി. ഇതിഹാസത്തിന്റെ മുഖ്യധാരയിൽ പലപ്പോഴും വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോകുന്ന ഈ കഥാപാത്രങ്ങളുടെ വികാരങ്ങളും നിലപാടുകളും അവരുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിച്ചത് പരിപാടിക്ക് വേറിട്ട മാനം നൽകി.

പരമ്പരാഗത ഭാരതീയ നൃത്തകലയും ആധുനിക തിയേറ്റർ സാങ്കേതികവിദ്യയും സമന്വയിപ്പിച്ച അവതരണശൈലിയായിരുന്നു മറ്റൊരു സവിശേഷത. പശ്ചാത്തല സംഗീതം, ശബ്ദവിന്യാസം, പ്രകാശസംവിധാനം, വസ്ത്രാലങ്കാരം, ആഭരണങ്ങൾ, വിശാലമായ എൽഇഡി ദൃശ്യപശ്ചാത്തലം എന്നിവ ചേർന്ന് നൃത്താവിഷ്കാരത്തെ ദൃശ്യ-ശ്രാവ്യ സമ്പന്നമായ കലാനുഭവമാക്കി.

സുദീപ് പാലനാട് പശ്ചാത്തല സംഗീതത്തിനും സംഗീതാവിഷ്കാരത്തിനും സംഭാവന നൽകി. ജോമിൻ ജോസ് ആഖ്യാനരചനയും ശ്യാമ അർജുൻ ശബ്ദാവിഷ്കാരവും നിർവഹിച്ചു. സഞ്ജു ശേഖർ സാങ്കേതിക നിർമാണത്തിനും ഏകോപനത്തിനും നേതൃത്വം നൽകി. നീതു നിഖിൽ, സ്മൃതി മഹീന്ദ്രൻ എന്നിവർ വസ്ത്രരൂപകൽപ്പനയും പാറ്റേൺ നിർമാണവും നിർവഹിച്ചു. അനൂപ് സോമദത്തൻ കലാപരമായ അനുബന്ധ സാമഗ്രികളുടെയും അലങ്കാരങ്ങളുടെയും നിർമാണത്തിന് നേതൃത്വം നൽകി.

ഷാമി അനിൽകുമാർ ബാക്ക്‌സ്റ്റേജ് പിന്തുണയും രാജിബ നൗഷാദ് അവതരണവും അശ്വതി സിജോയ് മീഡിയ മാനേജ്‌മെന്റും നിർവഹിച്ചു. നാഷണൽ ഹൈ പീക്ക് എൽഎൽസി (NHP Events) പരിപാടിയുടെ ഇവന്റ് പാർട്ണറായി പ്രവർത്തിച്ചു.

കലാകാരന്മാർ, സാങ്കേതിക പ്രവർത്തകർ, രക്ഷിതാക്കൾ, സംഘാടകർ, സ്പോൺസർമാർ, അഭ്യുദയകാംക്ഷികൾ എന്നിവരുടെ കൂട്ടായ പരിശ്രമമാണ് പരിപാടിയുടെ വിജയത്തിന് പിന്നിൽ.

ഒരു ഇതിഹാസകഥയുടെ പുനരാവിഷ്കാരം എന്നതിലുപരി, സ്ത്രീയുടെ വ്യക്തിത്വത്തിന്റെയും ആത്മാഭിമാനത്തിന്റെയും സ്വാതന്ത്ര്യബോധത്തിന്റെയും പ്രസക്തി ഉയർത്തിപ്പിടിക്കുന്ന കലാപ്രകടനമായി ‘സീത – ദി അവേക്കനിംഗ്’ മാറി. നിശ്ശബ്ദതയ്ക്കുള്ളിലും കരുത്തുണ്ടെന്നും സഹനം ദൗർബല്യമല്ലെന്നും ഓർമിപ്പിച്ച അവതരണം മസ്‌കറ്റിലെ കലാസാംസ്കാരിക വേദിയിൽ വേറിട്ട അനുഭവമായി.

Follow us on :

More in Related News