Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാലര വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്: നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ നടപടി വൈകുന്നതായി ആരോപണം

26 Jun 2024 12:53 IST

Shafeek cn

Share News :

കോഴിക്കോട്: നാലര വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ നടപടി വൈകുന്നതായി ആരോപണം. കേസിലെ കുട്ടിയുടെ ബന്ധു കൊമ്മേരി സ്വദേശി സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹേബ്, കമ്മിഷണര്‍ രാജ്പാല്‍ മീണ എന്നിവര്‍ക്കു പരാതി നല്‍കി.


അതേസമയം, കേസില്‍ കസബ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകുന്നതില്‍ ജുവനൈല്‍ പൊലീസ് ഡിവൈഎസ്പിയോടു ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതി വിദേശത്തേക്കു രക്ഷപ്പെടാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ കസബ പൊലീസ് കേസെടുത്തെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. പെണ്‍കുട്ടിക്കും ബന്ധുക്കള്‍ക്കും ഭീഷണിയുണ്ടെന്നും അത് ഭയന്നു കുട്ടിയെ സ്‌കൂളില്‍ അയയ്ക്കുന്നില്ലെന്നും ബന്ധുവിന്റെ പരാതിയില്‍ പറയുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തി ഉടനെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.


നാലര വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ചൈല്‍ഡ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കഴിഞ്ഞ 8 നാണ് കസബ പൊലീസ് കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ പോക്‌സോ കേസെടുത്തത്. തുടര്‍ന്നു കുട്ടിയെ പൊലീസ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു കൈമാറി. പിന്നീട് കുട്ടിയുടെ സംരക്ഷണാവകാശം ബന്ധുവായ സ്ത്രീക്കു കൈമാറി. സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചക്കകം നല്‍കണമെന്ന് സിഡബ്ല്യുസി കസബ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുവരെയും നല്‍കാത്ത സാഹചര്യത്തിലാണ് ജുവനൈല്‍ പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

Follow us on :

More in Related News