Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുഞ്ഞുകൈകളിൽ വിലയുള്ള ജീവനുകൾ; ജീവൻരക്ഷാ പരിശീലനവുമായി ചിറമംഗലം എ.യു.പി. സ്കൂൾ : 'ഹൃദയതാളം' പദ്ധതിക്ക് തുടക്കമായി

13 Nov 2026 17:01 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : പ്രഥമശുശ്രൂഷയിലും അടിയന്തര ജീവൻരക്ഷാ പ്രവർത്തനങ്ങളിലും വിദ്യാർഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ചിറമംഗലം എ.യു.പി. സ്കൂൾ ആവിഷ്കരിച്ച 'ഹൃദയതാളം' സ്കൂൾതല പ്രഥമശുശ്രൂഷാ-അടിയന്തര ജീവൻരക്ഷാ പരിശീലന പദ്ധതിക്ക് തുടക്കമായി. 'കുഞ്ഞുകൈകളിൽ വിലയുള്ള ജീവനുകൾ' എന്ന സന്ദേശമുയർത്തി നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.


കുട്ടികളിൽ പ്രഥമശുശ്രൂഷയെക്കുറിച്ചുള്ള ശാസ്ത്രീയ അവബോധം വളർത്തുന്നതിനും അപകടങ്ങളും ആരോഗ്യ അടിയന്തരാവസ്ഥകളും ഉണ്ടാകുമ്പോൾ പരിഭ്രാന്തരാകാതെ കൃത്യമായി പ്രതികരിക്കാനുള്ള ശേഷി വികസിപ്പിക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. പാഠപുസ്തകങ്ങളിലെ ആരോഗ്യവിദ്യാഭ്യാസ-ശാസ്ത്രപാഠങ്ങളിലെ അറിവുകളെ പ്രായോഗിക പരിശീലനവുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതിയുടെ പ്രത്യേകത.


ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപിക സന്ധ്യ പി.കെ. സ്വാഗതം ആശംസിച്ചു. പി.ടി.എ. പ്രസിഡന്റ് നീതു ടി ഷിബിൻ അധ്യക്ഷത വഹിച്ചു. പദ്ധതി കോർഡിനേറ്ററൂം ഫസ്റ്റ് എയിഡ് പരിശീലകനു അറബി അധ്യാപകനുമായ അനസ് മാഷ് പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രവർത്തനരീതികളും വിശദീകരിച്ചു.

 കൗൺസിലർ ഉണ്ണികൃഷ്ണൻ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു ലോഗോ എ.ഇ.ഒ. ബിന്ദു ടീച്ചർ, BPC സിദീഖ് മൂന്നിയൂർ ചേർന്ന് ഏറ്റ് വാങ്ങി


കൗൺസിലർ മനോജ് പി.കെ., എ.ഇ.ഒ. ബിന്ദു ടീച്ചർ ബി.പി.ഒ. റസാഖ് മുന്നിയൂർ ടിച്ചുമാരായ മിനി ആൻഡ്രൂസ് അനൂജ് പി കെ ഡോ. ധന്യ ടി.കെ. റൈഹാനത്ത് എം ടി എ പ്രസിഡണ് എന്നിവർ ആശംസകൾ നേർന്നു. ശ്രുതി ടിച്ചർ നന്ദി രേഖപ്പെടുത്തി.

2026–27 അധ്യയന വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. യു.പി. വിഭാഗത്തിലെ വിദ്യാർഥികൾക്ക് ഘട്ടംഘട്ടമായി പ്രഥമശുശ്രൂഷയിലും ജീവൻരക്ഷാ നടപടികളിലും പരിശീലനം നൽകും. CPR (ഹൃദയ-ശ്വാസ പുനരുജ്ജീവന പ്രക്രിയ), ശ്വാസതടസ്സം നേരിടുമ്പോഴുള്ള പ്രഥമശുശ്രൂഷ, രക്തസ്രാവ നിയന്ത്രണം, മുറിവുകൾ, പൊള്ളൽ, അസ്ഥി ഒടിവുകൾ, പാമ്പുകടി, അപസ്മാരം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട ശാസ്ത്രീയമായ നടപടികൾ എന്നിവ പരിശീലനത്തിൽ ഉൾപ്പെടുത്തും.


പദ്ധതിയുടെ ഭാഗമായി ഓരോ ക്ലാസിൽനിന്നും താൽപര്യവും അഭിരുചിയുമുള്ള വിദ്യാർഥികളെ തിരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നൽകി 'സ്റ്റുഡന്റ് മാസ്റ്റർ ട്രെയിനർമാരായി' വളർത്തും. ഇവർ അധ്യാപകരുടെയും വിദഗ്ധ പരിശീലകരുടെയും മേൽനോട്ടത്തിൽ സഹപാഠികൾക്ക് പരിശീലനം നൽകുന്ന പിയർ ലേണിംഗ് രീതിയും നടപ്പിലാക്കും.


പദ്ധതിയുടെ മറ്റൊരു പ്രധാന സവിശേഷത വിദ്യാർഥികളിലൂടെ കുടുംബങ്ങളിലേക്കും പൊതുസമൂഹത്തിലേക്കും ജീവൻരക്ഷാ അറിവുകൾ എത്തിക്കുക എന്നതാണ്. ഇതിനായി രക്ഷിതാക്കൾക്കും പ്രത്യേക പരിശീലന ശിൽപശാലകൾ സംഘടിപ്പിക്കും. പ്രഥമശുശ്രൂഷയെക്കുറിച്ചുള്ള പൊതുജനങ്ങളുടെ അറിവ് വിലയിരുത്തുന്നതിനായി സർവേ നടത്തുകയും പരിശീലനത്തിനു മുമ്പും ശേഷവുമുള്ള അറിവിന്റെ നിലവാരം താരതമ്യം ചെയ്ത് പദ്ധതിയുടെ ഫലപ്രാപ്തി വിലയിരുത്തുകയും ചെയ്യും.


അധ്യാപകരുടെ മേൽനോട്ടത്തിൽ സ്കൂൾതല വിദ്യാർഥി സുരക്ഷാസേന രൂപീകരിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. പരിശീലനത്തിനും വിലയിരുത്തലിനും ആവശ്യമായ CPR മാനിക്കിനുകൾ, പ്രഥമശുശ്രൂഷാ കിറ്റുകൾ, മറ്റ് പരിശീലന സാമഗ്രികൾ എന്നിവയും ഉപയോഗപ്പെടുത്തും.


പ്രഥമശുശ്രൂഷാ പരിശീലനം മുതിർന്നവരിൽ മാത്രം ഒതുങ്ങേണ്ട ഒന്നല്ലെന്നും കുട്ടിക്കാലം മുതൽ ജീവൻരക്ഷാ അറിവുകൾ പകർന്നുനൽകേണ്ടത് സാമൂഹിക ഉത്തരവാദിത്തമാണെന്നും പദ്ധതി മുന്നോട്ടുവെക്കുന്നു. അറിവുള്ള ഒരു കുട്ടിക്ക് ഒരു കുടുംബത്തിന്റെയും അതിലൂടെ ഒരു സമൂഹത്തിന്റെയും സുരക്ഷയിൽ നിർണായക പങ്കുവഹിക്കാനാകുമെന്ന സന്ദേശമാണ് 'ഹൃദയതാളം' പങ്കുവെക്കുന്നത്.


'അറിവിലൂടെ സുരക്ഷയിലേക്ക്... പരിശീലനത്തിലൂടെ ജീവൻരക്ഷയിലേക്ക്...' എന്ന സന്ദേശവുമായി ചിറമംഗലം എ.യു.പി. സ്കൂളിന്റെ ഈ മാതൃകാപരമായ വിദ്യാഭ്യാസ ഇടപെടൽ പുതിയൊരു സാമൂഹിക മുന്നേറ്റത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.

ഇത്തരം പരിശീലനങ്ങൾ കേവലം സ്കൂളിൽ മാത്രം ഒതുക്കി നിർത്താതെ പരപ്പനങ്ങാടി സബ് ജില്ലയിലെ മുഴുവൻ സ്കൂളുകളിലേക്കും വ്യാപിപ്പിക്കേണ്ടതാണെന്നു അസിസ്റ്റൻറ് എജുക്കേഷൻ ഓഫീസറും ബ്ലോക്ക് പ്രോജക്ട് കോഡിനേറ്ററും അഭിപ്രായപ്പെടുകയും അതിനുള്ള പൂർണ്ണ പിന്തുണ ഉറപ്പു നൽകുകയും ചെയ്തു

Follow us on :

More in Related News