Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 May 2026 02:57 IST
Share News :
മസ്‌കറ്റ്: മണ്ണറിഞ്ഞും പ്രകൃതിയെ സ്നേഹിച്ചും പ്രവാസലോകത്ത് കാർഷിക സംസ്കാരം പരിപോഷിപ്പിക്കുന്ന ഒമാൻ കൃഷിക്കൂട്ടത്തിന്റെ ഈ വർഷത്തെ വിളവെടുപ്പ് ഉത്സവം മേയ് 8-ന് വാദി കബീറിലെ മജാൻ ഹൈറ്റ്‌സിൽ അതിവിപുലമായി ആഘോഷിച്ചു.
കൃഷി സ്നേഹികളും പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്ത ചടങ്ങ് ഒമാൻ പ്രവാസികൾക്കിടയിൽ വേറിട്ടൊരു അനുഭവമായി മാറി.
അഡ്മിൻ പാനൽ അംഗമായ സന്തോഷ് വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ചലച്ചിത്ര-സീരിയൽ താരം വിനോദ് കോവൂർ മുഖ്യാതിഥിയായിരുന്നു.
ശ്രീജിത്ത് കുമരകം സ്വാഗതം നേർന്ന ചടങ്ങിൽ, സംഘടനയുടെ ഭാവി പ്രവർത്തനങ്ങളെയും ലക്ഷ്യങ്ങളെയും കുറിച്ച് അഡ്മിൻ പാനൽ അംഗമായ സുനി ശ്യാം വിശദീകരിച്ചു.
ഈ വർഷത്തെ ഒമാൻ കൃഷിക്കൂട്ടം 'പ്രകൃതിമിത്ര' പുരസ്കാരം ബിൻസി ജെയിംസിന് ലഭിച്ചു. മുഖ്യാതിഥി വിനോദ് കോവൂരിൽനിന്ന് ഫലകവും, പുരസ്കാര തുകയും ബിൻസി ഏറ്റുവാങ്ങി.
കഠിനാധ്വാനത്തിലൂടെ കൃഷിയിൽ മികച്ച നേട്ടം കൈവരിച്ച കർഷകർക്കായി വിവിധ വിഭാഗങ്ങളിൽ സംഘടിപ്പിച്ച മത്സര വിജയികളെയും ചടങ്ങിൽ ആദരിച്ചു.
പോട്ട് വിഭാഗത്തിൽ മസ്കറ്റിലെ സുമിത്ര സെൽവൻ ഒന്നാം സ്ഥാനവും, ബുറൈമിയിലെ സുനിത ഹരിദാസ് രണ്ടാം സ്ഥാനവും, സൊഹാറിലെ തോമസ് അലക്സാണ്ടർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പോട്ട് ആൻഡ് സോയിൽ വിഭാഗത്തിൽ സൊഹാറിലെ അനിത അനിൽകുമാർ ഒന്നാം സ്ഥാനവും, ബുറൈമിയിലെ ഷൈജുമോൻ റ്റി. റ്റി രണ്ടാം സ്ഥാനവും, മസ്കറ്റിലെ ശ്രീശൈല അരുൺ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സോയിൽ വിഭാഗത്തിൽ സൊഹാറിലെ സുനീദ ബീവി ഒന്നാം സ്ഥാനവും, മസ്കറ്റിലെ അരുൺകുമാർ വിജയൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
കൂടാതെ, ഈ വർഷത്തെ ഒമാൻ 'കർഷകശ്രീ' പുരസ്കാരം നേടിയ അനിത അനിൽകുമാറിന് പുരസ്കാരവും, ഷാഹി ഫുഡ്‌സ് സ്പോൺസർ ചെയ്ത 50,000 രൂപയുടെ പുരസ്കാരം സമ്മാനിച്ചു.
കാർഷികരംഗത്ത് മാതൃകകളായ മുതിർന്ന പൗരന്മാരായ കൃഷ്ണവേണി പ്രവീൺ, മല്ലിക സുകുമാരൻ, ജോൺ യോഹന്നാൻ, മോളി എബ്രഹാം എന്നിവരെ ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു. ബഹുമുഖ പ്രതിഭാ പുരസ്കാരത്തിന് ദിയാ നായർ അർഹയായി.
ഷാഹി ഫുഡ്‌സ് മാനേജിംഗ് ഡയറക്ടർ മുഹമ്മദ് അഷ്റഫ് ചടങ്ങിൽ ആശംസകൾ നേർന്നു. അഡ്മിൻ പാനൽ അംഗമായ രശ്മി സന്ദീപ് നന്ദിപ്രകാശനം നിർവഹിച്ചു.
ആഘോഷങ്ങൾക്ക് മാറ്റു കൂട്ടിക്കൊണ്ട് മലയാളം ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെയും സ്റ്റേജ് പ്രകടനങ്ങളിലൂടെയും ശ്രദ്ധേയയായ പിന്നണി ഗായിക രേഷ്മ രാഘവേന്ദ്ര, അനന്തപത്മനാഭൻ, സനീഷ് പി. സത്യൻ, ആർച്ച ശ്രീകുമാർ എന്നിവർ അവതരിപ്പിച്ച സംഗീതവിരുന്നും, കൃഷിക്കൂട്ടം അംഗങ്ങളുടെ വർണ്ണാഭമായ നൃത്തപ്രകടനങ്ങളും ചടങ്ങിന് ഉത്സവപ്രതീതിയേകി കാണികളെ ആവേശത്തിലാഴ്ത്തി.
Follow us on :
Tags:
More in Related News
Please select your location.