Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏങ്ങണ്ടിയൂര്‍ പഞ്ചായത്തില്‍ ഉപ്പുവെള്ളം കയറുന്ന പ്രശ്നത്തിന് പരിഹാരമായി..

13 Nov 2026 23:10 IST

MUKUNDAN

Share News :

ചാവക്കാട്:ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തിലെ ഉപ്പുവെള്ള ഭീഷണിക്ക് പരിഹാരമായി മീന്‍കടവ്,അണ്ടാരത്തോട് സ്ലൂയിസുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.ഉദ്ഘാടനം നവംബര്‍ 27-ന് നടത്താന്‍ തീരുമാനമായി.എന്‍.കെ.അക്ബര്‍ എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഗുരുവായൂര്‍ നിയോജക മണ്ഡലം പൊതുമരാമത്ത് മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.എംഎല്‍എയുടെ ആസ്തി വികസനഫണ്ടില്‍ നിന്നും 1.06 കോടി രൂപ ചെലവഴിച്ചാണ് സ്ലൂയിസുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ചാവക്കാട് മുതല്‍ ഒറ്റതെങ്ങ് വരെയുള്ള നാഷണല്‍ ഹൈവേ - 66 ബൈലൈന്‍ റോഡ് നവീകരണം ആരംഭിച്ചതായി പൊതുമരാമത്ത് സ്റ്റേറ്റ് എന്‍.എച്ച് വിഭാഗം യോഗത്തെ അറിയിച്ചു. ചിങ്ങനാത്ത് കടവ് പാലം അപ്രോച്ച് റോഡ് നിര്‍മ്മാണപ്രവര്‍ത്തിക്ക് സ്ഥല ഉടമകള്‍ക്ക് നഷ്ടപരിഹാര തുക വിതരണം പൂര്‍ത്തിയായി വരുന്നതായും ഈ മാസം 19 നകം നിര്‍മ്മാണത്തിനായി കെ.ആര്‍.എഫ്.ബിക്ക് സ്ഥലം കൈമാറി നല്‍കുമെന്നും സ്പെഷല്‍ തഹസില്‍ദാര്‍ അറിയിച്ചു. 4.75 കോടി രൂപ ചെലവിലുള്ള പുന്നയൂര്‍ക്കുളം കടല്‍ഭിത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച് വരുന്നതായും പുന്നയൂര്‍ക്കുളത്തെ ബാക്കി പ്രദേശത്തേക്ക് കടല്‍ഭിത്തി നിര്‍മ്മിക്കുന്ന പ്രവര്‍ത്തിയുടെ അനുമതിക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കിയതായും ജലസേചനവകുപ്പ് അസി.എക്സി.എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു. കനോലി കനാലിന്‍റെ സര്‍വ്വേ നടപടികള്‍ ആരംഭിച്ചതായും ഒരുമനയൂര്‍ ഗ്രാമപഞ്ചായത്തിലെ ചേറ്റുവകായല്‍ സംരക്ഷണ പ്രവര്‍ത്തി, ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തിലെ ആയിരംകണ്ണി – മീന്‍കടവ് സൈഡ് പ്രൊട്ടക്ഷന്‍ പ്രവര്‍ത്തി, കടപ്പുറം പഞ്ചായത്തില്‍ കടലേറ്റം തടയുന്നതിന് സൈഡ് ഭിത്തി, മുനക്കകടവ് പ്രദേശത്ത് കായല്‍ സംരക്ഷണ പ്രവര്‍ത്തികള്‍ എന്നിവ പൂര്‍ത്തീകരണ ഘട്ടത്തിലാണെന്ന് ജലസേചനവകുപ്പ് അസി.എക്സി.എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു. ചേറ്റുവയില്‍ ബോട്ട് ജെട്ടി നിര്‍മ്മാണത്തിനായി 95 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം.എല്‍.എ യോഗത്തെ അറിയിച്ചു. അടിയന്തിരമായി ടെണ്ടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ഇറിഗേഷന്‍ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി. ഗുരുവായൂര്‍ കെഎസ്ആര്‍ടി.സി ഡിപ്പോ, യു.പി സ്ക്കൂള്‍ ഗുരുവായൂര്‍, ഗുരുവായൂര്‍ ആയുര്‍വ്വേദ ആശുപത്രി, പുന്നയൂര്‍ സ്ക്കൂള്‍, ചാവക്കാട് വെറ്റിനറി ആശുപത്രി എന്നിവയുടെ നിര്‍മ്മാണം നടന്നുവരുന്നതായും കെട്ടിട വിഭാഗം അസി.എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു. പൂക്കോട് ഹെല്‍ത്ത് സെന്‍ററിലെ പഴയ കെട്ടിടം പൊളിച്ച് നീക്കം ചെയ്യുന്ന നടപടി നടന്നുവരുന്നതായും അസി.എഞ്ചിനീയര്‍ എം.എല്‍.എയെ അറിയിച്ചു. ചേറ്റുവ ഹാര്‍ബര്‍, മുനക്കക്കടവ് ഫിഷ് ലാന്‍റിംഗ് സെന്‍റര്‍ എന്നിവയിലെ പ്രവര്‍ത്തികള്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് അസി. എക്സി എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു. തീരദേശ റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെട്ട വാക്കയില്‍ റോഡ്, ചെഗുവേര റോഡ്, കടാമ്പുള്ളി റോഡ് എന്നിവയുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് അസി. എക്സി എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു. മണ്ഡലത്തിലെ റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ,ഇറിഗേഷന്‍ പദ്ധതികള്‍, വാട്ടര്‍ അതോറിറ്റി പദ്ധതികള്‍, ഹാർബർ പ്രവര്‍ത്തികള്‍ തുടങ്ങിയവയുടെ പുരോഗതി യോഗം വിലയിരുത്തി.ചാവക്കാട് റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് റോഡ്സ് എക്സി.എഞ്ചിനീയർ പ്രമോദ്,അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്‍.വി.ആന്‍റണി,കെട്ടിട വിഭാഗം അസി.എക്സി.എഞ്ചിനീയര്‍ ബീന,ഹാര്‍ബര്‍ എഞ്ചിനീയറിംഗ് അസി.എക്സി എഞ്ചിനീയര്‍ എം.കെ.സജീവന്‍,വാട്ടര്‍ അതോറിറ്റി,അഡീഷണല്‍ ഇറിഗേഷന്‍,മൈനര്‍ ഇറിഗേഷന്‍,പൊതുമരാമത്ത് റോഡ്,കെട്ടിടം പാലം വിഭാഗങ്ങള്‍,വാട്ടര്‍ അതോറിറ്റി,കെ.ആര്‍.എഫ്.ബി,തുടങ്ങിയ വകുപ്പിലെ അസി.എഞ്ചിനീയര്‍മാര്‍,ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Follow us on :

More in Related News