Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'പഴയ പരാമർശങ്ങൾ മറന്നു; വി ഡി സതീശനുമായി അഭിപ്രായവ്യത്യാസമില്ല', മന്നം ജയന്തി സമ്മേളനത്തിന് മുഖ്യമന്ത്രിയെ ക്ഷണിച്ചെന്ന് ജി. സുകുമാരൻ നായർ

13 Nov 2026 21:21 IST

CN Remya

Share News :

കോട്ടയം: മുഖ്യമന്ത്രി വി. ഡി. സതീശനുമായി നിലവിൽ അഭിപ്രായവ്യത്യാസങ്ങൾ ഒന്നുമില്ലെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മുൻകാലങ്ങളിൽ ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളും പരാമർശങ്ങളും മറന്നാണ് മുഖ്യമന്ത്രിയെ മന്നം ജയന്തി സമ്മേളനത്തിലേക്ക് ക്ഷണിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയെ നേരിട്ട് ഫോൺ വിളിച്ചാണ് സമ്മേളനം ഉദ്ഘാടനം ചെയ്യാൻ ക്ഷണിച്ചതെന്നും ക്ഷണം സ്വീകരിച്ച് ചടങ്ങിൽ പങ്കെടുക്കാമെന്ന് അദ്ദേഹം സമ്മതിച്ചതായും സുകുമാരൻ നായർ പറഞ്ഞു. ജനുവരി രണ്ടിന് പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്ത് നടക്കുന്ന മന്നം ജയന്തി സമ്മേളനമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുക. മന്ത്രി കെ. മുരളീധരനും ചടങ്ങിൽ പങ്കെടുക്കും. 

2021-ൽ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വി. ഡി. സതീശൻ നടത്തിയ പ്രസ്താവനയാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുമായുള്ള പരസ്യ തർക്കങ്ങളുടെ തുടക്കം. രാഷ്ട്രീയ നേതാക്കൾ സാമുദായിക നേതാക്കളുടെ 'തിണ്ണ നിരങ്ങാൻ' പോകരുതെന്നും, സമുദായ നേതാക്കൾ ഇരിക്കാൻ പറയുമ്പോൾ രാഷ്ട്രീയക്കാർ കിടക്കരുതെന്നുമുള്ള സതീശന്റെ പ്രസ്താവന സുകുമാരൻ നായരെ ചൊടിപ്പിച്ചു. മറ്റ് കോൺഗ്രസ് നേതാക്കളിൽ നിന്ന് വ്യത്യസ്തമായി സതീശൻ പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനം സന്ദർശിക്കാൻ തയ്യാറാകാതിരുന്നതും അകൽച്ച വർധിപ്പിച്ചു. 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഇരുവരും തമ്മിലുള്ള പോര് വീണ്ടും പരസ്യമായി. സമുദായ സംഘടനകൾ രാഷ്ട്രീയ പാർട്ടികളുടെ കാര്യങ്ങളിൽ ഇടപെടേണ്ടതില്ലെന്ന സതീശന്റെ നിലപാടിനെതിരെ സുകുമാരൻ നായർ രംഗത്തെത്തി. മുഖ്യമന്ത്രി വി.ഡി. സതീശനെ കാണാൻ രണ്ടുതവണ സമയം ചോദിച്ചിട്ടും അനുവദിച്ചില്ലെന്ന് ജി. സുകുമാരൻ നായർ ഇക്കഴിഞ്ഞ ജൂണിൽ ആരോപിച്ചിരുന്നു. സതീശനെ അഹങ്കാരിയെന്നും വിശേഷിപ്പിച്ചു. കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്നും ബജറ്റ് തിരക്കുകൾക്കിടയിൽ ഫോൺ എടുക്കാൻ സാധിക്കാതെ വന്നപ്പോൾ പിന്നീട് തിരിച്ചുവിളിച്ച് സൗഹാർദപരമായി സംസാരിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പിന്നീട് വിശദീകരിച്ചിരുന്നു.

മുൻകാലങ്ങളിൽ സതീശനും എൻ.എസ്.എസ് നേതൃത്വവും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ പെരുന്ന സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്. പഴയ വിഷയങ്ങൾ മറന്ന് മുഖ്യമന്ത്രിയെ ക്ഷണിച്ചതിലൂടെ എൻ.എസ്.എസ് നേതൃത്വവും സതീശനും തമ്മിലുള്ള ബന്ധത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കമാകുമെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്.

Follow us on :

More in Related News