Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എൻഐടിയിലെ ദ്വിദിന ശാസ്ത്രസംഗമം സമാപിച്ചു; ഇന്ത്യ–ജപ്പാൻ സഹകരണം ശ്രദ്ധേയമായി

11 Oct 2025 19:19 IST

Basheer Puthukkudi

Share News :

കുന്ദമംഗലം: ഇന്ത്യയും ജപ്പാനും തമ്മിലുള്ള ശാസ്ത്രീയ സഹകരണം ശക്തിപ്പെടുത്തുന്നതിനായി എൻഐടി കാലിക്കറ്റിൽ സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര ശാസ്ത്രസമ്മേളനം സമാപിച്ചു. ജൈവ–വൈദ്യശാസ്ത്രം, സാമ്പത്തിക സുരക്ഷ, ഊർജതന്ത്രം തുടങ്ങി വിവിധ മേഖലകളിലെ ഗവേഷണങ്ങൾ സംബന്ധിച്ച പ്രഭാഷണങ്ങളാണ് സമ്മേളനത്തിൽ നടന്ന് ശ്രദ്ധേയമായത്.


മൊത്തം 317 വിദഗ്ധർ പങ്കെടുത്ത സമ്മേളനം പുതിയ സഹകരണ ഗവേഷണ പദ്ധതികൾക്ക് വാതിലൊരുക്കിയതായി സംഘാടകർ അറിയിച്ചു. രണ്ടാം ദിവസത്തെ സെഷനുകൾക്ക് പ്രൊഫ. ദർശക് ത്രിവേദി, പ്രൊഫ. ദിനേശ് രംഗപ്പ, പ്രൊഫ. ഉത്പൽ ബോറ, പ്രൊഫ. ഭബാനി പ്രസാദ് മണ്ഡൽ എന്നിവർ അധ്യക്ഷത വഹിച്ചു.


ഐസിഎആർ-ഐഐഎസ്ആറിലെ ഡോ. ഷീജ ടി.ഇ., ക്യുഷു യൂണിവേഴ്സിറ്റിയിലെ പ്രൊഫ. മാക്കോ നകാമുറ, ടോക്കിയോ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. വാരിസാവ ഷിനിച്ചി, എം.ജി. സർവകലാശാലയിലെ പ്രൊഫ. നന്ദകുമാർ കളരിക്കൽ, ഐഐഎസ്‌സി ബെംഗളൂരുവിലെ പ്രൊഫ. കൗശിക് ചാറ്റർജി, പ്രൊഫ. തത്സുയുകി യമമോട്ടോ (ഷിമാനെ യൂണിവേഴ്സിറ്റി) എന്നിവരുള്‍പ്പെടെ പ്രമുഖർ വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടത്തി. യുവ ഗവേഷകർ അവതരിപ്പിച്ച പോസ്റ്റർ സെഷനും ശ്രദ്ധേയമായി.


എൻഐടി ബയോസയൻസ് ആൻഡ് എൻജിനിയറിങ് വിഭാഗം മേധാവി ഡോ. ബൈജു ജി. നായരുടെ നേതൃത്വത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്. സമ്മേളനം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിൽ നിർണായക പങ്കുവഹിച്ച അദ്ദേഹത്തിന്റെ ആസൂത്രണത്തെയും അക്കാദമിക് ദീർഘവീക്ഷണത്തെയും പങ്കെടുത്ത പ്രതിനിധികൾ പ്രശംസിച്ചു.


2019-ലെ രസതന്ത്ര നൊബേൽ ജേതാവ് പ്രൊഫ. യോഷിനോ അകിരയാണ് വെള്ളിയാഴ്ച സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഇന്ത്യൻ ജെഎസ്പിഎസ് പൂർവവിദ്യാർത്ഥി സംഘടനയും (IJAA) എൻഐടി കാലിക്കറ്റും ചേർന്ന്, കേന്ദ്ര സർക്കാരിന്റെ അനുശന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷന്റെ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിച്ചത്.



Follow us on :

More in Related News