Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Sep 2024 18:00 IST
Share News :
ദോഹ: ലഹരിക്കടത്ത് കേസുകളിൽ നൂറിലേറെ ഇന്ത്യക്കാർ ഖത്തറിലെ ജയിലുകളിൽ തടവുശിക്ഷ അനുഭവിക്കുന്നുണ്ടെന്ന് ഇന്ത്യൻ എംബസി. ഇവരിൽ 12 ഓളം പേർ സ്ത്രീകളാണെന്നും അംബാസഡർ വിപുൽ പറഞ്ഞു. പലരും അറിവില്ലായ്മ മൂലവും ചതിയിൽപ്പെട്ടുമാണ് കേസിൽ കുടുങ്ങിയത്. ഇക്കാര്യത്തിൽ
ബോധവത്കരണത്തിനായി എംബസിയും അപെക്‌സ് ബോഡിയായ ഐ.സി.ബി.എഫും ചേർന്ന് സംഘടിപ്പിച്ച സെമിനാരിൽ സംസാരിക്കുകയായിരുന്നു അംബാസഡർ.
ഖത്തറിൽ മരുന്നുകൾ കൊണ്ടുവരുന്നതിന് കർശന നിയന്ത്രണങ്ങളുണ്ട്. ഡോക്ടറുടെ കുറിപ്പോടെ മാത്രമേ മരുന്നുകൾ കൊണ്ടുവരാൻ പാടുള്ളൂ. ഒരു മാസത്തേക്കുള്ള മരുന്നുകൾക്ക് നാട്ടിലെ ഡോക്ടറുടെ കുറിപ്പും, അതിലധികമുള്ളതിന് ഖത്തറിലെ ഡോക്ടറുടെ കുറിപ്പും ആവശ്യമാണ്. ജയിലിൽ ഉള്ളവരിൽ ചിലർ ഇത്തരം നിരോധിത മരുന്നുകൾ രാജ്യത്തേക്ക് കടത്തിയതിന്റെ പേരിൽ അറസ്റ്റിലായവരാണ്.
ഖത്തറിൽ നിരോധനമുള്ള വസ്തുക്കളുടെ കൃത്യമായ ധാരണയില്ലാത്തതാണ് പലരും കേസുകളിൽ കുടുങ്ങാൻ കാരണം. ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകളും ആയുർവ്വേദ മരുന്നുകളും കൊണ്ടുവരുന്നവരും നിയമ നടപടി നേരിടേണ്ടിവരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കൃത്യമായ ബോധവത്കരണം ലക്ഷ്യമിട്ട് ഇന്ത്യൻ എംബസി ഐ.സി.ബി.എഫിന്റെ സഹകരണത്തോടെ സെമിനാർ സംഘടിപ്പിച്ചത്.
നിലവിൽ നൂറിലേറെ ഇന്ത്യക്കാർ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ഖത്തറിൽ ജയിലിലുണ്ട്. ഖത്തറിൽ നിരോധനമുള്ള മരുന്നുകളുടെ പട്ടിക ഖത്തർ ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഖത്തറിലെ പ്രവാസികൾക്കിടയിൽ ഇതേ കുറിച്ച് ധാരണയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങൾ വഴിയെത്തുന്ന യാത്രക്കാർ ലഹരിക്കടത്തു കേസുകളിൽ പിടികൂടുന്നത് വർധിച്ചതായും, ഇതിനെതിരെ പ്രവാസി സമൂഹവും മാധ്യമങ്ങളും സാമൂഹിക പ്രവർത്തകരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഓൺലൈൻ വഴി നാട്ടിൽ നിന്നുള്ള മാധ്യമപ്രവർത്തകർക്കും പൊതുപ്രവർത്തകർക്കും സെമിനാറിൽ പങ്കെടുക്കാൻ സൗകര്യമൊരുക്കിയിരുന്നു.
അറിഞ്ഞോ അറിയാതെയോ ലഹരിക്കടത്തിൻ്റെ ഭാഗമാവരുതെന്നും, സ്വദേശത്തും ഗൾഫ് നാടുകളിലുമുള്ള പ്രവാസികൾക്കിടയിലേക്ക് വിവിധ ബോധവൽക്കരണ പരിപാടികളിലൂടെ സന്ദേശം എത്തിക്കണമെന്നും ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ പറഞ്ഞു.ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഇഷ് സിംഗാൾ, എംബസി ലേബർ ഓഫിസർ ജയ ഗണേഷ്, ഐ.സി.സി പ്രസിഡൻ്റ് എ.പി. മണികണ്ഠൻ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, സെറീന അഹദ്, അപ്പക്സ് ബോഡി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, മുൻ ഭാരവാഹികൾ, വിവിധ സംഘടന പ്രതിനിധികൾ, സാ മൂഹിക പ്രവർത്തകർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി ബോബൻ വർക്കി സ്വാഗതവും, വൈസ് പ്രസിഡന്‍റ് ദീപ ഷെട്ടി നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.