Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Apr 2024 18:37 IST
Share News :
ദോഹ: ഖത്തർ കെ.എം.സി.സി സംസ്ഥാന ഉപദേശ സമിതി ചെയർമാൻ, സാമൂഹ്യ സുരക്ഷാ പദ്ധതി പ്രഥമ ചെയർമാൻ,
തൃശ്ശൂർ ജില്ലാ പ്രസിഡന്റ്, തുടങ്ങി ഖത്തർ കെ.എം.സി.സി യുടെ വിവിധ പദവികളിൽ പതിറ്റാണ്ടുകൾ നേതൃത്വം പകർന്ന പി.എസ് മുഹമ്മദ് കുട്ടി ബാഖവിക്ക് കെ.എം.സി.സി ഖത്തർ തൃശൂർ ജില്ലാ കമ്മിറ്റിയുടെയും മണലൂർ മണ്ഡലം കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.
ഹൃസ്വ സന്ദർശനാർത്ഥം ഖത്തറിൽ എത്തിച്ചേർന്നതായിരുന്നു അദ്ദേഹം. തുമാമ കെ.എം.സി.സി ഹാളിൽ നടന്ന ചടങ്ങിൽ തൃശ്ശൂർ ജില്ലാ പ്രസിഡന്റ് എൻ.ടി നാസർ അക്ഷ്യക്ഷത വഹിച്ചു. മണലൂർ മണ്ഡലം ജനറൽ സെക്രട്ടറി യൂനസ് വാടാനപ്പള്ളി സ്വാഗതം ആശംസിച്ചു.
കെ.എം.സി.സി ഖത്തർ സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത് ഉത്ഘാടനം നിർവഹിച്ചു. സംഘടന പ്രവർത്തനം ഏറെ നിരീക്ഷിക്കപ്പെടുന്നതും പ്രയാസകരവുമായിരുന്ന കാലത്തിൽ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച ആത്മാർത്ഥമായ ഇവരുടെ പ്രവർത്തനങ്ങളിലൂടെ നേടിയെടുത്ത വിശ്വാസ്യതയാണ് ഇന്ന് നാം അനുഭവിക്കുന്ന സന്തുഷ്ടമായ സാഹചര്യങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
സംഘടന പ്രവർത്തനത്തിൽ പി.എസ് നൽകിയ മാതൃക മഹത്തരമായിരുന്നുവെന്നും ഉപദേശക സമിതി ചെയർമാനും സീനിയർ നേതാവുമായ ഷാഫി ഹാജി അഭിപ്രായപ്പെട്ടു.
സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ തുടക്ക കാലത്തിൽ പ്രഥമ ചെയർമാൻ പദവി ഏറ്റെടുത്ത് കൊണ്ട് അദ്ദേഹം കാണിച്ച മാതൃകയും ആർജ്ജവവുമാണ് പ്രസ്തുത പദ്ധതിയെ മുന്നോട്ട് നയിക്കാൻ ഊർജ്ജം പകർന്നതെന്ന് കെ.എം.സി.സി ഖത്തർ മുൻ പ്രസിഡന്റും ഉപദേശക സമിതി വൈസ് ചെയർമാനുമായ എസ്.എ.എം ബഷീർ സാഹിബ് പറഞ്ഞു. പദ്ധതിയുടെ തുടക്ക കാലം മുതൽ പ്രവാസത്തിൽ നിന്ന് വിരമിക്കുന്ന 2008 കാലം വരെ ചെയർമാനായി സേവനം അനുഷ്ഠിച്ചുവെന്നത് അദ്ദേഹം സംഘടനക്കും സ്നേഹ സുരക്ഷ സംവിധാനത്തിനും നൽകിയ സേവനത്തിന്റെ വലിയ ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലപാടുകളിൽ പി.എസ് കാണിച്ച നിഷ്കർഷതകളും സൂക്ഷ്മതയും സംഘടന പ്രവർത്തനങ്ങളിൽ എക്കാലവും മാതൃകയായിരുന്നുവെന്ന് കെ.എം.സി.സി ഖത്തർ ഉപദേശക സമിതി വൈസ് ചെയർമാനും മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അബ്ദുനാസർ നാച്ചി സദസ്സുമായി പങ്കുവച്ചു.
പി.എസ് പോലുള്ള നേതാക്കൾ ഉയർത്തിയ മഹത്തായ മൂല്യത്തിന്റെ പതാക വാഹകരായി നിലകൊള്ളുവാൻ സാധിച്ചുവെന്നത് അഭിമാനമാണെന്ന് കെഎംസിസി ഖത്തർ സ്റ്റേറ്റ് ട്രഷറർ പി.എസ്.എം ഹുസൈൻ പറഞ്ഞു. പ്രതിസന്ധികളെ ചർച്ചകളിലൂടെ രമ്യമായി പരിഹാരം കാണുവാനുള്ള അദ്ദേഹത്തിന്റെ പാണ്ഡിത്യം ഏറെ ആകർഷണീയമായിരുന്നുവെന്നും ഉപദേശക സമിതി അംഗവും സീനിയർ നേതാക്കളായ സി.വി ഖാലിദ്, മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് എ.വി.എ ബക്കർ ഹാജി എന്നിവർ അഭിപ്രായപ്പെട്ടു.
തൃശ്ശൂർ ജില്ല കമ്മിറ്റിയുടെ സ്നേഹോപഹാരം ജില്ലാ പ്രസിഡന്റ് എൻ.ടി നാസർ, ജനറൽ സെക്രട്ടറി നസീർ അഹ്മദ് എന്നിവർ ചേർന്നു കൈമാറി.
മണലൂർ മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് ഹാഷിം, ജനറൽ സെക്രട്ടറി യൂനസും ചേർന്നു കൈമാറി. ചൂണ്ടൽ പഞ്ചായത്തിന്റെ സ്നേഹോപഹാരം വൈസ് പ്രസിഡന്റുമാരായ അഡ്വ:ജാഫർ ഖാൻ, റാഫി പട്ടിക്കര എന്നിവർ ചേർന്നു കൈമാറി.
മുൻകാലങ്ങളിൽ സംഘടനക്കു വേണ്ടി ആത്മാർഥമായി പ്രയത്നിച്ചവരിൽ പ്രയാസങ്ങൾ അനുഭവിക്കുന്നവരെ സഹായിക്കാൻ സംഘടന മുന്നിട്ടിറങ്ങണമെന്ന് മറുപടി പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ആത്മാർത്ഥമായ പ്രവർത്തനങ്ങളിൽ അല്ലാഹുവിന്റെ സഹായം കൂടെയുണ്ടാകുമെന്നും , പ്രവർത്തനങ്ങളിൽ സൂക്ഷ്മത പുലർത്തണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
മണലൂർ മണ്ഡലം പ്രസിഡന്റ് ഹാഷിം, നീതി ഭദ്ര ലീഗൽ സെൽ ചെയർമാൻ അഡ്വ: ജാഫർ ഖാൻ, ഉപദേശക സമിതി അംഗങ്ങൾ ഹംസകുട്ടി, മുസ്തഫ എലത്തൂർ എന്നിവർ ആശംസകൾ നേർന്നു.
ഗ്രാമീണ പത്രപ്രവർത്തകനും അര നൂറ്റാണ്ടിലധികം ചന്ദ്രികയുടെ ചേറ്റുവ ലേഖകനും ഏജന്റുമായിരുന്ന വി. അബ്ദുവിന്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. തൃശ്ശൂർ ജില്ല ജനറൽ സെക്രട്ടറി നസീർ അഹ്മദ് നന്ദി രേഖപ്പെടുത്തി.
Follow us on :
Tags:
More in Related News
Please select your location.