Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Dec 2024 21:21 IST
Share News :
കോഴിക്കോട്: മണിയാർ ജലവൈദ്യുത പദ്ധതിയുടെ കരാർ കാർബൊറണ്ടം യൂണിവേഴ്സൽ കമ്പനിക്ക് നീട്ടി നൽകാനുള്ള സർക്കാർ നീക്കത്തിന് പിന്നിൽ വൻ അഴിമതിയുണ്ടെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും വൈദ്യുതി മന്ത്രിയെ നോക്കുകുത്തിയാക്കുകയാണെന്നും അവർ പറയുന്നിടത്ത് ഒപ്പിട്ടു കൊടുക്കുന്ന വൈദ്യുത മന്ത്രി ആ സ്ഥാനത്ത് തുടരണോയെന്നും ചെന്നിത്തല ചോദിച്ചു.
30 വർഷത്തേക്കുള്ള ബി.ഒ.ടി കരാറാണ് കാർബൊറാണ്ടം കമ്പനിക്ക് നൽകിയത്. കമ്പനി ധാരണാ പത്രം പാലിച്ചിട്ടില്ല. കെ.എസ്.ഇ.ബിക്ക് പദ്ധതി കൈമാറണം എന്ന് വൈദ്യുത ബോർഡ് നൽകിയ കത്തിന്റെ പകർപ്പുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. 30 വർഷം കഴിയുമ്പോൾ മണിയാർ പദ്ധതി സർക്കാരിന് കൈമാറണം എന്നാണ് ധാരണ. ഡിസംബർ 30ന് 30 വർഷം പൂർത്തിയാകും. 21 ദിവസം മുൻപ് ഇതിനു കമ്പനിക്ക് നോട്ടീസ് കൊടുക്കണം. ആ നോട്ടീസ് സർക്കാർ കൊടുത്തിട്ടില്ല.
വ്യവസായ മന്ത്രി സ്വകാര്യ കമ്പനിക്ക് കൊള്ള ലാഭം ഉണ്ടാക്കാൻ കൂട്ടുനിൽക്കുകയാണ്. കോടികളുടെ അഴിമതിയാണ് നടക്കുന്നത്. കമ്പനിയുമായുള്ള 91ലെ കരാറിൽ, കരാർ പുതുക്കി കൊടുക്കാം എന്ന് പറഞ്ഞിട്ടില്ല. വെള്ളപ്പൊക്കം ഉണ്ടായ സമയത്ത് ഒരു നാശനഷ്ടവും കമ്പനിക്ക് ഉണ്ടായിട്ടില്ല. നാശനഷ്ടം ഉണ്ടായെങ്കിൽ ഇൻഷുറൻസ് ഉണ്ടല്ലോ അത് ഈടാക്കാമല്ലോയെന്നും ചെന്നിത്തല ചോദിച്ചു.
നിസ്സാര വിലയ്ക്ക് 25 വർഷക്കാലം കേരളത്തിന് വൈദ്യുതി ലഭിക്കുമായിരുന്ന ദീർഘകാല കരാർ റദ്ദാക്കി പകരം അദാനിയിൽ നിന്നും മറ്റും കൊള്ളവിലയക്ക് വൈദ്യുതി വാങ്ങി ജനങ്ങളെ കൊള്ളയടിക്കുന്ന അതേ ശൈലി തന്നെയാണ് കാർബോറാണ്ടത്തിന്റ കാര്യത്തിലും നടപ്പാക്കുന്നത്.
കേരളത്തിൽ 12ഓളം ജല പദ്ധതികൾ പ്രവർത്തിക്കുന്നുണ്ട്. മണിയാറിൽ കരാർ നീട്ടികൊടുത്താൽ മറ്റുള്ളവർക്കും നീട്ടി കൊടുക്കേണ്ടി വരും. കാർബോറണ്ടത്തിന് കരാർ നീട്ടി നൽകുന്നതിനെ കെ.എസ്.ഇ.ബി ബോർഡ് ശക്തിയുക്തം എതിർത്തതാണ്. കെ.എസ്.ഇ.ബി ചെയർമാനും ചീഫ് എൻജിനീയറും ഊർജ്ജ സെക്രട്ടറിക്ക് നൽകിയിരുന്ന കത്തിൽ ഈ ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ എതിർപ്പിനെ മറികടന്നാണ് കാർബൊറാണ്ടത്തെ സഹായിക്കുന്നതിന് 25 വർഷത്തേക്ക് കരാർ നീട്ടി നൽകുന്നതെന്ന് ചെന്നിത്തല ആരോപിച്ചു.
Follow us on :
Tags:
More in Related News
Please select your location.